ടി.എം. അഹമ്മദ് കോയയും ഭാര്യ ബീവി അഹമ്മദ് കോയയും
ജോലി എന്താണെന്നോ എവിടേക്കാണെന്നോ അറിയാതെ ഏജന്‍റ് നൽകിയ വിസയും ടിക്കറ്റും വഴിച്ചെലവിനുള്ള 10 റിയാലുമായി ബോംബെയിൽനിന്ന് വിമാനം കയറിയതാണ്. അടുത്തിരുന്നയാളാണ് പാസ്പോർട്ട് വാങ്ങി നോക്കിയിട്ട് നിങ്ങളുടെ ജോലിസ്ഥലം റിയാദാണെന്നും എന്നാൽ നിങ്ങളിപ്പോൾ സഞ്ചരിക്കുന്നത് ദമ്മാമിലേക്കാണെന്നും പറഞ്ഞത്.
സ്വപ്നത്തിൽപോലും പരിചയമില്ലാത്ത സൗദി അറേബ്യയിൽ എവിടെയാണെന്ന് അറിഞ്ഞിട്ട് എന്താണ്? അപരിചിതലോകത്ത് റിയാദായാലും ദമ്മാമായാലും ഒന്നുതന്നെയല്ലേ? പക്ഷേ, പത്തഞ്ഞൂറ് കിലോമീറ്റർ വ്യത്യാസമുണ്ടെന്നും അവിടേക്ക് നിങ്ങളെങ്ങനെ പോകുമെന്നുമുള്ള ചോദ്യത്തിനുമുന്നിൽ ഒന്ന് നടുങ്ങി.
ആകെയുള്ളൊരു ആശ്വാസം കൂടെ ഒരാളുണ്ടെന്നതാണ്. എളാമ്മയുടെ മകൻ മൊയ്തീനും ഭാഗ്യപരീക്ഷണത്തിന് കൂടെ ഇറങ്ങിപ്പുറപ്പെട്ടതാണ്.
1980 ഡിസംബറിലെ കൊടുംതണുപ്പിൽ രാത്രി ഒമ്പതോടെ ദമ്മാമിലെ ദഹ്റാൻ വിമാനത്താവളത്തിൽ വന്നിറങ്ങി. കണ്ണിൽ പകപ്പും പ്രതീക്ഷയുടെ നേരിയ തിരിവെട്ടവുമായി, കൂട്ടിക്കൊണ്ടുപോകാൻ ആരെങ്കിലും വരുമെന്ന് കരുതി കാത്തുനിന്നു. ഒരാളും വന്നില്ല.
‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ അതിലെ നജീബും ഹക്കീമും റിയാദിലെ വിമാനത്താവളത്തിലിറങ്ങി പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന സീൻ 40 വർഷം മുമ്പത്തെ ആ രാത്രിയെ ഓർമയിലേക്ക് വലിച്ചുകൊണ്ടുവന്നെന്ന് കോയ പറയുന്നു.
സൗദിയിൽ കോളജിലെ ശുചീകരണ ജോലിയിൽ തുടങ്ങി നാലു പതിറ്റാണ്ടിനിടെ രണ്ടായിരത്തോളം ആളുകൾക്ക് നേരിട്ട് തൊഴിൽ നൽകുന്ന വലിയ വ്യാപാരശൃംഖലയുടെ അധിപനായി മാറിയ സിറ്റിഫ്ലവർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ എന്ന, പ്രവാസികളുടെ പ്രിയപ്പെട്ട കോയക്ക മരുഭൂമിയിലേക്ക് ജീവിതം തേടിവന്ന കഥ പറയുകയാണ്.
സൗദിയിലും ബഹ്റൈനിലുമായി പടർന്നുപന്തലിച്ച ഗ്രൂപ്പിന് കീഴിൽ നിരവധി ഹൈപ്പർ മാർക്കറ്റുകളും ഡിപ്പാർട്ട്മെന്‍റ് സ്റ്റോറുകളും റസ്റ്റാറൻറുകളുമാണ് ഇന്നുള്ളത്. കോഴിക്കോട് കാപ്പാട് സ്വദേശിയാണ് കോയ.
