ടാറ്റ ഹാരിയർ.ഇ.വി
മുംബൈ: രാജ്യത്തെ ജനപ്രിയ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോർസ് പുതുതായി വിപണിയിലിറക്കിയ ഹാരിയർ.ഇ.വിയുടെ ഡെലിവറികൾ രാജ്യവ്യാപകമായി ആരംഭിച്ചു. ബുക്കിങ് ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിങ് നേടിയാണ് ഹാരിയർ.ഇ.വി വിപണിയിൽ തിളങ്ങിയത്. എന്നാൽ ബുക്കിങ് ആരംഭിച്ചപ്പോൾ വകഭേദത്തെയും നഗരങ്ങളെയും ആശ്രയിച്ച് 28 മുതൽ 30 ആഴ്ചവരെ കാത്തിരിപ്പ് കാലാവധി കമ്പനി പ്രഖ്യാപിച്ചിരുന്നു.
ജൂൺ 3നാണ് ഇലക്ട്രിക് വാഹനത്തിലെ വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന ഓൾ-വീൽ ഡ്രൈവ് ഹാരിയർ.ഇ.വി ഇന്ത്യൻ വിപണിയിൽ ടാറ്റ മോട്ടോർസ് അവതരിപ്പിക്കുന്നത്. പിന്നീട് കേരളത്തിലെ വാഗമണ്ണിലുള്ള ആനപ്പാറയിലേക്ക് ഓഫ്-റോഡ് ഡ്രൈവറായ ഡോ.മുഹമ്മദ് ഫഹദ് വാഹനം കയറ്റിയിറക്കിയത് ആഗോളതലത്തിൽ തന്നെ ഏറെ ജനശ്രേദ്ധ നേടിയിരുന്നു.
അഡ്വഞ്ചർ 65, അഡ്വഞ്ചർ.എസ് 65, ഫിയർലെസ്+ 65, ഫിയർലെസ്+ 75, എംപവേർഡ് 75, എംപവേർഡ് 75 ക്യു.ഡബ്ല്യു.ഡി എന്നീ ആറ് വകഭേദങ്ങളിലാണ് ടാറ്റ ഹാരിയർ.ഇ.വി വിപണിയിലെത്തുന്നത്. വകഭേദം അനുസരിച്ച് 21.49 ലക്ഷം, 21.99 ലക്ഷം, 23.99 ലക്ഷം, 24.99 ലക്ഷം, 27.49 ലക്ഷം, 28.99 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. ഇതിൽ എ.സി ഫാസ്റ്റ് ചാർജറും ഇൻസ്റ്റലേഷൻ ചാർജുകളും ഉൾപ്പെടുന്നില്ല. മാത്രമല്ല സ്റ്റെൽത്ത് എഡിഷന് 75,000 രൂപ ഉപഭോക്താക്കൾ അധികം നൽകുകയും വേണം.
ഒന്നിൽ കൂടുതൽ ഡ്രൈവിങ് മോഡലുകളുള്ള ഹാരിയർ.ഇ.വി നോർമൽ, സ്നോ/ഗ്രാസ്, മഡ്-റൂട്സ്, സാൻഡ്, റോക് പോലുള്ള പ്രതലത്തിൽ സുഖകരമായ ഡ്രൈവിങ് വാഗ്‌ദാനം ചെയ്യുന്നു. ഇതോടൊപ്പം ഈ മോഡലുകളെ മാന്വൽ ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മോഡും ടാറ്റ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കോ,സ്‌പോർട്, സിറ്റി, ബൂസ്റ്റ് മോഡുകളും ഡ്രൈവിങ്ങിന് കരുത്തേകും. അഡ്വാൻസ്ഡ് ടെക്നോളജിയായ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സംവിധാനവും ഹാരിയർ ഇ.വിയുടെ പ്രത്യേകതയാണ്.
വിശാലമായ ഇന്റീരിയറിൽ 14.53-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഡ്യൂവൽടോൺ ഡാഷ്‌ബോർഡ്, ലോകത്തിലെ ആദ്യത്തെ സാംസങ് നിയോ QLED ഡിസ്പ്ലേ, ഫോർ സ്പോക്ക് സ്റ്റീയറിങ് വീൽ എന്നിവ ഹാരിയർ.ഇ.വിയിലുണ്ട്. കൂടാതെ 502 ലീറ്ററിന്റെ വലിയ ബൂട്ട് സ്പേസും ടാറ്റ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരാമിക് സൺറൂഫ്, 10 സ്പീക്കർ ജെ.ബി.എൽ സൗണ്ട് സിസ്റ്റവും ഹരിയാറിൽ ടാറ്റ സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷക്ക് മുൻഗണന നൽകി നിർമ്മിച്ച വാഹനമായതിനാൽ ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം), 360 ഡിഗ്രി കാമറ, ഡാഷ് കാമറ, ബ്ലൈൻഡ് സ്പോട് മോണിറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ (ESC), ഹിൽ ഹോൾഡ് കൺട്രോൾ എന്നിവയും ഹാരിയറിൽ ഉൾപെടും.
രണ്ട് ബാറ്ററി പാക്കുകളുമായാണ് ഹാരിയർ.ഇ.വി വിപണിയിലേക്കെത്തുന്നത്. ആദ്യ ബാറ്ററി ഓപ്ഷനായ 65kWh റിയർ-വീൽ ഡ്രൈവ് യഥാക്രമം 238 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും. ഇത് ഒറ്റ ചാർജിൽ 505 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. രണ്ടാമത്തെ ബാറ്ററി ഓപ്ഷനായ 75kWh ഡ്യൂവൽ-മോട്ടോർ ഡ്രൈവ് 313 ബി.എച്ച്.പി പവറും 504 എൻ.എം ഇൻസ്റ്റന്റ് ടോർക്കും ഉത്പാദിപ്പിക്കും. ഇത് 627 കിലോമീറ്റർ റേഞ്ചും നൽകുന്നുണ്ട്. 0-100 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 6.3 സെക്കന്റ് മാത്രമാണ് ഹാരിയർ.ഇ.വി എടുക്കുന്നത്. 120kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 25 മിനിറ്റുകൊണ്ട് 20-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.