രജിസ്​ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത അഞ്ച്​ ഇലക്ട്രിക് സ്കൂട്ടറുകൾ

ഏതൊരു പ്രതിസന്ധിയിലും നല്ലൊരു കൂട്ടുകാരനെ നാം ആഗ്രഹിക്കാറില്ലേ. എന്തിനും ഏതിനും കൂടെനിൽക്കുന്ന, എന്നാൽ നമ്മെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്ത ഒരു ചങ്ക്​ ബ്രോ. ഇലക്​ട്രിക്​ സ്കൂട്ടർ ലോകത്ത്​ അത്തരം ചില വാഹനങ്ങളുണ്ട്​. ആർക്കും ഓടിക്കാവുന്ന (16 വയസ്സിന്​ മുകളിലുള്ളവർ), ഹെൽമെറ്റ്​ എന്ന ബാധ്യതയില്ലാത്ത (നിയമപരമായി വെക്കേണ്ടതില്ലെങ്കിലും സുരക്ഷ പരിഗണിച്ച്​ ഹെൽമെറ്റ്​ വെക്കുന്നതാണ്​ നല്ലത്), ഓടിക്കാൻ ലൈസൻസ്​ വേണ്ടാത്ത, രജിസ്​ട്രേഷന്‍റെ നൂലാമാലകൾ ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ. കൗമാരക്കാർക്കും വീട്ടമ്മമാർക്കും ജീവിത സായന്തനത്തിലെത്തിയ വയോധികർക്കുമെല്ലാം തങ്ങളുടെ യാത്രകൾ സ്വാതന്ത്ര്യപൂർണമാക്കാൻ ഇത്തരം ഇ.വികൾ പരീക്ഷിക്കാവുന്നതാണ്​. ഇന്ത്യയിൽ ഇന്ന്​ ലഭ്യമായ അഞ്ച്​ ഇലക്​ട്രിക്​ സ്കൂട്ടറുകൾ പരിചയപ്പെടാം.

ഒകിനാവ ലൈറ്റ്


1. ഒകിനാവ ലൈറ്റ്

വില: 69,093 രൂപ
റേഞ്ച്: 60 കി.മീ

കുഞ്ഞൻ ഇ.വി സ്കൂട്ടറുകളിൽ ഏറ്റവും മികച്ച ഡിസൈനുള്ള മോഡലാണ്​ ഒകിനാവ ലൈറ്റ്. 1.25 വാട്ട്​ റിമൂവബിൾ ലിഥിയം അയൺ ബാറ്ററിയാണ് സ്കൂട്ടറിൽ കമ്പനി നൽകിയിട്ടുള്ളത്. ഒരു തവണ ബാറ്ററി പൂർണമായി ചാർജ് ചെയ്താൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കാം. 250 വാട്ട്​ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്​.

മൂന്നു മുതൽ നാലു മണിക്കൂർകൊണ്ട്​ ഫുൾ ചാർജ്​ ചെയ്യാം. 150 കിലോ വരെ ഭാരം വഹിക്കാൻ കഴിയും. എൽ.സി.ഡി ഡിസ്​പ്ലേ, പുഷ്​ ബട്ടൺ സ്റ്റാർട്ട്​, ട്യൂബ്​ലെസ് ടയറുകൾ, അലോയ്​ വീലുകൾ, മുന്നിൽ ഡിസ്ക്​ ബ്രേക്ക്​, 160 എം.എം ഗ്രൗണ്ട്​ ക്ലിയറൻസ്​, ഡി.ആർ.എൽ ഉള്ള എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, മൊബൈൽ ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ട്​, മൂന്നുവർഷം വീതം മോട്ടോർ, ബാറ്ററി വാറന്‍റി എന്നിവയാണ്​ മറ്റു പ്രത്യേകതകൾ.

ആമ്പിയർ റിയോ ലി പ്ലസ്​

2. ആമ്പിയർ റിയോ ലി പ്ലസ്​

വില: 59,900 രൂപ
റേഞ്ച്: 70 കി.മീ

ആമ്പിയർ റിയോ റേഞ്ചിലെ ഉയർന്ന മോഡലാണ്​ റിയോ ലി പ്ലസ്. റിയോ 80 എന്നൊരു ​മോഡലും ഈ വിഭാഗത്തിലുണ്ട്​. 1.3 കിലോവാട്ട്​ ലിഥിയം അയൺ ബാറ്ററിയാണ് റിയോ ലി പ്ലസിൽ നൽകിയിട്ടുള്ളത്.

120 കിലോ വരെ ഭാരം വഹിക്കാൻ സ്കൂട്ടറിന്​ കഴിയും. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ​, 155 എം.എം ഗ്രൗണ്ട്​ ക്ലിയറൻസ്​, ഹാലജൻ ഹെഡ്​ലൈറ്റ്, എൽ.സി.ഡി ഡിസ്​പ്ലേ, കീലെസ്സ്​ സ്റ്റാർട്ട്​, മൊബൈൽ ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ട്​ എന്നിവയാണ്​ മറ്റു പ്രത്യേകതകൾ.

