ഓസം ബൈറ്റ്സിൽ കുക്കീസ് തയാറാക്കുന്ന സിജി ബിജു, വൈഷ്ണവ്, ദീപ സഞ്ജയ്, ആകാശ് സഞ്ജയ്, ദീപ്തി മാത്യൂസ്, സാം വർഗീസ്, അനിറ്റ പ്രദീപ്, ആന്‍റണി എബി ബിജു എന്നിവർ. ചിത്രങ്ങൾ: രതീഷ് ഭാസ്കർ
എറണാകുളം ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ ഉണിച്ചിറ നീർച്ചാലിൽ റോഡിലൂടെ 100 മീറ്റർ മുന്നോട്ടുപോയാൽ ‘ഉണിച്ചിറ റെസിഡന്‍റ്സ് അസോസിയേഷൻ 10’ എന്ന വീടു കാണാം. ആ കെട്ടിടത്തിന്‍റെ മുൻവശത്തെത്തുമ്പോൾതന്നെ രുചികരമായ ഏതൊക്കെയോ കുക്കീസിന്‍റെയും ബ്രൗണീസിന്‍റെയുമെല്ലാം ആകർഷക ഗന്ധം മൂക്കിലേക്കടിച്ചു കയറും.
ഉള്ളിലേക്ക് കയറിക്കഴിഞ്ഞാലോ, സ്നേഹ സൗഹൃദങ്ങളുടെ പ്രത്യേക രുചിക്കൂട്ട് ചേർത്ത് അതിജീവനമൊരുക്കുന്ന ആറു മക്കളെയും കാണാം.. അവരാണ് ഓസം ബൈറ്റ്സ് (ausome bites) എന്ന ഓട്ടിസം ബാധിതരുടെ ബേക്കിങ് സംരംഭത്തിന്‍റെ പിന്നണി പ്രവർത്തകർ. അവർക്ക് താങ്ങും തണലുമായി അമ്മമാരുമുണ്ട്. എറണാകുളം ഓട്ടിസം ക്ലബിനു കീഴിൽ 2022 ജൂലൈയിൽ ആരംഭിച്ച സംരംഭം മൂന്നാം വാർഷികത്തിലെത്തി നിൽക്കുകയാണ്.
പ്രിസർവേറ്റിവുകളോ റിഫൈൻഡ് ഷുഗറോ ഒന്നും ചേർക്കാത്ത, ശർക്കരയും ബ്രൗൺ ഷുഗറുമുൾപ്പെടെ ചേർത്ത്, ആട്ടപ്പൊടിയും മില്ലറ്റും ഉപയോഗിച്ച് ആരോഗ്യകരമായ രീതിയിൽ നിർമിക്കുന്നുവെന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഓരോ സാധനങ്ങളുണ്ടാക്കാനുള്ള പൊടിയും മറ്റും അളന്നെടുക്കുന്നതും ബീറ്റ് ചെയ്യുന്നതും ബേക്ക് ചെയ്യുന്നതും പാക്ക് ചെയ്യുന്നതുമെല്ലാം ഈ ആറുപേർ ചേർന്നാണ്.
സാം വർഗീസ്, ബ്രയാൻ വർഗീസ്, കെ. വൈഷ്ണവ്, ആന്‍റണി എബി ബിജു, ആകാശ് സഞ്ജയ്, സോഹൻ ബിജോ എന്നിവരാണ് ഓട്ടിസം എന്ന വികാസ വെല്ലുവിളിയെ അതിജീവിച്ച് മറ്റുള്ളവർക്കായി മധുരരുചി പകരുന്ന ആറു മിടുക്കന്മാർ. ഇവരുടെ അമ്മമാരായ ദീപ്തി മാത്യൂസ്, അനീറ്റ പ്രദീപ്, വിദ്യ, സിജി ബിജു, ദീപ, ബിൻസി ബിജോ എന്നിവരും മക്കളൊരുക്കുന്ന കുക്കീസും ബ്ലോണ്ടീസുമെല്ലാം രുചിച്ച് അഭിപ്രായം പറയാനും തെറ്റുതിരുത്താനും ഒപ്പമുണ്ട്.
