ന്യൂഡൽഹി: കർഷക നിയമത്തിനെതിരെ രംഗത്തിറങ്ങിയ പ്രതിപക്ഷ കക്ഷികളെ സമരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കേന്ദ്രസർക്കാറിനു വേണ്ടി മന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ അവതരിപ്പിച്ച 2020ലെ കർഷക ബില്ലിനും നിയമത്തിനുമെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയോഗിക്കപ്പെട്ട അരുൺ ജെയ്റ്റ്ലി തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ലീഗൽ കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് രാഹുൽ പരാമർശനം നടത്തിയത്.
‘കർഷക നിയമത്തിനെതിരെ ഞങ്ങൾ പോരാട്ടം നടത്തിയ കാലം ഞാൻ ഓർക്കുന്നു. അന്ന് അരുൺ ജെയ്റ്റ്ലിയെ ഭീഷണി സന്ദേശം അറിയിക്കനായി എനിക്കരികിലേക്ക് അയച്ചു. കർഷക നിയമത്തിൽ സർക്കാറിനെതിരെ സമരം ശക്തമാക്കുകയാണെങ്കിൽ പ്രത്യാഘാതം അനുഭവിക്കുമെന്നായിരുന്നു ഭീഷണി. ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി... ആരോടാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ലെന്ന മറുപടിയും നൽകി’ -രാഹുൽ പറഞ്ഞു.
എന്നാൽ, രാഹുലിന്റെ വാക്കുകളിൽ വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ, മറുപടിയുമായി അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജയ്റ്റ്ലി രംഗത്തെത്തി. 2019ൽ അന്തരിച്ച എന്റെ പിതാവ്, 2020ൽ അവതരിപ്പിച്ച ബില്ലിന്റെ പേരിൽ താങ്കളെ എങ്ങനെ ഭീഷണി പെടുത്തുമെന്നായിരുന്നു ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രോഹന്റെ പ്രതികരണം.
രാഹുൽ ഗാന്ധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പയും രംഗത്തെത്തി.
‘എന്റെ പിതാവ് അരുൺ ജെയ്റ്റ്ലി കർഷക നിയമത്തിന്റെ പേരിൽ രാഹുലിനെ ഭീഷണിപ്പെടുത്തിയെന്ന അവകാശവാദം കേട്ടു. പിതാവ് 2019ൽ മരിച്ചിരുന്നു. എന്നാൽ, കർഷക നിയമം 2020ലാണ് അവതരിപ്പിക്കുന്നത്. എല്ലാത്തിലുമുപരി അഭിപ്രായവ്യത്യാസമുള്ളവരെ ഭീഷണിപ്പെടുത്തുകയെന്നത് എന്റെ പിതാവിന്റെ ശൈലിയുമല്ല. അദ്ദേഹം അടിയുറച്ച ജനാധിപത്യവാദിയായിരുന്നു. എപ്പോഴും സമവായത്തിൽ വിശ്വസിച്ചു. രാഷ്ട്രീയത്തിൽ പലപ്പോഴും സംഭവിക്കുന്നതുപോലെ തർക്കവും വിവാദവുമുണ്ടായാൽ, എല്ലാവർക്കും സ്വീകാര്യമായ ഒരു പരിഹാരത്തിലെത്താൻ സ്വതന്ത്രവും തുറന്നതുമായ ചർച്ചകളിലേക്ക് അദ്ദേഹം ക്ഷണിക്കുമായിരുന്നു’ -രോഹൻ ജെയ്റ്റ്ലി വിശദീകരിച്ചു.
ബി.ജെ.പി ഐ.ടിസെൽ മേധാവി അമിത് മാളവ്യയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. അരുൺ ജയ്റ്റ്ലി 2019 ആഗസ്റ്റ് 24ന് അന്തരിച്ചിരുന്നു. കർഷക ബിൽ 2020 ജൂൺ മൂന്നിന് മന്ത്രിസഭ അംഗീകാരം നൽകുകയും, സെപ്റ്റംബറിൽ പ്രാബല്ല്യത്തിൽ വരികയുമായിരുന്നു. രാഹുലിന്റെ വാക്കുകൾ തെറ്റാണെന്നും, വസ്തുതകളും സത്യവും വളച്ചൊടുക്കുകയാണെന്നും അമിത് മാളവ്യ പറഞ്ഞു.
മുതിർന്ന ബി.ജെ.പി നേതാവായിരുന്ന അരുൺ ജെയ്റ്റ്ലി വാജ്പേയ് സർക്കാറിൽ നിയമ മന്ത്രിയും, പ്രഥമ നരേന്ദ്ര മോദി സർക്കാറിൽ ധനകാര്യമന്ത്രി, ഇടക്കാലത്ത് പ്രതിരോധ മന്ത്രി ഉൾപ്പെടെ പദവികളും വഹിച്ചിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായും തിളങ്ങിയ ജയ്റ്റ്ലി 66ാം വയസ്സിലാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.