ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകളുടെ പൂർണ വിവരങ്ങൾ കമീഷൻ വെളിപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷം. വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്ന എല്ലാ പേരുകളുടെയും വിശദാംശങ്ങൾ നൽകുമെന്ന് കമീഷൻ പറഞ്ഞിട്ടും അതു നൽകുന്നില്ലെന്ന് ആർ.ജെ.ഡി അധ്യക്ഷനും സംസ്ഥാന പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് പറഞ്ഞു.
65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനുശേഷവും പുതിയ കരട് പട്ടിക അവ്യക്തമായി തുടരുന്നു. കമീഷൻ തുടർച്ചയായി തീരുമാനങ്ങൾ മാറ്റുന്നു. പ്രവർത്തനങ്ങൾ സുതാര്യമല്ല. പാതി വെന്ത പട്ടിക പുറത്തിറക്കുന്നത് നിർഭാഗ്യകരമാണ്. വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്ത ഓരോ പേരിന്റെയും കൂടെ മരണം, സ്ഥലംമാറ്റം, പേര് ആവർത്തിച്ചത് കണ്ടെത്താനാകാത്തത് എന്നിങ്ങനെയുള്ള കാരണങ്ങൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുമെന്ന് കമീഷൻ ഉറപ്പുനൽകിയിരുന്നു. ഇതുണ്ടാകുന്നില്ല. ഓരോ നിയമസഭ മണ്ഡലത്തിൽനിന്നും 25,000 മുതൽ 30,000 വരെ വോട്ടുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും തേജ്വസി പറഞ്ഞു.
എന്നാൽ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് വോട്ടർ പട്ടിക പരിഷ്കരണം നടത്തിയതെന്നാണ് കമീഷന്റെ വാദം. വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ രാഷ്ട്രീയപാർട്ടികൾക്ക് നടപടിക്രമങ്ങൾക്കനുസൃതമായി നൽകുമെന്നും കമീഷൻ വ്യക്തമാക്കി. പട്ടികയിൽ തേജ്വസിയുടെ പേര് കാണുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കമീഷൻ പറഞ്ഞു.
ന്യൂഡൽഹി: ബി.ജെ.പി ഭരണത്തിന് കീഴിൽ ഭരണഘടന അപകടത്തിലാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ നരേന്ദ്ര മോദിയുടെ കളിപ്പാവയായി മാറിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നമ്മുടെ ഭരണഘടന വെറുമൊരു നിയമപരമായ രേഖയല്ല, ജനാധിപത്യത്തിന്റെ ആത്മാവാണ്. അത് ഓരോ ഇന്ത്യക്കാരനും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്കുള്ള അവകാശം നൽകുന്നു. ഇപ്പോൾ ആ ഭരണഘടനയെ മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്.
2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടിയിരുന്നെങ്കിൽ അവർ ഭരണഘടന മാറ്റുമായിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. ‘ഭരണഘടന വെല്ലുവിളികൾ- കാഴ്ചപ്പാടുകളും വഴികളും’ വിഷയത്തിൽ കോൺഗ്രസ് ലോയേഴ്സ് ഫോറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ എത്തുന്ന മോദി ഒരിക്കലും സഭയിലേക്ക് വരില്ല.
ഓഫിസിൽ ഇരുന്ന് ടി.വിയിൽ പാർലമെന്റ് നടപടികൾ വീക്ഷിക്കും. സഭയിൽ വരുന്നതിൽ എന്തുകൊണ്ടാണ് ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. ജഗ്ദീപ് ധൻഖർ രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. പ്രതിഷേധിച്ചാൽ സസ്പെൻഡ് ചെയ്യും. എന്നാൽ താൻ സ്വതന്ത്രനാണെന്ന് അദ്ദേഹം അവകാശപ്പെടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് ഭീഷണിയും സമ്മർദവും നേരിടേണ്ടിവന്നുവെന്നും ധൻഖറിന്റെ രാജി ചൂണ്ടിക്കാട്ടി ഖാർഗെ പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനം മരിച്ചുകഴിഞ്ഞെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും രാഹുൽ ഗാന്ധി. തുടർച്ചയായി രണ്ടാം ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കടന്നാക്രമിച്ച രാഹുൽ ആറ് മാസം എടുത്ത് നടത്തിയ പരിശോധനയിൽ 6.5 ലക്ഷം വോട്ടുകൾ വ്യാജമാണ് കണ്ടെത്തിയതായി കൂട്ടിച്ചേർത്തു. ‘ഭരണഘടനാപരമായ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച അഭിഭാഷക കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 സീറ്റുകൾ ഇല്ലായിരുന്നുവെങ്കിൽ മോദി 2024-ൽ പ്രധാനമന്ത്രിയാകുകയില്ലായിരുന്നു. മോദിക്ക് വീണ്ടും അധികാരത്തിലെത്താൻ തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തി. അട്ടിമറി സംബന്ധിച്ച് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടേ സംശയമുണ്ടായിരുന്നു. മാറാതെ ഭരിച്ചുകൊണ്ടിരിക്കുകയും പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടാതെ വരികയും ചെയ്തതോടെ ഇത് ബലപ്പെട്ടു. അതിന് ശേഷം മഹാരാഷ്ട്രയിൽ ഒരു കോടി വോട്ടുകൾ പുതുതായി ചേർത്തെന്ന് കണ്ടെത്തി. അന്ന് തെളിവില്ലായിരുന്നു. എന്നാൽ ആറ് മാസം ബൂത്ത് തല വോട്ടുകൾ വെച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ തെളിവുകൾ കിട്ടി. ഈ തെളിവുകൾ ഞെട്ടിക്കുന്നതാണ്. തെരഞ്ഞടുപ്പ് കമീഷൻ എന്ന സംവിധാനം ഇല്ലാതായെന്ന് തെളിയിക്കുന്നതാണ്.
പേടിപ്പിച്ചു ഭരിക്കുകയെന്നത് ബി.ജെ.പി രീതിയാണ്. കർഷക സമര കാലത്ത് തന്നെ ഭീഷണിപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയെ അയച്ചു. എന്നാൽ ആളു മാറിയെന്ന് പറഞ്ഞ് തിരിച്ചയച്ചു. തീ കൊണ്ടാണ് നീ കളിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞതായി വെളിപ്പെടുത്തിയ രാഹുൽ തീയിൽ തന്നെയാകുമല്ലോ നമ്മുടെ അന്ത്യമെന്ന് മറുപടി നൽകിയെന്നും പറഞ്ഞു. രാഹുൽ പ്രസംഗം തുടങ്ങിയ ഉടൻ വിജ്ഞാൻ ഭവനിലെ സദസിൽ നിന്ന് ‘ഇസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസാ ഹോ’ എന്ന മുദ്രാവാക്യം മുഴക്കിയപ്പോൾ അത് വിലക്കിയ രാഹുൽ തനിക്ക് രാജാവാകാൻ ആഗ്രഹമില്ലെന്നും, ആ ആശയത്തോട് തന്നെ എതിർപ്പാണെന്നും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.