മിൽമ പാൽ കവർ ഉപയോഗിച്ച് താൻ നിർമിച്ച അലമാരക്കരികെ ലീലാമ്മ


‘മിൽമ പാൽ കവറുകൾ ഉപയോഗിച്ച് ഈ 73കാരി തയാറാക്കുന്നത് മനോഹരമായ കരകൗശല വസ്തുക്കൾ’ -അറിയാം, പാഴ്വസ്തുക്കളിൽനിന്ന് വരുമാനമാർഗം കണ്ടെത്തുന്ന ലീലാമ്മയെക്കുറിച്ച്

ഉപയോഗിച്ച് വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ഉൾപ്പെടെയുള്ളവ എങ്ങനെ കൗതുകമുണർത്തുന്ന കരകൗശല വസ്തുക്കളാക്കിമാറ്റി വരുമാനമാർഗമാക്കാമെന്ന് പരിശീലിപ്പിക്കുകയാണ് 73കാരിയായ ലീലാമ്മ.

വിവാഹങ്ങൾക്കും പള്ളികളിലെ പ്രർഥനകൾക്കും ചെല്ലുമ്പോൾ എല്ലാവരുടെയും കണ്ണ് ലീലാമ്മയുടെ ഭംഗിയാർന്നതും വ്യത്യസ്തവുമായ ബാഗിലേക്കാണ്​.

ലീലാമ്മയുടെ ബാഗ് മനോഹരമാകുന്നത് രൂപകൽപന കൊണ്ടുമാത്രമല്ല, അതിന്‍റെ മനോഹരമായ കഥ കൊണ്ടുകൂടിയാണ്. ആ ബാഗ് നിർമിച്ചതാകട്ടെ നാം വലിച്ചെറിയുന്ന മിൽമ പാൽ കവറുകൾ കൊണ്ടാണെന്നുകൂടി അറിയുന്നതോടെ കേൾക്കുന്നവർക്ക്​ കൗതുകമേറും.

ലീലാമ്മ

ബാല്യത്തിൽ കൂടെക്കൂടിയ കരവിരുത്

പത്തനംതിട്ട അടൂർ മണക്കാല വെള്ളക്കുളങ്ങര വാഴുവേലി പുത്തൻവീട്ടിൽ ലീലാമ്മ മാത്യുവാണ് ഈ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്.

കുട്ടിക്കാലത്ത് സ്‌കൂളിൽനിന്ന് ലഭിച്ച തയ്യൽ പരിശീലനത്തിൽനിന്നാണ് ഇത്തരം കഴിവുകൾ വളർത്തിയെടുത്തതെന്നും മിൽമ കവറുകൾ ഗുണനിലവാരമുള്ള പ്ലാസ്‌റ്റിക്കായതിനാലാണ് ഉൽപന്നങ്ങൾ നിർമിക്കാൻ തിരഞ്ഞെടുത്തതെന്നും ലീലാമ്മ പറയുന്നു.

വീട്ടിൽ ചെറുപ്പത്തിൽ നെൽകൃഷിയുണ്ടായിരുന്നതിനാൽ വീട്ടുകാരറിയാതെ അവകൊണ്ട്​ പായ നിർമിക്കുന്നതും ഓലകൊണ്ടുള്ള കരകൗശല വസ്തുക്കൾ നിർമിക്കുന്നതുമായിരുന്നു കരകൗശല വസ്തുക്കളാക്കി മാറ്റുന്നതിന്‍റെ തുടക്കം. സ്​കൂളിൽ പഠിക്കുമ്പോൾ തുണികളിൽ എംബ്രോയിഡറി ഉൾപ്പെടെ ചെയ്ത്​ പരിശീലിക്കുമായിരുന്നു.

കുറച്ച്​ വലുതായപ്പോൾ മറ്റുള്ളവർക്ക്​ തയ്യൽ പരിശീലിപ്പിച്ചുതുടങ്ങി. കൂടാതെ സിറാമിക്​ ഗ്ലാസിൽ പെയിന്‍റിങ്ങും പരിശീലിക്കുമായിരുന്നു.