ടി.എം. അഹമ്മദ് കോയ
കാരുണ‍്യം ചൊരിഞ്ഞ മനുഷ‍്യൻ
അന്ന് രാത്രി പുലരാറായിട്ടും ആരുമെത്തിയില്ല. വിശക്കുന്ന വയറിന്‍റെ കാളൽ കടിച്ചമർത്തി കാത്തിരുന്നു. എയർപോർട്ടിലെ ശുചീകരണ തൊഴിലാളികളിൽ ചിലർ അടുത്തുവന്ന് പരിചയപ്പെട്ടു. മലയാളികളായിരുന്നു. അവർക്ക് ഞങ്ങളോട് സഹതാപം തോന്നി.
അക്കൂട്ടത്തിലെ കൊണ്ടോട്ടിക്കാരൻ ഒരു അഹമ്മദിക്ക, പുലർച്ചെ നാലിന് ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങിയപ്പോൾ അടുത്തുവന്നിട്ട് പറഞ്ഞു, ‘നിങ്ങളെ ഈ അവസ്ഥയിൽ നിർത്തിയിട്ട് പോകാൻ തോന്നുന്നില്ല. റിയാദിലേക്ക് വിമാനത്തിലോ ട്രെയിനിലോ പോകണം’.
20 റിയാലാണ് ട്രെയിൻ ടിക്കറ്റിനെന്നും വിമാനത്തിലാണെങ്കിൽ 60 റിയാലാണെന്നും അഹമ്മദിക്ക പറഞ്ഞു. ഞങ്ങളുടെ കൈയിൽ 10 റിയാൽ വീതമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങൾക്ക് 50 റിയാൽ തന്നു.
ടി.എം. അഹമ്മദ് കോയയും കുടുംബാംഗങ്ങളും
കരുണയുടെ കരങ്ങൾ
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടം തുറന്നിട്ടില്ല, പുറത്തിരുന്നു. തണുത്ത് വിറക്കുന്നുണ്ടായിരുന്നു. എട്ടുമണി കഴിഞ്ഞപ്പോൾ കുറച്ചുപേർ വന്നു. അതും മലയാളികളായിരുന്നു. സ്റ്റേഷനിലെ ജോലിക്കാർ. അവർ വന്നു പരിചയപ്പെട്ടു. വിളിച്ചു അകത്തു കൊണ്ടുപോയി സാൻഡ് വിച്ചും ചായയും തന്നു. ട്രെയിനിന്‍റെ സമയമായപ്പോൾ അതിൽ കയറ്റിവിട്ടു.
റിയാദിൽ വൈകീട്ട് നാലോടെ വന്നിറങ്ങി. കമ്പനിയുടെ ഫോൺ നമ്പറൊന്നുമില്ല. വിലാസം മാത്രമാണുള്ളത്. ട്രെയിൻ ടിക്കറ്റ് കഴിഞ്ഞുള്ള 10 റിയാലും ഏജന്‍റ് തന്നുവിട്ട 10 റിയാൽ വീതവുമായി ആകെ 30 റിയാൽ ഞങ്ങളുടെ കൈയിലുണ്ട്. ഒരു സൗദിയുടെ ടാക്സി കാറിൽ കയറി. ഇരുട്ടുന്നതുവരെ ചുറ്റിയടിച്ചു. പക്ഷേ, കമ്പനി കണ്ടെത്താനായില്ല. ഒടുവിൽ പ്രദേശത്തെ ഒരു ബഖാലയിൽ (ചെറിയ പലചരക്ക് കട) ടാക്സിക്കാരൻ ഞങ്ങളെ ഏൽപിച്ചു.
