പഞ്ചായത്ത് പ്രമേയം പാസാക്കുന്നു

കുടുംബത്തിന്‍റെ സമ്മതമില്ലാതെ ഇനി പ്രണയ വിവാഹം ചെയ്യാൻ അനുവദിക്കില്ല; വിചിത്ര ഉത്തരവുമായി ഒരു ഗ്രാമ പഞ്ചായത്ത്

ഛണ്ഡീഗഢ്: കുടുംബത്തിന്‍റെ അനുമതി ഇല്ലാതെ പ്രണയ വിവാഹം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി ഒരു ഗ്രാമ പഞ്ചായത്ത്. പഞ്ചാബിലെ മൊഹാലി ജില്ലയിൽ മനക്പൂർ ഷരീഫ് പഞ്ചായത്താണ് പ്രമേയം പാസാക്കി വിവാദത്തിലിടം പിടിച്ചിരിക്കുന്നത്.

കുടുംബത്തിന്‍റെ സമ്മതമില്ലാതെയുള്ള വിവാഹം നിരോധിക്കുന്ന ഉത്തരവിൽ ഇവർക്ക് അഭയം നൽകുന്നവർക്ക് ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും പറ‍യുന്നു. ജൂലൈ 31 നാണ് പഞ്ചായത്ത് വിവാദ പ്രമേയം പാസാക്കിയത്.

ഇതൊരു ശിക്ഷാ നടപടിയല്ലെന്നും പാരമ്പര്യവും മൂല്യവും സംരക്ഷിക്കുന്നനതിനുള്ള പ്രതിരോധ നടപടിയാണെന്നുമാണ് സർപാഞ്ച് ധൽവീർ സിങ് പറയുന്നത്. അടുത്തിടെ ഗ്രാമത്തിൽ നിന്നുള്ള ഒരു 26 വയസ്സുകാരൻ തന്‍റെ ബന്ധുവായ പെൺകുട്ടിയെ പ്രണയ വിവാഹം ചെയ്തതിനെ തുടർന്നാണ് നിലവിലെ തീരുമാനമെന്ന് സിങ് പറഞ്ഞു. ദമ്പതികൾ ഗ്രാമം വിട്ടുപോയെങ്കിലും 2000ഓളം വരുന്ന ഗ്രാമവാസികളെ ഇത് ബാധിച്ചുവെന്ന് സിങ് ആരോപിക്കുന്നു

"ഞങ്ങൾ പ്രണയ വിവാഹത്തിന് എതിരല്ല. എന്നാൽ ഇത് ഞങ്ങൾ ഗ്രാമത്തിൽ അനുവദിക്കില്ല." സിങ് പറയുന്നു. ഉത്തരവ് നടപ്പിലാക്കാൻ എല്ലാ ഗ്രാമവാസികളും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നുവെന്ന് സിങ് പറയുന്നു. സമീപ ഗ്രമത്തിലുള്ളവരോടും ഇതേ നയം സ്വീകരിക്കാനും പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ട്.

പഞ്ചായത്ത് പാസാക്കിയ പ്രമേയത്തെ 'താലിബാനി നയം' എന്നാണ് പാട്യാലയിൽ നിന്നുള്ള കോൺഗ്രസ് എം.പി ധരം വീർ ഗാന്ധി വിമർശിക്കുന്നത്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം മൗലികാവകാശം ഉറപ്പു തരുന്നുണ്ടെന്നും, അതിൽ ഇടപെടുന്ന നടപടി രാജ്യം തടയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയത്തിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മൊഹാലിയിലെ അഡീഷണൽ ഡെപ്യൂട്ടി കമീഷണർ സോനം ചൗധരി  പ്രതികരിച്ചു. പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും അവർ പറഞ്ഞു. പ്രമേയം പാസാക്കിയതിനു പിന്നാലെ പ്രണയ വിവാഹം ചെയ്ത ദമ്പതികൾ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ വിവാഹം ചെയ്തതെന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Tags:    
News Summary - Village from Punjab ban love marriage without permission of family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.