കൊച്ചി: ഗാന്ധി പ്രതിമയെ അവഹേളിച്ചെന്ന പരാതിയിൽ പ്രതിയായ നിയമ വിദ്യാർഥിക്കെതിരായ കേസും തുടർ നടപടികളും ഹൈകോടതി റദ്ദാക്കി. വിദ്യാർഥിയുടെ നടപടി ന്യായീകരിക്കത്തക്കതല്ലെങ്കിലും ദേശീയ നേതാക്കളുടെ പ്രതിമയേയും ചിത്രങ്ങളേയും അവഹേളിക്കുന്നത് 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കൽ തടയൽ നിയമത്തിൽ പോലും കുറ്റകരമായി വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്.
ആലുവ ചൂണ്ടി ഭാരത്മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 2023 ഡിസംബർ 21ന് ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ കാമ്പസിനുള്ളിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മൂക്കിൽ പ്രതി കൂളിങ് ഗ്ലാസും കഴുത്തിൽ റീത്തും വച്ച് അപമാനിച്ചുവെന്നാണ് കേസ്. ഗാന്ധിജി മരിച്ചുപോയി എന്ന് വിളിച്ചു പറയുകും ചെയ്തു. ഈ പ്രവൃത്തി വിദ്യാർഥികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിച്ചതിനെ തുടർന്ന് കോളജ് പ്രിൻസിപ്പൽ പ്രതിയെ സസ്പെൻഡ് ചെയ്യുകയും പരാതിയിൻമേൽ എടത്തല പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിലെ അന്തിമ റിപ്പോർട്ടും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികളുമാണ് റദ്ദാക്കിയത്.
മഹാത്മാഗാന്ധിയടക്കം ദേശീയ നേതാക്കളുടെ പ്രതിമയെ അവഹേളിക്കുന്നത് കുറ്റകരമാക്കി കേന്ദ്ര - സംസ്ഥാന നിയമങ്ങളില്ല. ഇത് ലക്ഷ്യമാക്കി സ്വകാര്യ ബിൽ അവതരിപ്പിച്ചെങ്കിലും, പാർലമെന്റിന്റെ അനുമതി ലഭിച്ചില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. ഈ വാദം കോടതി ശരിവെച്ചു.
അതേസമയം, ഇന്ത്യൻ ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നതിനൊപ്പം പൗരന്മാർ ചില കടമകൾ പാലിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ അനുഛേദം 51എ യിൽ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കണമെന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും, വിദേശ ഭരണത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ മോചിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്വാതന്ത്ര്യ സമര സേനാനികളടക്കം ദേശീയ നേതാക്കളെ ബഹുമാനിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അമേരിക്കൻ ചരിത്രകാരനായ വിൽ ഡ്യൂറന്റിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.