ശ്യാം കുമാർ സ്‌കൈ ഡൈവിങ്ങിനിടെ


‘ആത്മഹത്യ ചെയ്ത് അമ്മയെ വിഷമിപ്പിക്കാൻ വയ്യ. സ്‌കൈ ഡൈവിങ്ങിനിടെ അപകടമെന്ന്‌ തോന്നിപ്പിക്കുംവിധം ജീവിതം അവസാനിപ്പിക്കാം’ -കൃത്രിമക്കാലുമായി ഒറ്റക്ക് സ്കൈ ഡൈവ് ചെയ്ത ശ്യാം കുമാർ ഇന്ന് ഗിന്നസ്‌ റെക്കോഡിനുടമ

ഒറ്റക്കാലിലെ ജീവിതത്തിന് വിരാമമിടാൻ ശ്യാമിന്‌ തോന്നിയ മാർഗമാണ് സ്‌കൈ ഡൈവിങ്. കൃത്രിമക്കാലുമായി 13,000 അടി ഉയരത്തിൽനിന്ന് ഒറ്റക്ക് സ്കൈ ഡൈവ് ചെയ്ത അയാളുടെ ജീവിതം പിന്നീട് മാറിമറിയുകയായിരുന്നു. ആ കഥയിതാ...

ജീവിത ദുരിതത്തിൽനിന്ന്‌ രക്ഷപ്പെടാൻ തിരുവനന്തപുരം കാട്ടാക്കട ശാസ്‌താംപാറ മൂങ്ങോട് സന്ധ്യഭവനിൽ ശ്യാം കുമാറിന്‌ തോന്നിയ ആശയം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. വെറുതെ മരിച്ച്‌ അമ്മയെ വിഷമിപ്പിക്കാൻ വയ്യ. ആത്മഹത്യ ചെയ്‌തതാണെന്ന്‌ തോന്നാനും പാടില്ല. അതിനെന്താ വഴിയെന്ന്‌ ചിന്തിക്കുന്നതിനിടെയാണ്‌ അനിമേഷൻ സീരീസായ ‘അറ്റാക്ക്‌ ഓൺ ടൈറ്റൻ’ കണ്ടത്‌.

അതിലെ അവസാന രംഗം ശ്യാമിന്‌ സമ്മാനിച്ചത്‌ പുത്തൻ ആശയമായിരുന്നു. സ്‌കൈ ഡൈവിങ് നടത്തുക. അതിനിടെ അപകടമെന്ന്‌ തോന്നിപ്പിക്കുംവിധം സ്വന്തം ജീവിതം അവസാനിപ്പിക്കുക. പക്ഷേ, ആ ലക്ഷ്യം ശ്യാമിന്‌ സമ്മാനിച്ചത്‌ ഒരു ഗിന്നസ്‌ റെക്കോഡാണ്‌.

കൃത്രിമക്കാലുമായി 13,000 അടി ഉയരത്തിൽനിന്ന് ഒറ്റക്ക് സ്കൈ ഡൈവ് ചെയ്ത ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോഡ്‌ 23ാം വയസ്സിൽ ശ്യാം സ്വന്തമാക്കി. കൃത്രിമക്കാലുമായി പാരാഗ്ലൈഡിങ് പൈലറ്റ് ലൈസൻസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ശ്യാം.

ജനിച്ച കാലം മുതൽ അനുഭവിച്ച വേദനകളും അസുഖങ്ങളുമാണ്‌ ശ്യാമിനെ മരണത്തെക്കുറിച്ച്‌ ചിന്തിക്കാൻ പ്രേരിപ്പിച്ചത്‌. വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെ 16 ശസ്‌ത്രക്രിയകളാണ്‌ ആ ശരീരത്തിൽ നടത്തിയത്‌. 16ാം ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയ ശേഷമുള്ള നിരാശയുടെ നാളുകളിലാണ്‌ ജീവിതമവസാനിപ്പിക്കുന്നതിനെക്കുറിച്ച് ശ്യാം ഗൗരവത്തിൽ ചിന്തിച്ചത്‌.