അത് പാകിസ്താനിയുടെ ബഖാലയായിരുന്നു. ഈ ഏരിയയിലാണ് ഇവരുടെ കമ്പനിയെന്നും അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും നിങ്ങൾ സഹായിക്കണമെന്നും ടാക്സി ഡ്രൈവർ പാകിസ്താനിയോട് പറഞ്ഞു. ഇത്രയും നേരം വണ്ടിയോടിയതിനുള്ള ടാക്സി കൂലി 60 റിയാലായി, കമ്പനി കണ്ടെത്തി തൊഴിലുടമയിൽനിന്ന് പണം കിട്ടുമ്പോൾ ബഖാലയിൽ ഏൽപിച്ചാൽ മതിയെന്നുപറഞ്ഞ് ടാക്സിക്കാരൻ പോയി.
ഒരു യുവാവായിരുന്നു പാകിസ്താനി. അയാൾ ഞങ്ങളെയും കൊണ്ട് ആ പ്രദേശമാകെ ഒന്ന് ചുറ്റിയടിച്ചു. കമ്പനി കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയായപ്പോൾ ഞങ്ങളെ സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കിടക്കാനുള്ള സൗകര്യവും ഭക്ഷണവുമൊക്കെ തന്നു. മൂന്നു ദിവസം അവിടെ കഴിഞ്ഞു.
ആ മൂന്ന് ദിവസങ്ങളിലും പുറത്തുപോയി കമ്പനി അന്വേഷിച്ചു. അന്ന് പാസ്പോർട്ടിൽ ഏഴു ദിവസത്തിനുള്ളിൽ സ്പോൺസറെ കണ്ടില്ലെങ്കിൽ നിയമപ്രശ്നമുണ്ടാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കമ്പനി കണ്ടെത്തിയില്ലെങ്കിൽ ജയിലിലാവും എന്ന സ്ഥിതി.
അവസാന ദിവസം ബഖാല അടച്ചിട്ട് അയാൾ കൂടെ വന്നു. നടത്തത്തിനിടെ ഒരു മലയാളിയെ കണ്ടു. കമ്പനിയുടെ പേര് കേട്ടപ്പോൾ തൊട്ടടുത്തുള്ള ഒരു കെട്ടിടം കാണിച്ചിട്ട് ഇതായിരിക്കണം എന്ന് പറഞ്ഞു. കുറച്ചുദിവസം മുമ്പ് ഇതുപോലെ ആളുകൾ അന്വേഷിച്ച് വന്നിരുന്നു എന്നും അയാൾ പറഞ്ഞു. അയാളും കൂടിവന്ന് ആ കെട്ടിടത്തിലേക്ക് കൊണ്ടുപോയി.
ടി.എം. അഹമ്മദ് കോയയും സിറ്റിഫ്ലവർ ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീലും
ഒടുവിൽ കമ്പനിയിൽ
അത് തന്നെയായിരുന്നു ഞങ്ങളുടെ കമ്പനി. ഈജിപ്ഷ്യന്മാരായ തൊഴിലാളികൾ കഴിയുന്ന ക്യാമ്പിലേക്ക് കമ്പനി അധികൃതർ കൂട്ടിക്കൊണ്ടുപോയി. ഒരു വൃത്തിയുമില്ലാത്ത ക്യാമ്പ്. രണ്ടു ദിവസമേ അവിടെ കഴിയേണ്ടി വന്നുള്ളൂ. അതിനുശേഷം 600 കിലോമീറ്റർ അകലെ ഹഫർ അൽ ബാത്വിനിലേക്ക് കൊണ്ടുപോയി. അവിടെ ഒരു വൊക്കേഷനൽ ട്രെയിനിങ് കോളജിലെ ശുചീകരണവും മറ്റുമായിരുന്നു ജോലി.
