മനാമ: പൊതുസമൂഹമാധ്യമങ്ങളിൽ വിഭാഗീയ ഉള്ളടക്കമുള്ള വിഡിയോ പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷം വളർത്താനും ഭിന്നതയുണ്ടാക്കാനും ശ്രമിച്ചതിന് ഒരാളെ കസ്റ്റഡിയിലെടുത്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 36 വയസ്സുകാരനായ ഇയാളുടെ പൗരത്വം വെളിപ്പെടുത്തിയിട്ടില്ല. അഴിമതി, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാവിഭാഗത്തിൽ നിന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലൊരു പോസ്റ്റിനെക്കുറിച്ച് വിവരം ലഭിച്ചയുടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും വിഡിയോ ക്ലിപ്പുകൾ പരിശോധിക്കുകയും ചെയ്തു.
ഈ ക്ലിപ്പുകളിൽ പ്രതി ചില വിഭാഗങ്ങളെയും അവരുടെ മതപരമായ വിശ്വാസങ്ങളെയും ലക്ഷ്യംവെക്കുന്നതായി വ്യക്തമായിരുന്നു. പ്രതിയെ ചോദ്യം ചെയ്യുകയും തെളിവുകൾ ലഭിക്കുകയും ചെയ്ത ശേഷം, കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിട്ടു. കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മതപരമായ വിശ്വാസങ്ങളെ ഉൾക്കൊള്ളുന്ന ഏതൊരു നിയമലംഘനത്തിലും നിയമം കർശനമായി നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു. ഇത് സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങളെ മാനിക്കുന്നത് ഉറപ്പാക്കാനാണ്. ദേശീയ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആർക്കെതിരെയും തങ്ങളുടെ കടമകൾ നിറവേറ്റുന്നത് തുടരുമെന്ന് ഡയറക്ടറേറ്റ് ഊന്നിപ്പറഞ്ഞു. ഭിന്നത വളർത്താൻ ശ്രമിക്കുന്ന ആർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.