പുരിയിൽ പെൺകുട്ടിയെ ചുട്ടുകൊന്ന കേസിൽ ആർക്കും പങ്കില്ലെന്ന് ഒഡിഷ പൊലീസ്; മൂന്നു പേർ ചേർന്ന് തീ കൊളുത്തിയെന്ന് മാതാവിന്റെ പരാതി

ഭുവനേശ്വർ: 15 വയസ്സുകാരിയെ ചുട്ടുകൊന്ന സംഭവത്തിൽ ആർക്കും പങ്കില്ലെന്ന വിചിത്ര പ്രസ്താവനയുമായി ഒഡിഷ പൊലീസ്. മൂന്ന് അജ്ഞാതരായ അക്രമികൾ തന്റെ മകളെ തീകൊളുത്തിയെന്ന ഇരയുടെ മാതാവി​ന്റെ പരാതിയിൽ ആണ് കേസ് എടുത്തത്. എന്നാൽ, ഇതുവരെ നടത്തിയ അന്വേഷണത്തിൽ മറ്റാരെയും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടിക്ക് തീപിടിച്ചത് എങ്ങനെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുമില്ല.  രണ്ടാഴ്ച മുമ്പ് നടന്ന ക്രൂരമായ അക്രമത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

75 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഡൽഹി എയിംസിൽ ചികിൽസയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.  അതിനു പിന്നാലെയാണ് പൊലീസിന്റെ പ്രതികരണം. ‘ബലംഗ സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ മരണവാർത്ത കേട്ടതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണ്. ഇതുവരെ നടത്തിയ അന്വേഷണമനുസരിച്ച് അതിൽ മറ്റാരും ഉൾപ്പെട്ടിട്ടില്ല. അതിനാൽ, ഈ ദാരുണമായ നിമിഷത്തിൽ വിഷയത്തിൽ സെൻസിറ്റീവ് അഭിപ്രായങ്ങൾ പറയരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’ എന്ന് ഒഡിഷ പൊലീസ് ‘എക്സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു. 

ജൂലൈ 19ന് ബലംഗ പൊലീസ് സ്റ്റേഷനിൽ നൽകിയ എഫ്‌.ഐ.ആറിൽ പെൺകുട്ടിയുടെ മാതാവ് മകളെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി തീപിടിക്കുന്ന വസ്തു ഒഴിച്ച് തീകൊളുത്തി എന്ന് ആരോപിച്ചിട്ടുണ്ട്. ഇരയുടെ പിതാവും ഈ പ്രസ്താവന ശരിവെക്കുന്നു. ഇരക്ക് താങ്ങാനാവാത്ത ആഘാതം ഉണ്ടായെന്നും ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു. മാനസിക സമ്മർദം മൂലമാണ് അവളുടെ ജീവൻ നഷ്ടമായത്. അവൾ നേരിട്ട ആഘാതം അസഹനീയമായിരുന്നു. എനിക്ക് പറയാനുള്ളത് ഒഡിഷ സർക്കാർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നതാണ്. ദയവായി ഈ ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഞാൻ താഴ്മയോടെ അഭ്യർഥിക്കുന്നു. പകരം അവളുടെ ആത്മാവിനായി പ്രാർത്ഥിക്കുക. ഇപ്പോൾ എനിക്ക് വേണ്ടത് എന്റെ മകളുടെ ശാന്തി മാത്രമാണ്’- അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

‘തീ പിടിച്ച നിലയിലാണ് പെൺകുട്ടി എന്റെ വീട്ടിലേക്ക് ഓടിയെത്തിയത്. അവളുടെ കൈകൾ കെട്ടിയിട്ടിരുന്നു. ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഞാനും ഭാര്യയും മകളും ചേർന്ന് തീ അണച്ച് പുതിയ വസ്ത്രങ്ങൾ നൽകി. രണ്ട് ബൈക്കുകളിലായി എത്തിയ മൂന്ന് പേർ ബലമായി ഇവിടെ കൊണ്ടുവന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതായി അവൾ എന്നോട് പറഞ്ഞു. അവൾ വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു. കഴുത്ത് മുതൽ കാൽവിരൽ വരെ പൊള്ളലേറ്റിരുന്നു.  പക്ഷേ അവളുടെ മുഖത്തിന് ഒന്നും ഭവിച്ചില്ല - പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമുള്ള ദൃക്‌സാക്ഷി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂലൈ 19ന് പുരി ജില്ലയിലെ ബലംഗയിൽ ആണ് സംഭവം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് 500 മീറ്ററോളം അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകവെ,  മൂന്ന് യുവാക്കൾ മോട്ടോർ സൈക്കിളിൽ അവളെ പിന്തുടർന്നു. ഭാർഗവി നദിക്കടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് അവർ അവളെ തടയുകയും നദീ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു തൂവാല കൊണ്ട് വായ് മൂടിക്കെട്ടി തീകൊളുത്തുകയുമായിരുന്നു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. വസ്ത്രത്തിന് തീപിടിച്ച പെൺകുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. 

ഒഡിഷയിലെ ബാലസോർ ജില്ലയിൽ ഫക്കീർ മോഹൻ കോളേജിലെ ഒരു പ്രൊഫസർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 20 വയസ്സുള്ള കോളജ് വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചതിന് രണ്ടാഴ്ച കഴിഞ്ഞാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദാരുണ മരണം. 

Tags:    
News Summary - Odisha police say no other person is involved in Puri girl burning case; mother s complaint that three people set the fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.