അവിടെ ഒമ്പത് മലയാളികളുണ്ടായിരുന്നു. കോളജിന് പുറത്ത് മുറിയെടുത്തായിരുന്നു താമസം. എന്നെ കാന്‍റീനിലാണ് നിയമിച്ചത്. സാൻഡ് വിച്ചും മറ്റും ഉണ്ടാക്കലായിരുന്നു ജോലി. മൂന്നുവർഷം അവിടെ ജോലി ചെയ്തു.
കോളജായതിനാൽ ജോലിസമയം വളരെ വേഗം കഴിയുമായിരുന്നു. പുറത്ത് മറ്റു ജോലികൾക്ക് പോകാൻ ഇഷ്ടംപോലെ സമയം. എനിക്ക് ഹഫർ ബാത്വിൻ ടൗണിലെ ഒരു ഇലക്ട്രോണിക്സ് കടയിൽ സഹായിയായാണ് പാർട്ട്ടൈം ജോലി കിട്ടിയത്.
ഇതിനിടയിൽ മൊയ്തീനെ ദമ്മാമിലെ ദഹ്റാനിലെ ഒരു ജോലിയിലേക്ക് മാറ്റി. മൊയ്തീൻ അവിടെ എത്തി എയർപോർട്ടിൽ അന്ന് ഞങ്ങളെ സഹായിച്ച അഹമ്മദിക്കയെ കണ്ട് നന്ദി അറിയിച്ച് അന്ന് തന്ന 50 റിയാൽ മടക്കിക്കൊടുത്തു.
വ്യാപാരബുദ്ധി ഉണരുന്നു
രണ്ടുവർഷത്തിനുശേഷം ആദ്യ അവധിക്ക് നാട്ടിൽപോയി. ഇത്രയൊക്കെ സമ്പാദിച്ചിട്ടും 12ാം വയസ്സിൽ നാടുവിട്ട് കർണാടകയിലെ തുംകൂറിൽ നടത്തിയ ടീസ്റ്റാളിൽനിന്ന് കിട്ടിയിരുന്ന വരുമാനത്തോളം ഇല്ല. അതുകൊണ്ടുതന്നെ ഇനി സൗദിയിലേക്ക് തിരിച്ചുവരേണ്ടതില്ല എന്നായിരുന്നു തീരുമാനം. പക്ഷേ, ഹഫറിൽ കൂടെയുള്ളവരോട് വാങ്ങിയ പണത്തിന്‍റെ കടം ബാക്കിയുള്ളതിനാൽ അത് വീട്ടാൻ വേണ്ടി ഒന്നുകൂടി വരാമെന്ന് കരുതി തിരിച്ചുപോരുകയായിരുന്നു.
അന്ന് നാട്ടിലേക്കുള്ള യാത്രയിൽ സാധനങ്ങൾ വാങ്ങാൻ ദമ്മാമിൽ പോയപ്പോഴാണ് അവിടത്തെയും ഹഫറിലെയും സാധനങ്ങളുടെ വില വ്യത്യാസം മനസ്സിലായത്. തുംകൂറിൽ കെറ്റിൽ ചായ സ്റ്റാൾ തുടങ്ങിയ ബിസിനസ് ബുദ്ധി ഉണർന്നു. എന്തുകൊണ്ട് ഇതൊരു കച്ചവട മാർഗമാക്കിക്കൂടാ? നാട്ടിൽനിന്ന് തിരിച്ചുവരുമ്പോഴേക്കും ആലോചന മുറുകി.
ആഴ്ചയിൽ അഞ്ചുദിവസമാണ് ജോലി. രണ്ടുദിവസം അവധിയുണ്ട്. അന്ന് പരിചയമുള്ള ഹഫറിലെ മലയാളി ടാക്സിക്കാരായ മോഹൻ, രാജൻ എന്നിവരുമായി കമ്പനിയടിച്ച് ദമ്മാമിലേക്ക് യാത്രതരപ്പെടുത്താൻ തുടങ്ങി. നാട്ടിൽ പോകുന്നവരെ ദഹ്റാൻ എയർപോർട്ടിലേക്ക് കൊണ്ടുപോകാൻ ടാക്സി പോകുമ്പോൾ അതിൽ കയറിയിരിക്കും. വ്യാഴാഴ്ച രാത്രിയാണ് പോവുക. വെള്ളിയാഴ്ച രാത്രി തിരിച്ചുവരും.