കോമാകി എക്സ്​.ജി.ടി കെ.എം


3. കോമാകി എക്സ്​.ജി.ടി കെ.എം

വില: 59,999 രൂപ
റേഞ്ച്: 60 കി.മീ

കോമാകി എന്ന ജാപ്പനീസ്​ ബ്രാൻഡിന്‍റെ ഇ.വി സ്കൂട്ടറാണ്​ എക്സ്​.ജി.ടി കെ.എം. 60 വാട്ട്​, 28 എ.എച്ച്​ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ. ബി.എൽ.ഡി.സി ഹബ്​ മോട്ടോറാണ്​ കരുത്തുപകരുന്നത്​. നാലു മുതൽ അഞ്ചു മണിക്കൂർകൊണ്ട്​ പൂർണമായും ചാർജ്​ ചെയ്യാം.

വയർലെസ് അപ്​ഡേഷനുള്ള സ്മാർട്ട്​ എൽ.സി.ഡി ഡിസ്​പ്ലേ, പാർക്കിങ്​ അസിസ്റ്റ്​, റിവേഴ്​സ്​ അസിസ്റ്റ്, ക്രൂസ്​ കൺട്രോൾ, എൽ.ഇ.ഡി ഹെഡ്​ലൈറ്റ്, കീലെസ്സ്​ സ്റ്റാർട്ട്​, ഇക്കോ, സ്​പോർട്ട്, ടർബോ എന്നിങ്ങനെ മൂന്ന്​ ഗിയർ മോഡുകൾ, മൊബൈൽ ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ട്​, റിമോട്ട്​ ലോക്കിങ്​, 18 ലിറ്റർ ബൂട്ട്​ സ്​പേസ്​ എന്നിവയാണ്​ മറ്റു പ്രത്യേകതകൾ.

ഹീറോ ഇലക്ട്രിക് ആട്രിയ എൽ.എക്‌സ്


4. ഹീറോ ഇലക്ട്രിക് ആട്രിയ എൽ.എക്‌സ്

വില: 77,690 രൂപ (ഏകദേശം)
റേഞ്ച്: 85 കി.മീ

ഹീറോ എന്ന ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളുടെ രജിസ്​​ട്രേഷൻ ഫ്രീ ഇ.വിയാണ് ആട്രിയ എൽ.എക്‌സ്.​ വലുപ്പത്തിൽ സാധാരണ ഇ.വികൾക്ക് ഏകദേശം​ തുല്യമാണ്​ ആട്രിയ.

1.54 കിലോവാട്ട്​ ബാറ്ററിയാണ് ഈ സ്കൂട്ടറിൽ. 250 വാട്ട്​ മോട്ടോറാണ്​ കരുത്തുപകരുന്നത്​. നാലു മുതൽ അഞ്ചു മണിക്കൂർകൊണ്ട്​ പൂർണമായും ചാർജ്​ ചെയ്യാം. എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, മൊബൈൽ ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ട്​, കോമ്പി ബ്രേക്ക്​ സിസ്റ്റം, മൂന്നു വർഷം ബാറ്ററി വാറന്‍റി, പുഷ്​ ബട്ടൺ സ്റ്റാർട്ട്​​, ട്യൂബ്​ലെസ്സ്​ ടയറുകൾ, അലോയ്​ വീലുകൾ എന്നിവയാണ്​ മറ്റു പ്രത്യേകതകൾ.

ജോയ്​ വൂൾഫ്​


5. ജോയ്​ വൂൾഫ്​

വില: 72,000 രൂപ
റേഞ്ച്: 55 കി.മീ

ജോയ്​ ഇ ബൈക്ക്​ എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ്​ കമ്പനിയുടെ മൂന്ന്​ ലൈസൻസ്​ ഫ്രീ ഇ.വികളിൽ മികച്ച ഓപ്​ഷനാണ്​ വൂൾഫ്​ എന്ന മോഡൽ. 60 വാട്ട്​, 24 എ.എച്ച്​​ ബാറ്ററിയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ നൽകിയിട്ടുള്ളത്. 250 വാട്ട്​ ബി.എൽ.ഡി.സി മോട്ടോറാണ്​ കരുത്തുപകരുന്നത്. ഒരു തവണ ബാറ്ററി പൂർണമായും ചാർജ് ചെയ്താൽ 55 കിലോമീറ്റർ വരെ സഞ്ചരിക്കും.

നാലു മണിക്കൂർകൊണ്ട്​ പൂർണമായും ചാർജ്​ ചെയ്യാം. 140 കിലോ വരെ ഭാരം വഹിക്കാൻ കഴിയും. സ്മാർട്ട്​ ഡിസ്​പ്ലേ, അലോയ്​ വീലുകൾ, മുന്നിൽ ഡിസ്ക്​ ബ്രേക്ക്​, എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, മൊബൈൽ ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ട്​, റിമോട്ട്​ ലോക്ക്​, മുന്നിൽ ടെലിസ്​കോപ്പിക്​ സസ്​പെൻഷൻ എന്നിവയാണ്​ മറ്റു പ്രത്യേകതകൾ.

രജിസ്​ട്രേഷൻ ഫ്രീ ഇ.വികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

● വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ 0.25 കിലോവാട്ടില്‍ താഴെയായിരിക്കണം.

● പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെയായിരിക്കണം.

● ബാറ്ററിയുടെ ഭാരം ഒഴികെ സ്‌കൂട്ടറിന്റെ ഭാരം 60 കിലോഗ്രാമിലും കുറവായിരിക്കണം.

● ഇക്കാര്യങ്ങള്‍ അംഗീകൃത ടെസ്റ്റിങ് ഏജന്‍സി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം.

Tags:    
News Summary - five electric scooters that don't require registration or a license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.