ദിവ്യ സ്പന്ദന

ദിവ്യ സ്പന്ദനക്ക് സമൂഹമാധ്യമത്തിൽ ബലാത്സംഗ ഭീഷണി; രണ്ട് പേർ അറസ്റ്റിൽ

ബംഗളൂരു: നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന(രമ്യ)യെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തവർ അറസ്റ്റിൽ. നടിക്കെതിരെ അസഭ്യ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത രണ്ട് പേരെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

തന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്ക് മറുപടിയായി അധിക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 28ന് ബംഗളൂരു പൊലീസ് കമീഷണർക്ക് രമ്യ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതിൽ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉൾപ്പെടുന്നുണ്ട്.

കന്നഡ നടൻ ദർശൻ ഒന്നാം പ്രതിയായ രേണുകസ്വാമി കൊലപാതക കേസിൽ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ പിന്തുണച്ച് രമ്യ പോസ്റ്റിട്ടതോടെയാണ് സൈബർ ആക്രമണം ആരംഭിച്ചത്. ഇരയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് രമ്യ ആവശ്യപ്പെട്ടു. നടിയുടെ പോസ്റ്റുകൾക്ക് നിരവധി ഉപയോക്താക്കൾ സ്ത്രീവിരുദ്ധവും, അശ്ലീലവും, ഭീഷണിപ്പെടുത്തുന്നതുമായ കമന്റുകൾ നൽകിയാണ് പ്രതികരിച്ചത്.

രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റകരമായ ഉള്ളടക്കത്തിന് ഉത്തരവാദികളായ നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തുകയും ചെയ്തു. ഇപ്പോൾ അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. അപകീർത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 48ലധികം അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

Tags:    
News Summary - 2 Arrested For Online Death, Rape Threats To Actor Divya Spandana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.