ഹഫറിൽനിന്ന് ദമ്മാമിലേക്ക് 500 കിലോമീറ്ററുണ്ട്. ദമ്മാമിലെത്തി തുണിയും മറ്റും സാധനങ്ങളും വാങ്ങി അതേ വണ്ടിയിൽ തിരിച്ചുവരും. റൂമിൽ വെച്ചുള്ള കച്ചവടം പെട്ടെന്ന് പച്ചപിടിച്ചു. തുണികൾ, കോടാലി തൈലം, ടൈഗർ ബാം, യാർഡിലി പൗഡർ തുടങ്ങിയവയായിരുന്നു പ്രധാന ഉൽപന്നങ്ങൾ. കേട്ടറിഞ്ഞ് ആളുകൾ വന്ന് വാങ്ങാൻ തുടങ്ങി. ടാക്സി ചാർജടക്കം ചെലവെല്ലാം കഴിച്ച് ചെറിയ ലാഭം നിശ്ചയിച്ചായിരുന്നു വിൽപന. എന്നിട്ടും ഹഫറിൽ ഉള്ളതിനേക്കാൾ കുറഞ്ഞ വിലയായിരുന്നു അത്. ജോലികഴിഞ്ഞ് വന്നാലുടൻ സാധനങ്ങളെടുത്ത് നിരത്തിവെച്ച് കച്ചവടം തുടങ്ങും.
ഏഷ്യൻ സ്റ്റോർ
അതിനിടെ ട്രെയിനിങ് കോളജിലെ കരാർ അവസാനിച്ചു. അതിനൊപ്പം, ഒരു തൊഴിലാളി റൂമിൽ വെച്ച് കച്ചവടം നടത്തുന്നു എന്ന് ആരോ മുനിസിപ്പാലിറ്റിയിൽ പരാതിപ്പെട്ടതായും അറിഞ്ഞു. അതോടെ ആ കച്ചവടം നിർത്തി. ഹഫറിൽ സ്വന്തമായി ഒരു കട തുടങ്ങിയാലോ എന്നായി ആലോചന. അവിടെ ഒരു ബഖാല വാങ്ങി. ഒരു പാർട്ണറും കൂടിയുണ്ടായിരുന്നു. കുറച്ചുനാൾക്കുള്ളിൽ അയാൾ ഒഴിവായി. 1985ലായിരുന്നു ഇത്. ഏഷ്യൻ സ്റ്റോർ എന്നായിരുന്നു പേര്.
ഹഫറിൽ കിങ് ഖാലിദ് മിലിറ്ററി സിറ്റിയുടെ നിർമാണം നടക്കുന്ന സമയമായിരുന്നു. അന്ന് അവിടെ ധാരാളം തൊഴിലാളികളുണ്ടായിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വലിയ തോതിൽ തൊഴിലാളികൾ ടൗണിലേക്ക് വരും. പൊടിപൊടിക്കുന്ന കച്ചവടം. കുറഞ്ഞ ലാഭത്തിലെ കച്ചവടം കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചു. ബഖാലയിൽ തിരക്കേറി. രണ്ട് ജീവനക്കാരെ നിയമിച്ചു. അങ്ങനെ നിനച്ചിരിക്കാതെ ഒരു തൊഴിലുടമയായി മാറി.
