ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തെച്ചൊല്ലിയുള്ള വിവാദത്തിനിടെ, തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാവ’യായി മാറിയെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ശ്രാവണ മാസത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ‘മൗന വ്രതം’ എടുക്കാൻ അദ്ദേഹം തെരഞ്ഞെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തിൽ നടന്ന ഒരു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെ, മോദിയുടെയും ബി.ജെ.പിയുടെയും ഭരണത്തിൻ കീഴിൽ ഭരണഘടന അപകടത്തിലായെന്നും അത് സംരക്ഷിക്കേണ്ടത് ഓരോ കോൺഗ്രസ് നേതാവിന്റെയും പ്രവർത്തകന്റെയും കടമയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘ഇന്ത്യൻ ഭരണഘടന ഒരു നിയമപരമായ രേഖ മാത്രമല്ല. നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് എല്ലാവർക്കും അറിയാം. അത് ഓരോ ഇന്ത്യക്കാരനും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്കുള്ള അവകാശം നൽകുന്നു. എന്നാൽ, ഇന്ന് ഭരണഘടന അപകടത്തിലാണ്. അധികാരത്തിലിരിക്കുന്നവർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകൾ നേടിയിരുന്നെങ്കിൽ അവർ ഭരണഘടന മാറ്റുമായിരുന്നു. എന്നാൽ, ഇത് രാജ്യത്തെ ജനങ്ങളുടെ ശക്തിയാണ്. ‘400 പാർ’ എന്ന് പറയുന്നവരുടെ മുഖത്ത് അവർ ഒരു അടി കൊടുത്തുവെന്നും’ ഖാർഗെ പറഞ്ഞു.
ഇത് കോൺഗ്രസിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതിനുള്ള ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണ്. അദ്ദേഹം ഭരണഘടന ഉപേക്ഷിച്ചില്ല. അത് സംരക്ഷിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. എസ്.ഐ.ആർ പ്രകാരം ബിഹാറിൽ 65 ലക്ഷം വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട അദ്ദേഹം ബി.ജെ.പി ഭരണം ‘മടുത്ത’തിനാൽ കോൺഗ്രസിന് വോട്ടു ചെയ്യുന്ന എല്ലാ ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടവകാശം കമ്മീഷൻ ‘കവർന്നെടുക്കാൻ’ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടർമാരെ ‘മാറ്റി’ എന്ന് ആരോപിച്ച അദ്ദേഹം, രാഹുൽ ഗാന്ധി വിശദീകരിച്ചതുപോലെ കർണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ എങ്ങനെ മാറ്റിയെന്ന് കോൺഗ്രസിന്റെ പക്കൽ ഇപ്പോൾ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.