മനാമ: ബഹ്റൈനിലെ പള്ളികൾ, മഅ്തമുകൾ (കമ്യൂണിറ്റി ഹാളുകൾ), ഖുർആൻ സെന്ററുകൾ എന്നിവിടങ്ങളിൽ വെള്ളം ലാഭിക്കുന്ന സെൻസർ ടാപ്പുകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി കൗൺസിലർമാർ. ജലസംരക്ഷണത്തെയും സുസ്ഥിരതയെയും കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നിർദേശവുമായി കൗൺസിലർമാർ രംഗത്തെത്തിയത്.
തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്, മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ എന്നിവർ സംയുക്തമായാണ് ഈ നിർദേശം സമർപ്പിച്ചത്. നിർദേശം നിലവിൽ നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രി നവാഫ് അൽ മഅാവദയുടെ അവലോകനത്തിനും നടപ്പാക്കലിനുമായി കൈമാറാൻ ഒരുങ്ങുകയാണ്. പൊതു, മതപരമായ സൗകര്യങ്ങളിൽ പരിസ്ഥിതിസൗഹൃദപരമായ അടിസ്ഥാനസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുനിസിപ്പൽ കൗൺസിലുകളുടെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്.
പള്ളികളിലും മറ്റ് മതപരമായ സ്ഥലങ്ങളിലും, പ്രത്യേകിച്ച് അംഗശുദ്ധി വരുത്തുമ്പോൾ (വുദു), ദിവസവും വലിയ അളവിൽ വെള്ളം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. പലപ്പോഴും വെള്ളം അനാവശ്യമായി ചെലവാകാറുണ്ട്, എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ഓട്ടോമാറ്റിക് സെൻസർ ടാപ്പുകൾ സ്ഥാപിക്കുന്നത് പ്രായോഗികവും ചെലവ് കുറഞ്ഞതുമായ മാർഗമാണെന്നും അദ്ദേഹം പറഞ്ഞു. ചില വാണിജ്യ സ്ഥാപനങ്ങളിൽ ഇതിനകം നടപ്പാക്കിയ വിജയകരമായ മാതൃകകളെ അടിസ്ഥാനമാക്കിയാണ് ഈ ആശയം രൂപവത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പുതുതായി നിർമിക്കുന്ന ഇത്തരം ഇടങ്ങളിൽ നടപ്പാക്കി, ക്രമേണ പഴയ കെട്ടിടങ്ങളിൽ സെൻസർ അധിഷ്ഠിത പ്ലംബിങ് സംവിധാനങ്ങൾ സ്ഥാപിച്ച് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയത്തോട് ഈ നിർദേശം ആവശ്യപ്പെടുന്നത്. വലിയ തോതിൽ ഇത് സ്ഥാപിക്കുന്നതിനുള്ള ചെലവ് വിലയിരുത്തുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള സാധ്യതയുള്ള സബ്സിഡികൾ കണ്ടെത്താനും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി (ഇവ) സഹകരിക്കാനും കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയം തങ്ങളുടെ നിർദേശത്തോട് വേഗത്തിൽ പ്രതികരിക്കുമെന്നും നടപ്പാക്കൽസംവിധാനങ്ങൾ പഠിക്കാൻ ഒരു സാങ്കേതിക സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കുമെന്നുമാണ് ഇരു കൗൺസിൽ ചെയർമാൻമാരുടെയും പ്രത്യാശ.
ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി പള്ളികളിലും മഅ്തമുകളിലും ഖുർആൻ സെന്ററുകളിലും ബോധവത്കരണ കാമ്പയിനുകൾ നടത്താനും അവർ നിർദേശിച്ചു. ഈ നിർദേശം ആഗസ്റ്റിൽ ആരംഭിക്കുന്ന കൗൺസിൽ യോഗങ്ങളിൽ കൂടുതൽ ചർച്ചക്കിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.