ദുബൈ: കമ്പനി ഓഫിസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വൻ തുക കവർന്ന ആഫ്രിക്കൻ സംഘത്തിന് മുന്നു വർഷം തടവും 20 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബൈ ക്രിമിനൽ കോടതി. 12 ആഫ്രിക്കൻ പൗരൻമാർക്കാണ് ശിക്ഷ ലഭിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഡിസംബറിൽ ദുബൈ ആസ്ഥാനമായ കമ്പനിയിലാണ് കവർച്ച നടന്നത്. കമ്പനി ഉടമസ്ഥനായ അറബ് വംശജനും മകനും ഓഫിസിലുണ്ടായിരുന്നു. ഈ സമയം മാസ്ക് ധരിച്ച് ആയുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ പണം നൽകിയില്ലെങ്കിൽ ഉടമയുടെ മകനെ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. ഇതോടെ ഉടമസ്ഥൻ മകനെ പിടിച്ചു മാറ്റിയതിനൽ കുട്ടി ബാത്ത്റൂമിന് സമീപം ഒളിച്ചു. പക്ഷെ, പ്രതികൾ കുട്ടിയെ കണ്ടെത്തുകയും ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് കമ്പനി സേഫ് ലോക്കറിൻറെ താക്കോൽ കൈക്കലാക്കിയ പ്രതികൾ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തി സ്ഥലംവിട്ടു. ഉടമയുടെ പരാതിയിൽ സംഭവസ്ഥലത്ത് എത്തിയ പൊലീസ് സി.ഐ.ഡി സംഘം ഓഫിസിലെ സി.സി ടിവി പരിശോധിച്ച് പ്രതികളെയും ഇവർ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു. പിന്നാലെ ഒരു പ്രതി പിടിയിലായി. ഇയാളിൽ നിന്ന് ആയുധങ്ങളും 5,000 ദിർഹമും 1000 ഡോളറും പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. വൈകാതെ മുഴുവൻ പ്രതികളേയും പിടികൂടാൻ പൊലീസിന് സാധിച്ചു. 12 പ്രതികളും കുറ്റം സമ്മതിച്ചതായും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ആരേയും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികൾ വ്യക്തമാക്കി. എല്ലാ പ്രതികൾക്കുമെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പര്യാപ്തമാണെന്ന് കണ്ടെത്തിയ കോടതി മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.