ശ്യാം കുമാർ സ്‌കൈ ഡൈവിങ്ങിനിടെ


വേദനിച്ച കുട്ടിക്കാലം

കാലൊന്ന്‌ എട്ടാം വയസ്സിൽ നഷ്‌ടമായെങ്കിലും കുട്ടിക്കാലം മുതൽ വ്യായാമത്തോട് അടങ്ങാത്ത പ്രിയമായിരുന്നു. അതുകൊണ്ടുതന്നെ ശസ്‌ത്രക്രിയകൾ ഏൽപിക്കുന്ന വേദനകളെ ശ്യാം മറന്നത്‌ ശരീരത്തിന്‍റെ വീണ്ടെടുക്കലുകളിലൂടെയാണ്‌.

കൂലിപ്പണിക്കാരനായ ശ്രീകുമാറിന്‍റെയും സരളകുമാരിയുടെയും മൂത്ത മകനായ ശ്യാം ജനിച്ചതുതന്നെ ശാരീരിക വെല്ലുവിളികളും ആരോഗ്യപ്രശ്‌നങ്ങളുമായിട്ടായിരുന്നു. വലതുകാൽ പിൻഭാഗത്തോട് ഒട്ടിച്ചേർന്ന നിലയിലായിരുന്നു. ഒപ്പം മൂത്രാശയസംബന്ധ പ്രശ്നങ്ങളും നട്ടെല്ലിൽ വളവും മുഴയുമുള്ള അവസ്ഥയും.

ശ്യാം കുമാർ

19 ദിവസം പ്രായമുള്ളപ്പോഴായിരുന്നു മൂത്രതടസ്സം മാറ്റാനായി ആദ്യ ശസ്‌ത്രക്രിയ. രണ്ടു മാസമായപ്പോൾ ഒട്ടിയിരുന്ന കാൽ നേരെയാക്കാൻ അടുത്ത ശസ്‌ത്രക്രിയ. ഒരു ശസ്‌ത്രക്രിയയിലും മൂത്രതടസ്സം മാറിയില്ല. പിന്നെയും പലത്‌ വേണ്ടിവന്നു.

ഇതോടെ മരുന്നിലും വേദനയിലുമായി കുട്ടിക്കാലം. എട്ടു വയസ്സുവരെ അമ്മയാണ്‌ ശ്യാമിനെ തോളിലേറ്റി നടന്നിരുന്നത്‌. ഇനിയും അമ്മക്ക്‌ ബുദ്ധിമുട്ടാകരുതെന്ന തീരുമാനമെടുത്ത ശ്യാം കാൽ മുറിച്ചുമാറ്റി. പിന്നെ കൃത്രിമ കാൽ ഘടിപ്പിച്ച്‌ സ്വന്തമായി നടക്കാൻ തുടങ്ങി. അതിനു പിന്നാലെയാണ്‌ സൈക്ലിങ്ങിലേക്ക്‌ കടക്കുന്നത്‌.

സ്കൂബ ഡൈവിങ്ങിനിടെ


ആദ്യ കടമ്പക്ക്‌ ആറുമാസം

സാഹസികതകളോടുള്ള ഇഷ്‌ടം ശ്യാമിനെ ആദ്യമെത്തിച്ചത്‌ സൈക്ലിങ്ങിന്‍റെ ലോകത്താണ്‌. സൈക്ൾ ചവിട്ടി സാഹസിക യാത്രകൾ നടത്തിയ ശ്യാം മലകയറ്റവും ശീലമാക്കി.

അസുഖങ്ങൾ വിലങ്ങുതടിയായതോടെ സൈക്ലിങ് മുടങ്ങി. പ്രളയകാലത്ത്‌ ശാരീരിക വിഷമതകളും പരിമിതികളും മാറ്റിവെച്ച്‌ തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ ശ്യാമും വളന്‍റിയറായി എത്തി.

