സത്യപാൽ മാലിക്

ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു

ശ്രീനഗർ: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്ന് ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു അദ്ദേഹം. സത്യപാൽ മാലിക്കിന്റെ ആരോഗ്യനില ഗുരുതരമാണെന്നറിയിച്ച് ആശുപത്രി അധികൃതർ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.

2018 ആഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെയാണ് മാലിക് ജമ്മുകശ്മീർ ഗവർണറായിരുന്നത്. ഗവർണറായിരിക്കെ കർഷക സമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലിക് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗോവയിലെ ബി.ജെ.പി സർക്കാറിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ചു.

ഭാരതീയ ക്രാന്തിദൾ, ലോക്ദൾ, കോൺഗ്രസ്, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ച മാലിക് 1989–90 ൽ വി.പി.സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു. 2004ൽ ബി.ജെ.പിയിൽ ചേർന്നു. 2012 ലും 2014 ലും ബി.ജെ.പി ദേശീയ ഉപാധ്യക്ഷനായി. പിന്നീട് 2017 മുതൽ 2022 വരെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർ പദവിയിലിരുന്നു.

ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2200 കോടി രൂപയുടെ പ്രവൃത്തികൾ അനുവദിച്ചതിൽ നടന്ന അഴിമതി ആരോപണത്തിൽ സത്യപാൽ മാലിക്കിനും മറ്റ് അഞ്ചുപേർക്കുമെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. 2022ലാണ് അഴിമതിയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർ തനിക്കു 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി മാലിക് തന്നെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു സി.ബി.ഐ കേസെടുത്തത്.

Tags:    
News Summary - Satyapal Malik former J&K governor passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.