ഓസം ബൈറ്റ്സിൽ പാചകത്തിൽ ഏർപ്പെട്ട ബ്രയാൻ വർഗീസും സോഹൻ ബിജോയും
അങ്ങനെയായിരുന്നു തുടക്കം
ഉണിച്ചിറയിലെ ഇരുനില വീട് വാടകക്കെടുത്താണ് ഓസം ബൈറ്റ്സ് എന്ന സംരംഭം പ്രവർത്തിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽനിന്നും സ്വകാര്യ, സ്പെഷൽ സ്കൂളുകളിൽനിന്നുമെല്ലാമായി പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ ഓട്ടിസ്റ്റിക്കായ മക്കൾ തുടർന്നെന്തു ചെയ്യും എന്ന ചിന്തയിലായിരുന്നു ഓട്ടിസം ക്ലബ് അംഗങ്ങളായ മാതാപിതാക്കൾ.
ഓഫിസ് ജോലിയൊന്നും ചെയ്യാനുള്ള സാഹചര്യമില്ല. എന്നാൽ, വെറുതെയിരുത്താനും പറ്റില്ല. അങ്ങനെയിരിക്കേ അവർതന്നെ ഒരു വഴി കണ്ടെത്തി. മക്കളിൽ ചെറുതായി പാചകത്തിലും മറ്റും താൽപര്യമുള്ള കുട്ടികളുണ്ട്. അവരെ നന്നായൊന്ന് പ്രോത്സാഹിപ്പിച്ചാൽ, കൃത്യമായി വഴി കാട്ടിയാൽ ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. അങ്ങനെ സംഭവിച്ച അത്ഭുതമാണ് ഓസം ബൈറ്റ്സ്.
നേരത്തേ തന്നെ ഹോം ബേക്കർ ആയിരുന്ന അനീറ്റ പ്രദീപ് ഇവർക്കായി ചെറിയ തോതിൽ പരിശീലനം ആരംഭിച്ചു. പിന്നീട്, കോവിഡും ലോക്ഡൗണും ലോകക്രമം മാറ്റിമറിച്ചപ്പോൾ അവർ പരിശീലനം വാട്സ്ആപ് ഗ്രൂപ്പിലേക്ക് ചുരുക്കി. സൂപ്പ്, സാൻഡ് വിച്ച്, ജ്യൂസ് തുടങ്ങിയ ഇനങ്ങൾ തയാറാക്കിയായിരുന്നു തുടക്കം. എല്ലാറ്റിനും മേൽനോട്ടവുമായി അമ്മമാർ കൂടെനിന്നു.
അനീറ്റയുടെ പരിശീലന ക്ലാസും മക്കളുടെ പരീക്ഷണങ്ങളും വാട്സ്ആപ് ഗ്രൂപ്പുകളിൽ നിറഞ്ഞു. കോവിഡും ലോക്ഡൗണും മാറിയതോടെ കുറേക്കൂടി ചിട്ടയോടെ കാര്യങ്ങൾ ചെയ്യാമെന്നു തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഉണിച്ചിറയിൽ വീട് വാടകക്കെടുത്ത് പ്രവർത്തനം ആരംഭിച്ചത്.
ദിനചര്യ മാറി, ജീവിതവും
വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമല്ല, ഓസം ബൈറ്റ്സിനു പിന്നിലുള്ളത്. മറിച്ച്, ഓട്ടിസം ബാധിതരായ മക്കളുടെ അതിജീവനം തന്നെയാണ്. പല കാര്യങ്ങളിലും അസ്വസ്ഥരായും വിഷമിച്ചും ദേഷ്യപ്പെട്ടും ഒക്കെയിരിക്കുന്ന മക്കളുടെ ജീവിതത്തിന് കൂടുതൽ ചിട്ടയും പോസിറ്റിവ് എനർജിയും ഉണ്ടായി എന്നതാണ് പ്രധാന മാറ്റം. രാവിലെ 9.30ന് ആറുപേരും അമ്മമാരുമായി എത്തും. ആദ്യം പ്രാർഥനയും ചെറിയ വ്യായാമവും ഒക്കെ കഴിഞ്ഞാൽ പിന്നെ നേരെ ജോലിയിലേക്ക് കടക്കുന്നു.
ഓരോരുത്തരും ഓരോ പ്രവർത്തനങ്ങളിൽ വിദഗ്ധരാണ്. ഇതിനായുള്ള മെഷീനുകൾ ഉപയോഗിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തങ്ങളെല്ലാം ഹാപ്പിയാണെന്ന് എബി എന്നു വിളിക്കുന്ന ആന്‍റണി എബി ബിജു അവന്‍റേതായ ഭാഷയിൽ പറഞ്ഞു. കുറെ പൈസയുണ്ടാക്കിയിട്ട് ചുവന്ന വാഗൺ ആർ കാറു വാങ്ങണമെന്നാണ് എബിയുടെ സ്വപ്നം. നല്ലോണം പൈസയാകുമ്പോൾ നീല ജൂപ്പിറ്റർ സ്കൂട്ടർ സ്വന്തമാക്കണമെന്ന പ്ലാനിലാണ് സാം.
