ഭോപാൽ: മതപരിവർത്തനം നടത്താനും വിവാഹം കഴിക്കാനും തയാറാകാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ നവരയിൽ 35 കാരി ക്രൂരമായി കൊല്ലപ്പെട്ടു. ഭാഗ്യശ്രീ നംദേവ് ധനുകിനെയാണ് സ്വന്തം വീട്ടിൽ കയറി ശൈഖ് റയീസ്(42) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴുത്തറുത്തതിന് പിന്നാലെ യുവതിയുടെ ശരീരത്തിൽ നിരവധി തവണ ഇയാൾ കത്തികൊണ്ട് കുത്തുകയും ചെയ്തു. മരിച്ചെന്നുറപ്പിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
റയീസ് മുമ്പും പലതവണ ഭാഗ്യശ്രീയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സഹോദരി സുഭദ്ര ഭായ് പൊലീസിനോട് പറഞ്ഞു. മതപരിവർത്തനം നടത്തി തന്നെ വിവാഹം കഴിക്കാനും ഭാഗ്യശ്രീയെ റയീസ് സമ്മർദം ചെലുത്തിയതായും അവർ ആരോപിച്ചു. എന്നാൽ മതപരിവർത്തനത്തിന് ഭാഗ്യശ്രീ തയാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയിൽ യുവതിയുടെ വീട്ടിൽ കയറിയാണ് റയീസ് കൃത്യം നടത്തിയത്.
പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ലൗ ജിഹാദ് ആരോപിച്ച് തീവ്രഹിന്ദുവിഭാഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. പൊലീസ് അനാസ്ഥയാണ് നടന്നിരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മൂന്നുനാലു ദിവസം മുമ്പ് യുവതി റയീസിനെതിരെ പരാതിയുമായി നെപാംഗർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇയാളെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. കൊലപാതകിക്ക് വധശിക്ഷ നൽകണമെന്നും ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു.
യുവതിയുടെ വീട് സന്ദർശിച്ച മുൻ മന്ത്രി അർച്ചന ചിത്നിസ് അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.