ടെസ്‌ല സൂപ്പർചാർജർ സ്റ്റേഷൻ (ഫയൽ ചിത്രം)

ഇലക്ട്രിക് വാഹന വിപണിയിൽ മേധാവിത്വം ഉറപ്പിക്കാൻ ടെസ്‌ല; ഇന്ത്യയിലെ ആദ്യ സൂപ്പർചാർജർ സ്റ്റേഷനുകൾ മുംബൈയിൽ

മുംബൈ: അമേരിക്കൻ ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല ഇന്ത്യയിൽ അവരുടെ ആദ്യ ഷോറൂം അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിപ്പിച്ച് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കാൻ ഡൽഹിയിൽ ഉടൻ തന്നെ രണ്ടാമത്തെ ഷോറൂം തുറക്കുമെന്നും ടെസ്‌ല ഇന്ത്യ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വിൽപ്പന മാത്രം ലക്ഷ്യം വെക്കാതെ ചാർജിങ് സ്റ്റേഷൻ മേഖലയിലും ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യ സൂപ്പർചാർജർ സ്റ്റേഷൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടെസ്‌ല. ഓഗസ്റ്റ് 4ന് മുംബൈയിലെ വൺ ബി.കെ.സിയിൽ കമ്പനിയുടെ ആദ്യ സൂപ്പർചാർജർ സ്റ്റേഷൻ ആരംഭിക്കുമെന്ന് ടെസ്‌ല അറിയിച്ചു.

മുംബൈയിലെ ടെസ്‌ല ചാർജിങ് സ്റ്റേഷനിൽ നാല് V4 സൂപ്പർചാർജിങ് സ്റ്റാളുകൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഡി.സി ചാർജറുകൾ 250kW യൂനിറ്റ്, എ.സി ഡെസ്റ്റിനേഷൻ ചാർജിങ് സ്റ്റാളുകൾ 11kW യൂനിറ്റ് എന്നി രണ്ട് ചാർജിങ് സംവിധാനവും ചാർജിങ് സ്റ്റേഷനിൽ ഉണ്ടാകും. ഡി.സി ചാർജറുകൾക്ക് മണിക്കൂറിൽ 24 രൂപ നിരക്കും എ.സി ഡെസ്റ്റിനേഷൻ ചാർജറുകൾക്ക് മണിക്കൂറിൽ 14 രൂപ നിരക്കും ഈടാക്കിയാകും ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്.

പുതിയ ചാർജറുകൾ ഉപയോഗിച്ച് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയ ടെസ്‌ല മോഡൽ വൈ 15 മിനിറ്റിനുള്ളിൽ 267 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യക്കും ഇടയിലായി അഞ്ച് തവണ യാത്ര തുടങ്ങി തിരിച്ചുവരാൻ ഇത് മതിയെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു.

ടെസ്‌ല ഇലക്ട്രിക് വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കമ്പനിയുടെ മൊബൈൽ ആപ്പ് ഉപയോഗപ്പെടുത്താം. ചാർജിങ് ചെയ്യാനുള്ള സ്ലോട്ട് പരിശോധിക്കാനും ചാർജിങ് പുരോഗതി നിരീക്ഷിക്കാനും അറിയിപ്പുകൾ സ്വീകരിക്കാനും ചാർജിങിന് ശേഷം പണം നൽകാനും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

ടെസ്‌ല മോഡൽ വൈ ഇന്ത്യയിൽ RWD (റിയർ-വീൽ ഡ്രൈവ്), ലോംഗ്-റേഞ്ച് RWD ഓപ്ഷനുകൾ ലഭ്യമാണ്. RWD മോഡലിന് 59.89 ലക്ഷം രൂപയും ലോംഗ്-റേഞ്ച് വേരിയന്റിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 15.3- ഇഞ്ചിന്റെ ഒരു വലിയ ടച്ച്സ്ക്രീൻ, പവേർഡ്, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർ ടു-വേ ഫോൾഡിംഗ്, ഹീറ്റഡ് റിയർ സീറ്റുകൾ, 9-സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, 8-ഇഞ്ച് റിയർ ടച്ച്‌സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിങ്, പവേർഡ് ഫ്രണ്ട് ആൻഡ് റിയർ എസി-വെന്റുകൾ, 8 എക്സ്റ്റീരിയർ കാമറകൾ, പനോരമിക് ഗ്ലാസ് സൺറൂഫ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ മോഡൽ വൈയിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റാൻഡേർഡ് വകഭേദത്തിൽ ഇന്ത്യയിലെത്തിയ മോഡൽ വൈ ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കുമെന്ന് ടെസ്‌ല അവകാശപ്പെടുന്നുണ്ട്. വാഹനം 0-100 കി.മി സഞ്ചരിക്കാൻ 5.9 സെക്കന്റ് മാത്രമാണ് എടുക്കുന്നത്. മോഡൽ വൈ ലോങ്ങ് റേഞ്ച് വകഭേദം ഒറ്റ ചാർജിൽ 622 കിലോമീറ്റർ സഞ്ചരിക്കും.

Tags:    
News Summary - Tesla to establish dominance in electric vehicle market; India's first supercharging stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.