മനാമ: 2025ന്റെ ആദ്യ പകുതിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്രചെയ്തത് 4,462,365 പേർ. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണിത്. രാജ്യത്തേക്കും പുറത്തേക്കും യാത്ര ചെയ്തവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള ആകെ എണ്ണമാണ്.
ഇതിൽ 2,223,641 യാത്രക്കാർ ബഹ്‌റൈനിൽ എത്തുകയും, 2,254,924 പേർ പുറപ്പെടുകയും ചെയ്തു. കൂടാതെ, 15,800 യാത്രക്കാർ വിമാനത്താവളം കണക്ടിങ് മാർഗമായി ഉപയോഗിച്ചതാണ്. മെയ് മാസത്തെ കണക്കുകൾ കഴിഞ്ഞ ദിവസം മന്ത്രാലയം പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ആറുമാസത്തെ കണക്കും പുറത്തു വിട്ടത്. പ്രതിമാസ കണക്കുകൾ പ്രകാരം ജനുവരിയിൽ 812,284 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചത്. മാർച്ചിൽ ഇത് 594,824 ആയി കുറഞ്ഞെങ്കിലും, ഏപ്രിലിൽ 808,695 ആയും ജൂണിൽ 780,731 ആയും വർധിച്ചു.
ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണത്തിൽ ആദ്യ മാസങ്ങളെ അപേക്ഷിച്ച് നിലവിൽ ഗണ്യമായി കുറഞ്ഞ സ്ഥിതിയാണ്. ജനുവരിയിൽ 4,243 പേരും ഫെബ്രുവരിയിൽ4,285 ഉം, മാർച്ചിൽ 4,264 ഉം ആയിരുന്നു ട്രാൻസിസ്റ്റ് യാത്രക്കാർ. എന്നാൽ ഏപ്രിലിൽ ഇത് 853 ആയി കുറഞ്ഞു. മേയിൽ 681ആയി താഴ്ന്നെങ്കിലും ജൂണിൽ അത് 1,474 ഉം ആയി ഉയർന്നിരുന്നു.
ഈ കാലയളവിൽ ആകെ 48,747 വിമാനങ്ങളാണ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയും എത്തുകയും ചെയ്തത്. ബഹ്റൈന്‍റെ വ്യോമപാത ഉപയോഗിച്ചത് 262,839 വിമാനങ്ങളാണ്.
ഇക്കാലയളവിൽ 192,073 ടൺ കാർഗോയും മെയിലും വിമാനത്താവളം കൈകാര്യം ചെയ്തു. ഇതിൽ രാജ്യത്തേക്ക് വന്നതും, പുറത്തേക്ക് പോയതും, ട്രാൻസിറ്റ് ചെയ്തതുമായ കാർഗോ ഉൾപ്പെടുന്നു. മാർച്ചിൽ മാത്രം 14,668 ഇറക്കുമതികൾ രാജ്യത്തെത്തിയിരുന്നു. 9,605 എണ്ണം രാജ്യത്ത് നിന്ന് പുറപ്പെടുകയും, 11,371 എണ്ണം ട്രാൻസിറ്റ് ചെയ്യുകയും ചെയ്തു. ഏറ്റവും കുറഞ്ഞ കയറ്റുമതി ജൂണിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.