മുമ്പുണ്ടായിരുന്നതിനേക്കാൾ പല കാര്യങ്ങളിലും ഇവരുടെ ജീവിതത്തിൽ മാറ്റം വന്നിട്ടുണ്ട്. ആളുകളുമായി ഇടപെടുന്നതിലും മെച്ചപ്പെട്ട പെരുമാറ്റം ആർജിക്കുന്നതിലുമെല്ലാം ഇവർ മിടുക്കരായി. മുമ്പത്തേക്കാൾ ആത്മവിശ്വാസവും ആശയവിനിമയ ശേഷിയുമെല്ലാം വർധിച്ചതായി സാമിന്‍റെ മാതാവ് ദീപ്തി സാക്ഷ്യപ്പെടുത്തുന്നു. ബേക്കിങ്ങിൽ മാത്രമല്ല, മറ്റു പല മേഖലകളിലും കഴിവു തെളിയിച്ചവരാണ് എല്ലാവരും.
ബ്രയാനും ആകാശും ചിത്രങ്ങൾ വരക്കുമ്പോൾ സാം പ്രകൃതിയെ കാമറയിൽ പകർത്താനിഷ്ടപ്പെടുന്നു. ആകാശ് നല്ലൊരു പാട്ടുകാരൻ കൂടിയാണ്. വിവിധ വിപണന മേളകളിൽ സ്റ്റാളിടുമ്പോൾ ഈ മക്കളെല്ലാം വിൽപനക്ക് മുന്നിലുണ്ടാകും.
ആരോഗ്യം പകരുന്ന രുചി
ഓട്ടിസം ബാധിതർക്കുൾപ്പെടെ പലർക്കും പല ഭക്ഷണ പദാർഥങ്ങളോടും അലർജിയുള്ള അവസ്ഥയുണ്ട്. മൈദയുൾപ്പെടെ പലർക്കും പിടിക്കാറില്ല. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് ഓരോന്നും തയാറാക്കുന്നത്. കൂടാതെ, ഉപഭോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസേഷനുമുണ്ട്.
വീറ്റ് കാഷ്യൂ കുക്കീസ്, വീറ്റ് ചോക്കോചിപ് കുക്കീസ്, വീറ്റ് ബ്ലോണ്ടീ കൂക്കീസ്, വീറ്റ് മസാല കുക്കീസ്, ഓട്സ് റൈസിൻസ്, വീറ്റ് കോൺഫ്ലേക് കുക്കീസ്, ലെമൺ ഷോട്ട്ബ്രെഡ്, കോയിൻ കുക്കീസ്, ഗ്ലൂട്ടൻ ഫ്രീ-കേസിൻ ഫ്രീ കുക്കീസ്, ചോക്ലേറ്റ് മഫിൻ, റാഗി വീറ്റ് ബ്രൗണീസ്, വൈറ്റ് ചോക്ലേറ്റ് ബ്രൗണീസ്, റാഗി വീറ്റ് കാരമൽ ബ്രൗണീസ് തുടങ്ങി ഒട്ടേറെ ഇനങ്ങളാണ് ഇവിടെ കിട്ടുക.
ഓസം ബൈറ്റ്സിന്‍റെ വെബ്സൈറ്റ്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലൂടെയും മറ്റുമാണ് വിൽപന. കൊച്ചി നഗരത്തിലെ വിവാഹം, പിറന്നാൾ ആഘോഷങ്ങളിലും കോർപറേറ്റ് മീറ്റിങ്ങുകളിലും ചെറിയ പാർട്ടികളിലുമെല്ലാം ഇവരുടെ മധുരം ഒഴിച്ചുകൂടാനാവാത്തതാണ്.
ഫ്ലീ മാർക്കറ്റുകളിലും ഐ.ടി കമ്പനികളിലുമെല്ലാം വിൽപനയുണ്ട്. അത്യാവശ്യം ചെറുതല്ലാത്ത വരുമാനം കിട്ടുന്നതിനാൽ, സ്വയം അധ്വാനിച്ചുണ്ടാക്കിയ പണത്തിൽനിന്ന് സ്വന്തം കാര്യങ്ങൾ നടത്താനാവുന്നതിനാൽ ഈ ആറുപേരും ഹാപ്പിയാണ്, ഒപ്പം മാതാപിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.