കുട്ടിക്കാലത്ത്​ സ്കൂളിൽനിന്ന്​ മടങ്ങുമ്പോൾ വഴിയിൽനിന്ന് കിട്ടുന്ന ദ്രവിച്ച്​ നാരുകൾ മാത്രമായ ആലിന്‍റെ ഇലയിൽ പെയിന്‍റ്​ ചെയ്ത്​ പുസ്തകങ്ങൾക്കിടയിൽ സൂക്ഷിക്കുന്നത്​ പതിവായിരു​ന്നു.

മിൽമ പാൽ കവർ ഉപയോഗിച്ച് നിർമിച്ച ബാഗ്

പാഴായ പ്ലാസ്റ്റിക് പുത്തൻ രൂപത്തിൽ

എട്ടുവർഷം മുമ്പാണ് പഴ്സ്, ബാഗ്, കുട്ട, കൂട, ലോൻഡ്രി ബാസ്കറ്റ്​ എന്നിങ്ങനെ പാഴ്വസ്തുക്കളിൽനിന്നും നാരുകൾകൊണ്ടും ഉപയോഗപ്രദമായ ഉൽപന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴേ തുടങ്ങിയ താൽപര്യമാണ് ഇന്നും അവർ കരകൗശലത്തിൽ തെളിയിക്കുന്നത്.

മിൽമ കവറുകൾ ശേഖരിച്ച് അളവിൽ മുറിച്ച്, കൈകൊണ്ടുകൊരുത്താണ് ബാഗ്, പഴ്‌സ്, ചെരിപ്പ്, ബാസ്‌കറ്റ് തുടങ്ങിയവ നിർമിക്കുന്നത്. ഇതുവരെ പത്തിലധികം ഉൽപന്നങ്ങൾ ലീലാമ്മ പരസഹായമില്ലാതെ നിർമിച്ചിട്ടുണ്ട്​. ഇപ്പോൾ പുനരുപയോഗത്തിനായി വീട്ടുകാരും അയൽവാസികളും അവരുടെ കൈവശമുള്ള കവറുകൾ എത്തിച്ചുനൽകുകയാണ്.

വാഴനാര്, വലിയ കവറുകൾ, പ്ലാസ്റ്റിക് വള്ളികൾ എന്നിവയും ലീലാമ്മയുടെ സൃഷ്ടികളുടെ ഭാഗമാകുന്നു. പാൽ കവറുകൾ കുറച്ചെണ്ണമായാൽ വെട്ടി നെയ്ത് തുന്നി സിബ്ബും തൂക്കാൻ പിടിയും പതിപ്പിച്ച് ടവ്വൽ പോലെ മടക്കിയാൽ ബാഗ് റെഡി. ഇതാണ് ലീലാമ്മയുടെ ലളിതമായ രീതികൾ.

നാലു വർഷം മുമ്പാണ് മിൽമ കവറിൽ വിവിധ കരകൗശല ഉൽപന്നങ്ങൾ നിർമിച്ചുതുടങ്ങിയത്. ആദ്യം പഴ്‌സാണ് നിർമിച്ചത്. പിന്നീട് മറ്റുള്ളവയും പരീക്ഷിച്ചുതുടങ്ങി. ഒരു ബാഗ് നിർമിക്കാൻ 2-3 ദിവസമെടുക്കും. ഇതിന് നൂറോളം കവറുകൾ വേണം. ആദ്യം വീട്ടിലെ കവറുകൾ കൊണ്ടായിരുന്നു നിർമാണം. പിന്നീട്​ അയൽവാസികളും ലീലാമ്മക്ക്​ കവറുകൾ എത്തിച്ചുകൊടുക്കാൻ തുടങ്ങി. ഇങ്ങനെ നിർമിച്ചവയിൽ ചിലത് വിൽക്കും.

