ന്യൂഡൽഹി: അറിയാതെ തൊട്ടു എന്ന കാരണത്താൽ സഹയാത്രികന്റെ മർദനമേറ്റ ഭിന്നശേഷിക്കാനായ ഹുസൈൻ എന്നയാളെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം. വെള്ളിയാഴ്ച മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഇൻഡിഗോ 6E138 വിമാനത്തിലായിരുന്നു സംഭവം. അടിയേറ്റയാൾക്ക് പാനിക്ക് അറ്റാക്കുണ്ടായതിനെ തുടർന്ന് ആകാശമധ്യേ വിമാനത്തിനകത്ത് പ്രക്ഷുബ്ധ രംഗങ്ങൾ അരങ്ങേറിയിരുന്നു.
എന്തിനാണ് അയാളെ അടിച്ചതെന്ന് മറ്റൊരു യാത്രക്കാരൻ ചോദ്യം ചെയ്തു. ജീവനക്കാർ സാഹചര്യം ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അടിയേറ്റയാൾക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. തുടർന്ന് മർദിച്ച യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയുമുണ്ടായി. വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ അക്രമിയെ അധികൃതർക്ക് കൈമാറിയതായി ഇൻഡിഗോ അറിയിച്ചു.
ആ സംഭവത്തിന്റെ വിഡിയോയിൽ നിന്നാണ് അസമിലെ കാച്ചർ ജില്ലയിൽ നിന്നുള്ള 32കാരനായ ഹുസൈൻ അഹമ്മദ് മജുംദാർ ആണ് ആ വ്യക്തിയെന്ന് തിരിച്ചറിഞ്ഞത്. മുംബൈയിൽനിന്ന് കൊൽക്കത്ത വഴി സിൽച്ചാറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് ആക്രമണം നേരിടേണ്ടി വന്നത്. തുടർന്ന് ശാരീരിക പ്രതികരണങ്ങളാൽ തീവ്രമായ ഭയം മൂലമുള്ള പാനിക് അറ്റാക്ക് സംഭവിച്ചു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ രണ്ട് ജീവനക്കാർ അദ്ദേഹത്തെ സഹായിക്കുന്നത് ഒരു വിഡിയോയിൽ കാണാം. വിമാനം കൊൽക്കത്തയിൽ ലാൻഡ് ചെയ്തപ്പോൾ അക്രമിയെ കസ്റ്റഡിയിലെടുത്തു.
അതേസമയം, ഹുസൈൻ സിൽച്ചാറിൽ എത്താത്തത് കുടുംബത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം എത്തിയിട്ടില്ലെന്നും ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആണെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുംബൈയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മുമ്പും ഇതേ റൂട്ടിൽ പലതവണ വീട്ടിലേക്ക് വന്നിട്ടുണ്ടെന്ന് കുടുംബം പറയുന്നു.
ചില കുടുംബാംഗങ്ങൾ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ സ്വീകരിക്കാൻ സിൽച്ചാർ വിമാനത്താവളത്തിൽ എത്തിയിരുന്നുവെങ്കിലും ആക്രമണ സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷേ, അദ്ദേഹം അവിടെ എത്തിയില്ല. പിന്നീട്, വൈറലായ ആക്രമണ വിഡിയോയിൽ നിന്ന് അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് അബ്ദുൾ മന്നാൻ മജുംദാർ പറഞ്ഞു.
ഇൻഡിഗോക്കോ വിമാനത്താവള അധികൃതർക്കോ അദ്ദേഹം എവിടെയാണെന്ന് ഒരു വിവരവും നൽകാൻ കഴിഞ്ഞില്ലെന്ന് കുടുംബം പറഞ്ഞു. വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരെയും അവർ അറിയിച്ചിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തു. പ്രാദേശിക ഉദർബോണ്ട് പൊലീസ് സ്റ്റേഷനിലും കാണാതായ പരാതി നൽകി.
समाज पूरी तरह सड़ चूका है pic.twitter.com/l03axtIqSc
— Adil siddiqui (azmi) (@adilsiddiqui7) August 1, 2025
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.