ദോഹ: ലുസൈൽ ബസ് ഡിപ്പോ ഇനി പൂർണമായി സോളാർ പവറിൽ പ്രവർത്തിക്കും. മിഡിൽ ഈസ്റ്റിൽ സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യ ബസ് ഡിപ്പോ എന്ന നേട്ടം ലുസൈൽ ബസ് ഡിപ്പോ കരസ്ഥമാക്കിയതായി ഗതാഗത മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ദോഹയുടെ വടക്കു ഭാഗത്തുള്ള ലുസൈൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ ഡിപ്പോ, ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം നേരത്തെ കരസ്ഥമാക്കിയിരുന്നു.
400,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള ഡിപ്പോയിൽ അത്യാധുനിക ഫോട്ടോവോൾട്ടായിക് (പിവി) സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡിപ്പോയിൽ 25,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ ഏകദേശം 11,000 പിവി സോളാർ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ 4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് ഡിപ്പോയുടെ കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ബസ് ഡിപ്പോയിലെ ബസ് ബേകൾ, സർവിസ് സൗകര്യങ്ങൾ, വിശ്രമത്തിനുള്ള സൗകര്യങ്ങൾ, ഹരിത ഇടങ്ങൾ, സബ് സ്റ്റേഷനുകൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവിടങ്ങളിൽ ഇനി സോളാർ വൈദ്യുതി ഉപയൊഗിച്ച് പ്രവർത്തിക്കും.
ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകവും വളർച്ചയുടെ അടിസ്ഥാനവുമായി ഗതാഗത മേഖല വികസിക്കുകയാണ്. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അത്യാധുനിക സൗകര്യങ്ങളോടെ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് തുടരുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.