കുടുംബശ്രീ പോലെയുള്ള സംഘടനകൾ ഈ രീതി സ്വീകരിച്ചാൽ, ഗ്രാമീണ സ്ത്രീകൾക്ക് വരുമാനമാർഗമാവുകയും പരിസ്ഥിതിസൗഹൃദമാവുകയും ചെയ്യും. ഇത്രയും പ്രായമേറിയ തനിക്ക്​ ഇത്​ ചെയ്യാമെങ്കിൽ മറ്റുള്ളവർക്കും ഇത്​ നിസ്സാരമായി ചെയ്​തെടുക്കാനും പഠിച്ചെടുക്കാനും കഴിയുമെന്നും കൂടുതൽ പുതിയ രൂപകൽപനകൾ പരീക്ഷിക്കുക, കൂടുതൽ പേർക്ക് ഈ കല പഠിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ പറയുന്നു.

മിൽമ പാൽ കവർ ഉപയോഗിച്ച് ലീലാമ്മ നിർമിച്ച ബാസ്കറ്റ്

അലമാരയും ചക്രമുള്ള ബോക്‌സും

ലീലാമ്മയുടെ കഴിവ് ഹാൻഡ് ബാഗുകളിലും പഴ്‌സുകളിലും മാത്രം ഒതുങ്ങുന്നില്ല. അവർ നിർമിച്ചവയിൽ ഏറ്റവും വലിയ സൃഷ്ടിയാണ് അഞ്ചരയടി ഉയരമുള്ള അലമാര. ഇതിനായി മുപ്പതിലധികം വീടുകളിൽനിന്ന് 4150 കവറുകൾ ശേഖരിച്ചു.

വെൽഡറുടെ സഹായത്തോടെ നിർമിച്ച ചട്ടക്കൂടിൽ കവറുകൾ നെയ്ത് ഘടിപ്പിച്ച് ചക്രം ഘടിപ്പിച്ചാണ് അലമാര തയാറാക്കിയത്. ഭാരം വളരെ കുറവാണ്, അതിനാൽ എളുപ്പത്തിൽ നീക്കാം. നിർമിക്കാൻ ധാരാളം സമയമെടുത്തെങ്കിലും മടുപ്പില്ല.

ലീലാമ്മയുടെ കഴിവ് മിൽമ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത് ഒരു ബന്ധുവഴിയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ലീലാമ്മയെ ആദരിച്ചിരുന്നു. കൂടാതെ വനിതാ ദിനത്തിലും മറ്റും നാട്ടിലെ സ്കൂളുകളും സംഘടനകളും ലീലാമ്മയുടെ, പ്രചോദനമായി മാറുന്ന ജീവിതത്തിന്​ നിരവധി തവണ ആദരവും നൽകിയിട്ടുണ്ട്. എല്ലാ സഹായത്തിനും ഭർത്താവ് മാത്യുവും മക്കളും ലീലാമ്മക്കൊപ്പമുണ്ട്​. ഈ കുടുംബസഹായവും പ്രേരണയുമാണ് ലീലാമ്മയുടെ കരുത്ത്.

ഭക്ഷ‍്യ ഉൽപന്ന നിർമാണത്തിലേക്കും

ലീലാമ്മ പുതിയ സംരംഭത്തിനുകൂടി തിരിതെളിക്കുകയാണ്​. ആരോഗ്യകരമായ ഭക്ഷ‍്യ ഉൽപന്നങ്ങൾ നിർമിച്ച്​ ജനങ്ങളിലേക്ക്​ എത്തിക്കുക എന്നതാണ്​ അടുത്ത ലക്ഷ്യമെന്ന്​ അവർ പറയുന്നു. അതിന്‍റെ പണിപ്പുരയിലാണ്​.

പ്രകൃതിദത്ത ഉൽപന്നങ്ങൾകൊണ്ട്​ നിർമിക്കുന്ന ഹെൽത്തി റിച്ച്​ പൗഡർ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഹെൽത്തിയായ ദോശയുടെ പൊടികൾ തുടങ്ങി ജനോപകാരപ്രദമായ നിരവധി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന്‍റെയും നിർമാണത്തിനായി മില്ല്​ നിർമിക്കുന്നതിന്‍റെയും തിരക്കിലാണ്​ ലീലാമ്മ. ഡോക്ടർമാരുടെ മാർഗനിർദേശങ്ങൾ ചോദിച്ചറിഞ്ഞാണ്​ നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അവർ പറഞ്ഞുനിർത്തി.

Tags:    
News Summary - leelamma earn money from waste materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.