പരിശീലനത്തിനിടെ


കോവിഡ്‌ കാലത്താണ്‌ സ്‌കൈ ഡൈവിങ് മോഹം കൂടുതൽ ആവേശത്തോടെ മനസ്സിൽ കയറിയത്‌. അതിന് യു.എസ്‌.പി.എയുടെ (യുനൈറ്റഡ്‌ സ്‌റ്റേറ്റ്‌ പാരച്യൂട്ട്‌ അസോസിയേഷൻ) ലൈസൻസ്‌ നേടണമായിരുന്നു. അതിനായി നിരന്തരം മെയിലുകൾ അയച്ചു.

ആദ്യം അവഗണിച്ച അധികൃതർ ആറു മാസത്തിനുശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ പ്രത്യേക പരിഗണനയിലൂടെ ലൈസൻസ്‌ നൽകാമെന്ന്‌ പറഞ്ഞു. അതോടെ പറക്കലിനുള്ള ആദ്യ കടമ്പ കടന്നു.

സ്‌കൈ ഡൈവിങ്ങിനിടെ


വെല്ലുവിളികൾ അതിജീവിച്ച്

പഠിപ്പിക്കാനുള്ള ഡ്രോപ്‌ സോൺ സ്വയം കണ്ടെത്തിയാൽ പഠിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പലരും ഒഴിഞ്ഞുമാറി. അതിന് പണച്ചെലവ്‌ കൂടുതലായിരുന്നു. വൃക്ക മാറ്റിവെക്കലിനായി സ്വരൂപിച്ചതിൽ മിച്ചംവന്ന പണം സൂക്ഷിച്ചുവെച്ചിരുന്നു. അതിൽ ഒരു വിഹിതം തന്‍റെ ലക്ഷ്യസാഫല്യത്തിനായി ചെലവാക്കാൻ തീരുമാനിച്ചു.

മരുന്നുകൾ വാങ്ങുകയെന്നത്‌ ഒഴിവാക്കാനാവാത്തതിനാൽ നിശ്ചിത തുക അതിന് നീക്കിവെച്ചു. അങ്ങനെ പല വഴിക്കുള്ള ശ്രമങ്ങൾക്കൊടുവിൽ തായ്‌ലൻഡ് സ്വദേശിയായ ആൻഡി പൈൻ എന്ന പരിശീലകനു കീഴിൽ പരിശീലനത്തിന് അവസരം ലഭിച്ചു.

പിന്നീട് ആറുതവണ അഭ്യാസ പ്രകടനം നടത്തി. മൂന്നാം ചാട്ടത്തിൽ പാരച്യൂട്ട്‌ കാലിൽ കുരുങ്ങി. അംബ്രല തുറക്കുന്നതിലും പിഴവ്‌ സംഭവിച്ചെങ്കിലും കാലിലെ കുരുക്ക്‌ പ്രശ്‌നങ്ങളില്ലാതെ അഴിക്കാനായതിനാൽ വലിയ അപകടം ഉണ്ടായില്ല. കുരുക്കഴിച്ച്‌ ശ്യാം കയറിയത്‌ ലോക റെക്കോഡിലേക്കാണ്‌.

അമ്മക്കൊപ്പം


വലിയ സ്വപ്നം

45,000 അടി ഉയരത്തിൽനിന്നുള്ള സ്‌കൈ ഡൈവിങ്ങാണ്‌ ഇനിയുള്ള സ്വപ്‌നം. അതിന്‌ ഒന്നരക്കോടി രൂപ ചെലവു വരും. ഒരു സ്‌പോൺസറെ കാത്തിരിക്കുകയാണ്‌ ശ്യാം.

അതിനായുള്ള പരിശ്രമത്തിലാണ്. ഇന്നല്ലെങ്കിൽ നാളെ താൻ സ്വപ്‌നനേട്ടം കൈവരിക്കുമെന്ന്‌ ഈ യുവാവ്‌ ദൃഢനിശ്ചയത്തോടെ പറയുമ്പോഴും പഴകിയ വെപ്പുകാൽ നൽകുന്ന അസ്വസ്ഥതകൾ അയാളെ വല്ലാതെ അലട്ടുന്നുണ്ട്‌.

Tags:    
News Summary - adventurous life of shyam kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.