സാറിലെ വാഹനാപകട കേസ്: കക്ഷിയെ വെറുതെ വിടണമെന്ന് പ്രതിഭാഗം, വിഡിയോ ദൃശ്യം കോടതിക്ക് കൈമാറി; ആഗസ്റ്റ് 14ന് വീണ്ടും വിധി പറയും

മനാമ: കഴിഞ്ഞ മെയ് 30ന് സാറിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും മകനും മരിക്കുകയും മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ, പ്രതിഭാഗം അഭിഭാഷകൻ തന്റെ കക്ഷിയെ വെറുതെ വിടണമെന്ന ആവശ്യവുമായി രംഗത്ത്. അല്ലെങ്കിൽ ശിക്ഷ കുറക്കുകയും അതിന്റെ നടപ്പാക്കൽ താൽകാലികമായി നിർത്തിവക്കുകയും ചെയ്യണമെന്നും അദ്ദേഹം കോടതിയോട് അഭ്യർഥിച്ചു.

കഴിഞ്ഞദിവസം നടന്ന വാദം കേൾക്കലിൽ, കീഴ് കോടതിയുടെ വിധി പ്രാഥമിക പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതി മറ്റൊരു വാഹനത്തെ മറികടന്ന് എതിർ ദിശയിലേക്ക് പ്രവേശിച്ച് ഇരകളുടെ കാറുമായി കൂട്ടിയിടിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കേസ് ഫയലിലുള്ള സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഈ വാദത്തെ നിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിഡിയോയിൽ, പ്രതിയുടെ കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് ഒരു റോഡരികിലെ മണൽ ഭിത്തിയിലും മരങ്ങളിലും തട്ടി നിൽക്കുന്നതായി കാണാം. ഏതാനും നിമിഷങ്ങൾക്കകം, ഇരകളുടെ കാർ സമയത്തിന് ബ്രേക്ക് ചെയ്യാതെ പ്രതിയുടെ വാഹനത്തിന്റെ മുൻവശത്തെ വലത് ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

അപകടസമയത്ത് പ്രതിയായ 29 വയസ്സുകാരനായ ബഹ്‌റൈനി ഡ്രൈവർ അമിത വേഗതയിലും എതിർ ദിശയിലും മദ്യലഹരിയിലുമാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ, ട്രാഫിക് കോടതി ഇയാൾക്ക് ആറ് വർഷം തടവും ശിക്ഷ അനുഭവിച്ച ശേഷം ഒരു വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. പ്രതിയുടെ അശ്രദ്ധമായ നടപടിയും സമാനമായ ലംഘനങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷൻ പരമാവധി ശിക്ഷ ആവശ്യപ്പെട്ടിരുന്നു. കേസിൽ ആഗസ്റ്റ് 14ന് വിധി പറയാൻ രണ്ടാം ഹൈ ക്രിമിനൽ അപ്പീൽ കോടതി തീരുമാനിച്ചു.

Tags:    
News Summary - Bahrain's Sar car accident case: Defense wants to acquit client

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.