കച്ചവടം വിപുലീകരിച്ചു. അതേ ടൗണിൽ തന്നെ ഒരു ബഖാലയും തുണിക്കടയും കൂടി തുടങ്ങി. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഷോപ്പും വളരെ വേഗം പച്ചപിടിച്ചു. വ്യാപാര മോഹങ്ങളുടെ രാജ്യാതിർത്തി വികസിക്കാൻ തുടങ്ങി. 600 കിലോമീറ്ററിപ്പുറം റിയാദിൽ മറ്റൊരു മലയാളിയോടൊപ്പം ചേർന്ന് തുടങ്ങിയ ബഖാല വ്യാപാര സാമ്രാജ്യത്തിന്‍റെ അതിർത്തി വികസിപ്പിക്കുന്നതിനുള്ള നാന്ദിയായിരുന്നു.
പൂത്തുവിരിഞ്ഞ നഗര പുഷ്പങ്ങൾ
റിയാദിലെ അതീഖ എന്ന സ്ഥലത്ത് ഭക്ഷ്യവസ്തുക്കളുടെ മൊത്തവിൽപന സ്റ്റോർ തുടങ്ങി. താമസവും ആ ഭാഗത്താക്കി. ആ സ്റ്റോർ ഇപ്പോഴുമുണ്ട്. ആയിടക്കാണ് ബത്ഹയിൽ തുണിക്കട നടത്തുന്ന വടകര സ്വദേശി റഹീമിനെ പരിചയപ്പെടുന്നത്. അദ്ദേഹവുമായി ചേർന്ന് ‘സഹാറ കോർണർ’ എന്ന ഗാർമെന്‍റ്സ് ഷോപ്പ് തുടങ്ങി. പിന്നീട് ‘മിക്സ് മാക്സ്’ എന്ന പേരിൽ ഡിപ്പാർട്ട്മെൻറ് സ്റ്റോറും ബത്ഹയിൽ തുടങ്ങി.
എന്നാൽ ‘മെക്സ്’ എന്ന ജർമൻ ഗാർമെന്‍റ്സ് കമ്പനി പേരിലെ സാമ്യം ആരോപിച്ച് ട്രേഡ്മാർക്ക് നിയമപ്രകാരം കേസ് കൊടുത്തു. പെട്ടെന്ന് പേര് മാറ്റേണ്ടിവന്നു. അന്ന് സ്പോൺസറുടെ കൈവശം ‘ഫ്ലീരിയ’ എന്ന ഒരു രജിസ്ട്രേഡ് വ്യാപാരനാമം ഉണ്ടായിരുന്നു. അത് സ്വീകരിച്ചു. അങ്ങനെയാണ് ഫ്ലീരിയ സ്റ്റോറുണ്ടാവുന്നത്.
പിന്നീട് ‘ബത്ഹ ഫ്ലവർ’, ‘ഹാനി’ എന്നീ സ്റ്റോറുകളും ബത്ഹയിൽ തുടങ്ങി. 2014ലാണ് സിറ്റി ഫ്ലവർ എന്ന പൊതു വ്യാപാരനാമത്തിന് കീഴിൽ എല്ലാ സ്ഥാപനങ്ങളെയും മാറ്റുന്നത്. സിറ്റിഫ്ലവർ എന്ന പേരിൽ ആദ്യ സ്ഥാപനം തുടങ്ങിയത് 11 വർഷം മുമ്പ് ദമ്മാമിലാണ്. അതിനുശേഷം റിയാദിലും ഹഫറിലുമുള്ള എല്ലാ കടകളും സിറ്റിഫ്ലവർ ഗ്രൂപ്പിന് കീഴിൽ കൊണ്ടുവന്നു.
ഒമ്പതുവർഷം മുമ്പ് ദുബൈയിൽ സിറ്റിഫ്ലവർ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ പേരിൽ സൗദിയിൽ വ്യാപാരശൃംഖല വിപുലപ്പെടുത്തി. ഇന്ന് സൗദിയിലെ അംഗീകൃത വിദേശനിക്ഷേപകനാണ്. സൗദിയിലെ വിവിധ മേഖലകളിലായി 40ഓളം സ്ഥാപനങ്ങൾ ഇപ്പോൾ സിറ്റിഫ്ലവർ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ഇതിനിടെ ബഹ്റൈനിലും ശാഖ തുടങ്ങിയിരുന്നു.
