പ്രതീകാത്മക ചിത്രം

ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയം; കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി

കൊൽക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എൻ.ആർ.സി) അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് വയോധികൻ ആത്മഹത്യ ചെയ്തു. ദിലീപ് കുമാർ സാഹ എന്നയാളാണ് കൊൽക്കത്തയിൽ ജീവനൊടുക്കിയത്. ഇന്ന് രാവിലെ, ഭാര്യ പലതവണ വിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഓഫിസർ പറഞ്ഞു.

എൻ.ആർ.സി നടപ്പിലാക്കിയാൽ തന്നെ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന കടുത്ത ആശങ്കയിലായിരുന്നു വയോധികനെന്ന് ഭാര്യ ആരതി സാഹ പറഞ്ഞു. ‘കുറച്ചു കാലമായി ഇതുമായി ബന്ധപ്പെട്ട് ദിലീപ് കടുത്ത സമ്മർദത്തിലായിരുന്നു. മറ്റ് ടെൻഷനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് അയാൾ കൊൽക്കത്തയിൽ എത്തിയതാണ്. അതിനാൽ ബംഗ്ലാദേശിൽ അയാൾക്ക് ആരുമില്ല. തിരിച്ചയക്കുമെന്ന് ദിലീപ് ഭയപ്പെട്ടിരുന്നു. അയാളുടെ കൈവശം വോട്ടർ ഐ.ഡി കാർഡും മറ്റ് രേഖകളും ഉണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഈ ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എൻ.ആർ.സിയെക്കുറിച്ചുള്ള ഭയമാണോ ആത്മഹത്യക്ക് കാരണമെന്ന് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

1972 ൽ ധാക്കയിലെ നവാബ്ഗഞ്ചിൽ നിന്ന് കൊൽക്കത്തയിൽ എത്തിയതാണ് ദിലീപ് കുമാർ സാഹ. കൊൽക്കത്തയിലാണ് സാഹ താമസിച്ചിരുന്നത്. തെക്കൻ കൊൽക്കത്തയിലെ ധക്കുരിയയിലുള്ള സ്വകാര്യ സ്കൂളിൽ അനധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു.

പ്രാദേശിക എം.എൽ.എയും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ അരൂപ് ബിശ്വാസ് കുടുംബത്തെ സന്ദർശിക്കുകയും സാഹയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Tags:    
News Summary - Feared Being Deported Family Of Man Found Dead At Kolkata House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.