മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഫലസ്തീൻ ആഭ്യന്തരമന്ത്രി സിയാദ് മഹ്മൂദ് ഹബ് അൽ റീഹും റിഫ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. പ്രതിനിധിസംഘവുമായ റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഫലസ്തീൻ ബന്ധം ഊട്ടിയുറപ്പിക്കുന്ന ഇരുവരും തമ്മിലുള്ള ദീർഘകാല ബന്ധവും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെയും പിന്തുണയോടെയുള്ള വിവിധ മേഖലകളിലെ സഹകരണവും കിരീടാവകാശി സൂചിപ്പിച്ചു.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ എല്ലാ അറബ് ജനതയുടെയും ഹൃദയത്തിൽ അടിയുറച്ചതാണെന്നും ഈ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും ഏകീകൃത അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ഹമദ് രാജാവിനും കിരീടാവകാശിക്കുമുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആശംസകൾ സിയാദ് മഹ്മൂദ് അറിയിച്ചു. കൂടാതെ ബഹ്റൈന്റെ തുടർപുരോഗതിക്കും വിജയത്തിനും അദ്ദേഹം ആശംസകളും നേർന്നു. മറുപടിയായി ഹമദ് രാജാവിന്റെയും തന്റെയും മഹ്മൂദ് അബ്ബാസിനുള്ള ആശംസകൾ സിയാദ് മഹ്മൂദിന് കിരാടാവകാശി കൈമാറുകയും ഫലസ്തീന്റെ അഭിവൃദ്ധിക്കായി ആശംസിക്കുകയും ചെയ്തു.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു നീതിയുക്തവും ശാശ്വതവുമായ പരിഹാരം ലക്ഷ്യമിട്ടുള്ള ഫലസ്തീൻ വിഷയത്തോടുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് കിരീടാവകാശി ആവർത്തിച്ചുപറഞ്ഞു. സംഘർഷം കുറക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഗസ്സയിലേക്ക് മാനുഷികസഹായം തുടർന്നും എത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിക്കുകയും ഇക്കാര്യത്തിൽ സഖ്യകക്ഷികളുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സുരക്ഷാ സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള രണ്ട് രാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധതയെ കിരീടാവകാശി സ്വാഗതം ചെയ്തു. പരസ്പര താൽപര്യമുള്ള മറ്റ് വിഷയങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കിരീടാവകാശിയുടെ പ്രതിബദ്ധതക്കും രാജ്യത്ത് ലഭിച്ച ഊഷ്മള സ്വീകരണത്തിനും സിയാദ് മഹ്മൂദ് നന്ദി പറഞ്ഞു. ബഹ്റൈൻ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.