റസ്റ്റാറന്റ് ശൃംഖല മുതൽ ആരോഗ്യ മേഖല വരെ
ഗ്രൂപ്പിനുകീഴിൽ ആറു വർഷം മുമ്പ് സൗദിയിലും ബഹ്റൈനിലുമായി ‘മഞ്ചീസ്’ എന്ന ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റ് ശൃംഖലയും തുടങ്ങിയിരുന്നു. ദുബൈയിൽ ഒരു ഡിസ്ട്രിബ്യൂഷൻ കമ്പനിയും.
‘എല്ലോറ’ എന്ന പേരിൽ ഇലക്ട്രോണിക്സിന്‍റെയും ‘ലിബറോ’ എന്ന ബ്രാൻഡിൽ ഗാർമെൻറ്സിന്‍റെയും ‘ടൂറിസ്റ്റോ’ എന്ന പേരിൽ ലഗേജ് ബാഗുകളുടെയും ‘സ്പൈസ്’ എന്ന പേരിൽ കിച്ചൻ ഉപകരണങ്ങളുടെയും ‘സഹാറ’ എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണ കമ്പനികളും സിറ്റിഫ്ലവർ ഗ്രൂപ്പിന് കീഴിലുണ്ട്.
ഒപ്പം ആരോഗ്യ മേഖലയിലേക്കു കൂടി ചുവടുവെച്ചിരിക്കുകയാണ് സിറ്റിഫ്ലവർ ഗ്രൂപ്പ്. ഗ്രൂപ്പിനു കീഴിൽ റിയാദിലെ ബത്ഹയിൽ ഫിറ്റ്നസ് ക്ലബും പ്രവർത്തിക്കുന്നുണ്ട്.
വ്യാപാരം കേരളത്തിലേക്കും
കേരളത്തിലേക്കും വ്യാപാരം വ്യാപിപ്പിച്ചിട്ടുണ്ട്. മിനാർ സ്റ്റീൽ കമ്പനിയുടെ സീനിയർ ഡയറക്ടറും കോഴിക്കോട് കോടഞ്ചേരിക്കടുത്ത് മിനാർ റിന്യൂവബിൾ എനർജി പ്രോജക്ടസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന എട്ട് മെഗാവാട്ട് പവർ പ്രൊജക്ട് സ്ഥാപനത്തിന്‍റെ ഡയറക്ടറുമാണ്. ഒപ്പം സാമൂഹിക, ജീവകാരുണ്യമേഖലയിലും കോയ നിറസാന്നിധ്യമാണ്.
ബീവി അഹമ്മദ് കോയ ആണ് ഭാര്യ. മൂത്തമകൻ മുഹസ്സിൻ അഹമ്മദ് കോയ സിറ്റിഫ്ലവർ ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടറാണ്. ഷിറിൻ അഹമ്മദാണ് ഭാര്യ. രണ്ടാമത്തെ മകൻ റാഷിദ് അഹമ്മദ് കോയ കമ്പനി ഡയറക്ടറാണ്. ഫാത്തി മഹിബ ആണ് ഭാര്യ. മൂന്നാമത്തെ മകൻ വലീദ് അഹമ്മദ് ദുബൈയിലെ എല്ലോറ സ്ഥാപനത്തിന്‍റെ ഡയറക്ടർ പദവി വഹിക്കുന്നു. ഫാത്തിമ കുന്നുമ്മൽ ആണ് ഭാര്യ. മകൾ ആയിഷ തെക്കയിൽ. മരുമകൻ ഹസീബ് റഹ്മത്ത് കമ്പനി ഫിനാൻസ് വൈസ് പ്രസിഡന്‍റുമാണ്. കുടുംബമായി എല്ലാവരും റിയാദിലെ മൻഫൂഅയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.