പുതുതായി 'ഭവന ജിഹാദ്' ആരോപണവും; മുംബൈയിൽ ഹിന്ദുക്കളുടെ വീടുകൾ മുസ്ലിംകൾ വാങ്ങുന്നുവെന്ന് ആരോപണം

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ചേരി പുനരധിവാസ പദ്ധതികളിൽ ഭവന ജിഹാദ് നടക്കുന്നുവെന്ന ആരോപണവുമായി ഭരണക്ഷിയായ ശിവസേന. ചേരി പുനരധിവാസ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ചില മുസ്ലീം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഇത്തരത്തിൽ 'ഭവന ജിഹാദ്' നടത്തുന്നതായാണ് ആരോപണം.

റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ അവരുടെ സമുദായത്തിലെ അംഗങ്ങളെ ഗുണഭോക്താക്കളുടെ പട്ടികയിൽ ചേർക്കുകയും നഗരത്തിന്റെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നുവെന്നും ശിവസേന വക്താവ് സഞ്ജയ് നിരുപം വാർത്താ സമ്മേളനത്തിനിടെ ആരോപണം ഉന്നയിച്ചു. ഗോവണ്ടി, മാൻഖുർഡ്, കുർള, സാകി നാക, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം.

ചേരി പുനർവികസന പദ്ധതികളിൽ ഹിന്ദുക്കളുടെ വീടുകൾ മുസ്‌ലിംകൾക്ക് നൽകാൻ നിർമാതാക്കൾ ഗൂഢാലോചന നടത്തി. പുനർവികസന പദ്ധതികളിൽ പുതുതായി ചേർത്ത 51 വീടുകളും മുസ്‌ലിംകൾക്ക് അനുവദിച്ചു. ഇതിൽ 30 വീടുകൾ ഒരു നിർമാതാവിന്റെ രണ്ട് ആൺമക്കളുടെ പേരിലാണെന്നും സഞ്ജയ് നിരുപം പറയുന്നു.

'മുമ്പ് ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള വീടുകൾ മുസ്‌ലിംകൾ വാങ്ങിയതിന്റെ ഫലമായി ആ പ്രദേശം മുഴുവൻ ഇപ്പോൾ മുസ്‌ലിം ഭൂരിപക്ഷമായി മാറിയിരിക്കുന്നു. രണ്ടാമത്തെ പദ്ധതിയിൽ തുടക്കത്തിൽ 67 വീടുകളുണ്ടായിരുന്നു. അതിൽ ആറ് മുസ്‌ലിം കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ പിന്നീട് വീടുകളുടെ എണ്ണം 123 ആയി ഉയർന്നു. അധിക യൂണിറ്റുകൾ മുസ്‌ലിംകൾക്ക് വിറ്റു.' സഞ്ജയ് നിരുപം പറഞ്ഞു.

മുൻപ് ആ സ്ഥലത്ത് ഒരു ഗണേശ ക്ഷേത്രവും ദേവി മണ്ഡപത്തിനുള്ള സ്ഥലവും ഉണ്ടായിരുന്നുവെന്നും ഇപ്പോൾ അത് നീക്കം ചെയ്യുകയും ആ സ്ഥലത്ത് ഇപ്പോൾ ഒരു മദ്രസയാണ് ഉള്ളതെന്നുമാണ് ശിവസേന വക്താവിന്‍റെ അവകാശ വാദം. 

Tags:    
News Summary - Shiv Sena alleges ‘housing jihad’ by Muslim developers in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.