മുംബൈ: ‘ജവാൻ’ എന്ന ചിത്രത്തിന് ദേശീയ അവാർഡ് നേടിയ ബോളിവുഡ് താരം ഷാരൂഖ് ഖാന് ശശി തരൂരിൽനിന്ന് ഒരു അഭിനന്ദന സന്ദേശം ലഭിച്ചു. പതിവിനു വിപരീതമായി തരൂരിന്റെ കുറിപ്പ് ഹ്രസ്വവും ഫാൻസി ഭാഷയിൽനിന്ന് മുക്തവുമായിരുന്നു. എന്നാൽ, ഷാരൂഖ് ‘തരൂർ സ്റ്റൈലിൽ’ നർമത്തിൽ ചാലിച്ചു മറുപടി നൽകിയപ്പോൾ അത് സൈബറിടത്തിൽ ട്രെൻഡായി.
തരൂരിന്റെ വിഖ്യാതമായ ‘നീണ്ടവാക്കിനു’ നേർക്ക് ഒരു ഒളിയാക്രമണം നടത്തിയ 59കാരനായ നടൻ ഇങ്ങനെ ട്വീറ്റ് ചെയ്തു. ‘ലളിതമായ പ്രശംസക്ക് നന്ദി മിസ്റ്റർ തരൂർ... ഇതിനേക്കാളും ഗാംഭീര്യവും നീളംകൂടിയതുമായ മറ്റൊന്നും മനസ്സിലാകുമായിരുന്നില്ല... ഹ ഹ.’
‘മാഗ്നിലൊക്വന്റ്, സെസ്ക്വിപിഡേലിയൻ’ എന്നീ ഇംഗ്ലീഷ് വാക്കുകൾ ആയിരുന്നു ഷാരൂഖ് മറുപടിയിൽ ഉപയോഗിച്ചത്.
പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ആരാധകൻ എഴുതി. ‘ഷാരൂഖ് സർ, ഇത്രയും ആകർഷണീയതയോടെ താങ്കൾക്കു മാത്രമേ ഇതിനു കഴിയൂ. ഒറ്റവരിയിൽ ബുദ്ധി, വിനയം, ചാരുത എന്നിവ സമ്മേളിപ്പിച്ചുകൊണ്ട്.’
‘ഷാരൂഖ്, ബുദ്ധിപരമായി കളിച്ചു! ബാദ്ഷാ ഒറ്റ ശ്വാസത്തിൽ ഗാംഭീര്യവും ലാഘവത്വവും പ്രകടിപ്പിക്കുമ്പോൾ, നിഘണ്ടുക്കൾ പോലും നാണം കെട്ടുപോയി. നിങ്ങൾ ‘തരൂരിയന്’ ‘ഖാൻ ഭാഷ്യം’ നൽകി!’ എന്നായിരുന്നു മറ്റൊരു ട്വിറ്റർ ഉപയോക്താവിന്റെ വാക്കുകൾ.
‘എസ്.ആർ.കെ ഒരു നിഘണ്ടുവിനെ കോമഡി സെറ്റാക്കി മാറ്റി. അദ്ദേഹത്തിന്റെ ബുദ്ധിക്കു പോലും ഇപ്പോൾ ഒരു ആരാധകവൃന്ദമുണ്ട്’ -വേറൊരു ‘എക്സ്’ ഉപയോക്താവ് കുറിച്ചു.
എന്താണ് ഷാരൂഖ് ഉപയോഗിച്ച് ‘മാഗ്നിലോക്വന്റ്’ എന്ന വാക്കിന്റെ ഭാഷാർഥമെന്ന് നോക്കാം. ഇതിൽ ഉൾചേർന്നിരിക്കുന്ന ‘ഇലക്ടീവ്’ എന്ന പദം വ്യക്തമായും ബോധ്യപ്പെടുത്താവുന്നതും ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്തതുമായ ഒരു സംസാര രീതിയെ വിവരിക്കുന്നു. ‘സംസാരിക്കുക’ എന്നർഥം വരുന്ന ‘ലോക്കി’ എന്ന ലാറ്റിൻ മൂല പദവുമായും ‘മാഗ്നിലോക്വന്റ്’ ചേർന്നു നിൽക്കുന്നു.
ദൈർഘ്യമേറിയ വാക്കുകളെ സൂചിപ്പിക്കുന്നതാണ് ‘സെസ്ക്വിപിഡേലിയൻ’ എന്ന പദം. ആക്ഷേപഹാസ്യത്തിന് പേരുകേട്ട പുരാതന റോമൻ കവിയായ ഹൊറേസ്, ‘ആർസ് പൊയെറ്റിക്ക’ എന്ന തന്റെ പുസ്തകത്തിൽ ‘സെസ്ക്വിപെഡാലിയ വെർബ’ അഥവാ ‘ഒന്നര അടി നീളമുള്ള വാക്കുകൾ’ ഉപയോഗിക്കുന്നതിനെതിരെ യുവ കവികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യമായി നീളമുള്ള വാക്കുകൾ ഉപയോഗിക്കുന്ന എഴുത്തുകാരെ വിമർശിക്കുന്നതിന് ‘സെസ്ക്വിപെഡാലിയൻ’ എന്ന പദം ഏറെ ഉപകരിക്കുമെന്ന് പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സാഹിത്യ നിരൂപകരും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.