അലി അക്ബർ

വ്യത്യസ്തനാമൊരു ‘പത്രക്കാരൻ’ അലി അക്ബറിന് ഫ്രഞ്ച് ഗവൺമെന്റിന്റെ പുരസ്കാരം; സമ്മാനിക്കുന്നത് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ

പാരിസ്: വെറുമൊരു പത്രക്കാരനല്ല അലി അക്ബർ; ഫ്രെഞ്ച് പ്രസിഡന്റിൽ നിന്ന് ആരും കൊതിക്കുന്ന അംഗീകാരം ഏറ്റുവാങ്ങുന്ന ഫാഷൻ നഗരമായ പാരീസിലെ ലാറ്റിൻ ക്വാർട്ടറിലെ എല്ലാവരുടെയും പ്രിയപ്പെട്ട പത്രക്കാരനാണ്. 50 വർഷമായി ഈ നഗരത്തിൽ പത്രം വിതരണം ചെയ്തു എന്ന സ്തുത്യർഹമായ സേവനത്തിനാണ് ഫ്രഞ്ച് ഗവൺമെന്റ് വളരെയധികം വിലപ്പെട്ട ഈ പുരസ്കാരം നൽകുന്നത്. ‘നൈറ്റ് ഓഫ് ദി നാഷണൽ ഓർഡർ’ എന്ന ബഹുമതിയാണ് സെപ്റ്റംബറിൽ ഫ്രഞ്ച് പ്രസിഡന്റ് സമ്മാനിക്കുക.

പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ജനിച്ച അലി അക്ബർ ​ഫ്രാൻസിലെത്തിയശേഷം 1973 ലാണ് പത്രവിതരണം തുടങ്ങിയത്. എന്നാൽ ഇത് ഒരു കാലത്തും അ​ദ്ദേഹത്തിന് വലിയ ധനനസമ്പാദനത്തിനുള്ള മാർഗമായിരുന്നില്ല. കുട്ടികൾക്കായി ഒരു ഹാസ്യ മാഗസിൻ വിതരണം ചെയ്താണ് തുടങ്ങിയത്. സോർബോൺ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലും പരസരത്തുമായിരുന്നു ആദ്യ വിതരണം.

എന്നാൽ നമ്മുടെ നാട്ടിലെപ്പോലുള്ള അംഗീകാരമൊന്നും അന്നും പാരീസിലുണ്ടായിരുന്നില്ല. കാരണം അന്നുതന്നെ അവിടെ ടെലിവിഷൻ വന്നുകഴിഞ്ഞിരുന്നു. അതോടെ വാർത്തകൾക്കായി ആളുകൾ ടെലിവിഷനെ ആശ്രയിച്ചുതുടങ്ങി. എന്നാൽ അതൊന്നും അക്ബറിനെ തളർത്തിയില്ല. അദ്ദേഹം പത്രവിതരണം വിപുലമാക്കി. അന്നുമുതൽ പാരീസെന്ന തലസ്ഥന നഗരത്തിൽ പത്രവിതരണം നിർബാധം തുടർന്നു.

എന്നും രാവിലെ നിറഞ്ഞ ചിരിയോടെയും തമാശകലർന്ന വർത്തമാനത്തോടെയും എത്തിയിരുന്ന അക്ബറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അദ്ദേഹം അങ്ങനെ ഈ നഗരത്തി​ന്റെ ഒരു സജീവസാന്നിധ്യമായി. എന്നാൽ കാലം മാറിയതോടെ വീണ്ടും പത്രങ്ങൾക്കുണ്ടായ തിരിച്ചടി അക്ബറിനെയും ബാധിച്ചു. എന്നാൽ എന്നും പത്രം വായിക്കുന്ന അദ്ദേഹം ഇന്റർനെറ്റ് യുഗത്തിലും പത്രവിതരണക്കാരനായി മാത്രം തുടരുന്നു. ഒരു സോഷ്യൽ മീഡിയയും വായിക്കറില്ല.

ഇന്നത്തെ തലമുറ പത്രങ്ങൾ തുറന്നുനോക്കാറേയില്ല. എന്നാൽ അക്ബറി​ന്റെയടുത്തു നിന്ന് വെറുതെയെങ്കിലും അവർ പത്രം വാങ്ങിക്കുന്നു. ഇന്ന് ​‘ലേ മോണ്ടി’ എന്ന പത്രത്തിന്റെ 20 കോപ്പികൾ മാത്രമാണ് ഇദ്ദേഹം വിൽക്കുന്നത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട പത്രക്കാരനെ നഗരത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന് ലഭിക്കുന്ന മുന്തിയ അംഗീകാരം.

ലോകത്തി​ന്റെ തന്നെ ഫാഷൻ നഗരമായ പാരീസിലെ പല ബുക്ക് സ്റ്റാളുകളും ഇന്ന് ഫാഷൻ സ്റ്റോറുകളായി മാറിക്കഴിഞ്ഞു. പല ലോകപ്രശസ്‍ത എഴുത്തുകാരുടെയും ഉന്നതമായ കൃതികൾ വൻതോതതിൽ വിറ്റുപോയിരുന്ന നഗരവുംകൂടിയായിരുന്നു ഒരുകാലത്ത് ലാറ്റിൻ ക്വാർട്ടർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.