സ്കൂൾ കുടിവെള്ള ടാങ്കിൽ വിഷം കലർത്തിയ കേസിൽ അറസ്റ്റിലായവർ
ബംഗളൂരു: മുസ്‌ലിം ഹെഡ്മാസ്റ്ററെ നീക്കം ചെയ്യാൻ 41 നിരപരാധികളായ കുട്ടികളെ കൊല്ലാൻ ശ്രമിച്ച പ്രവൃത്തി പൊതുസമൂഹത്തിന് അപമാനമാണെന്ന് എസ്.ഐ.ഒ കർണാടക സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു. മുസ്‌ലിം ഹെഡ്മാസ്റ്ററെ സ്ഥാനത്തുനിന്ന് നീക്കുക എന്ന ലക്ഷ്യത്തോടെ വർഗീയ വിദ്വേഷം തീർക്കാൻ ചെയ്ത ഞെട്ടിക്കുന്ന പ്രവൃത്തി അങ്ങേയറ്റം അപലപനീയമാണ്. സവദത്തി താലൂക്കിലെ ഹൂലികട്ടി ഗ്രാമത്തിലെ ഗവ. ലോവർ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിൽ എസ്.ഐ.ഒ ആശങ്ക പ്രകടിപ്പിച്ചു.
സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയത് കുട്ടികളെ ദ്രോഹിക്കാനും ഹെഡ്മാസ്റ്റർ സുലൈമാൻ ഗോരിനായകിനെ അദ്ദേഹത്തിന്റെ മതപരമായ വ്യക്തിത്വം കാരണം അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഹീനമായ ഗൂഢാലോചനയാണ്. നിരപരാധികളായ കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തലത്തിലേക്ക് വർഗീയ വിദ്വേഷം അധഃപതിച്ചിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ് -പ്രസ്താവനയിൽ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ സംഘടന സ്വാഗതം ചെയ്തു. കർണാടക സർക്കാർ വിഷയം ഗൗരവമായി കാണണമെന്നും കർശനമായ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ഒരിക്കലും ആവർത്തിക്കാതിരിക്കാൻ ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം. ദുരിതബാധിതരായ കുട്ടികൾക്ക് ശരിയായ വൈദ്യസഹായം നൽകണമെന്നും അവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ജൂലൈ 14 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുസ്‍ലിം പ്രധാനാധ്യാപകനെ സ്ഥലം മാറ്റാൻ സ്കൂളിലെ കുടിവെള്ള ടാങ്കിൽ മൂന്നംഗസംഘം വിഷം കലർത്തുകയായിരുന്നു. ഈ വെള്ളം കുടിച്ചതിനെ തുടർന്ന് 13 സ്കൂൾ കുട്ടികൾ രോഗബാധിതരായി. ചികിത്സ തേടി. സംഭവത്തിൽ കൃഷ്ണ മദർ, സാഗർ പാട്ടീൽ, നാഗനഗൗഡ പാട്ടീൽ എന്നിവരെ അറസ്റ്റ് ചെയ്തതായി ബെലഗാവി പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് അറിയിച്ചു. മൂവരും ഹിൻഡാൽഗ ജയിലിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.