ഒഡിഷയിൽ യുവാക്കൾ നടുറോഡിൽ വെച്ച് തീകൊളുത്തിയ 15കാരി ചികിത്സയിലിരിക്കെ മരിച്ചു

ഭുവനേശ്വർ: ഒഡിഷയിൽ യുവാക്കൾ നടുറോഡിൽ വെച്ച് തീകൊളുത്തിയ 15കാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. പെൺകുട്ടിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജൂലൈ 19ന് പുരി ജില്ലയിലെ ബലംഗയിൽ ആണ് സംഭവം. പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് 500 മീറ്ററോളം അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് നടക്കവെ, മൂന്ന് യുവാക്കൾ മോട്ടോർ സൈക്കിളിൽ അവളെ പിന്തുടരാൻ തുടങ്ങി.

ഭാർഗവി നദിക്കടുത്തുള്ള വിജനമായ സ്ഥലത്തുവെച്ച് അവർ അവളെ തടയുകയും നദീ തീരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു തൂവാല കൊണ്ട് വായ് മൂടിക്കെട്ടി തീകൊളുത്തുകയായിരുന്നു. തുടർന്ന് അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. വസ്ത്രങ്ങൾക്ക് തീപിടിച്ച പെൺകുട്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. അവിടെയുള്ള വയോധിക തീ കെടുത്തി പ്രഥമശുശ്രൂഷ നൽകി.

‘കുറ്റവാളികൾ തന്നെ നദിക്കരയിലേക്ക് കൊണ്ടുപോയി’ എന്ന് പെൺകുട്ടി പറഞ്ഞതായി വയോധിക പറഞ്ഞു. ‘അവൾ വേദന കൊണ്ട് നിലവിളിച്ചു. കഴുത്ത് മുതൽ കാൽവിരൽ വരെ പൊള്ളലേറ്റിരുന്നു. പക്ഷേ അവളുടെ മുഖത്തിന് ഒന്നും സംഭവിച്ചില്ല’യെന്നും അവർ പറഞ്ഞു.

'എന്റെ മകളോട് സംസാരിക്കാതെ എനിക്ക് അഭിപ്രായം പറയാൻ കഴിയില്ല. അവൾ ആശുപത്രിയിൽ നിന്ന് പുറത്തുവരട്ടെ. ഞങ്ങൾ സമാധാനപ്രിയരാണ്. ആരുമായും ശത്രുതയിലല്ല' എന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങൾക്ക് ശത്രുക്കളില്ലെന്നും എന്തുകൊണ്ടാണ് അവൾ ആക്രമിക്കപ്പെട്ടതെന്ന് അറിയില്ലെന്നുമാണ് പെൺകുട്ടിയുടെ അമ്മാവനും പറഞ്ഞത്.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പരകൾക്കിടെ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനുമേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഉപമുഖ്യമന്ത്രിയായ പ്രവതി പരിദയുടെ നിമാപാര മണ്ഡലത്തിന്റെ ഭാഗമായ പുരി ജില്ലയിലെ ബയാബര ഗ്രാമത്തിലാണ് ഈ ക്രൂരത നടന്നത്.

കുറ്റവാളികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പ്രത്യേക സംഘം രൂപീകരിച്ചതായി പുരി പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര പറഞ്ഞു. ആശുപത്രിയിൽ വെച്ച് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കുപ്പി മണ്ണെണ്ണയും ഒരു വെള്ളി മോതിരവും അവർ കണ്ടെടുത്തു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ബിജു ജനതാദൾ എയിംസിന് മുന്നിൽ പ്രകടനം നടത്തി.

ഒരാഴ്ച മുമ്പ് ബാലസോറിൽ ലൈംഗിക പീഡനത്തിന് ഇരയായ 20 വയസ്സുള്ള കോളജ് വിദ്യാർഥിനി നീതി ലഭിക്കാത്തതിനെ തുടർന്ന് തീകൊളുത്തി മരിച്ച സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധമുയർത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ അതിക്രമം. സർക്കാറിന്റെ നിഷ്ക്രിയത്വവും കുറ്റവാളികളുടെ രാഷ്ട്രീയ സംരക്ഷണവും കാരണം ഒഡിഷ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്തതായി മാറുകയാണെന്ന് മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.

Tags:    
News Summary - 15-year-old girl set on fire by youths in Odisha dies during treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.