ഷാനവാസിന്റെ മൃതദേഹം തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ എത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന നടനും എം.എൽ.എയുമായ മുകേഷ്
തിരുവനന്തപുരം: വെള്ളിത്തിരയിൽ പ്രേംനസീറിന്റെ അവസാന പിൻഗാമിയും കാലത്തിന്റെ തിരശീലക്ക് പിന്നിൽ മാഞ്ഞു. ചലച്ചിത്രലോകത്ത് ഏറെക്കാലം മലയാളത്തിന്റെ മേൽവിലാസമായിരുന്നു നിത്യഹരിതനായകൻ പ്രംനസീർ. നസീറിനെ കൂടാതെ സഹോദരൻ പ്രേംനവാസും മകൻ ഷാനവാസും കുടംബത്തിൽനിന്ന് സിനിമയിലെത്തി. 1992ൽ പ്രേംനവാസ് വിടവാങ്ങി.
തിരുവനന്തപുരം വഴുതക്കാട് ആകാശവാണിക്ക് സമീപത്തെ കൊർദോൻ ട്രിനിറ്റിയിലെ 2ബി ഫ്ലാറ്റിലായിരുന്നു കുറച്ചുകാലമായി ഷാനവാസ് താമസിച്ചിരുന്നത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോഴും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളുമായും പരിചയക്കാരുമായും സംസാരിക്കാൻ ഷാനവാസിന് ഏറെ ഇഷ്ടമായിരുന്നു. കടുത്ത പ്രമേഹമാണ് സിനിമയിൽനിന്ന് പതുക്കെ പിൻവലിയാൻ കാരണം. നടക്കാൻ ബുദ്ധിമുട്ടുണ്ടായപ്പോൾ ഇരുന്ന് അഭിനയിക്കാൻ തയാറായത് സിനിമയോടുള്ള അഭിനിവേശം മൂലമായിരുന്നു. ‘ജനഗണമന’യിൽ കസേരയിലിരുന്നാണ് അഭിനയിച്ചത്.
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങളിലൂടെ ഷാനവാസിന് മികച്ച തുടക്കം കിട്ടി.
പ്രേംനസീറിന്റെ മകൻ എന്ന മേൽവിലാസം സിനിമയിൽ കാലുറപ്പിക്കാൻ സഹായിച്ചു. ‘ഇവൻ ഒരു സിംഹം’ സിനിമയിൽ പ്രേംനസീറും ഷാനവാസും അച്ഛനും മകനുമായി അഭിനയിച്ചു. പത്തു വർഷംകൊണ്ട് 80ഓളം സിനിമകളിൽ വേഷമിട്ടു.
തുടർന്ന് അഭിനയത്തിന് താൽക്കാലിക അവധി നൽകി ഷാനവാസ് ഷിപ്പിങ് കമ്പനിയിൽ ഉദ്യോഗസ്ഥനായി. 2003ൽ മടങ്ങിയെത്തി മിനി സ്ക്രീനിൽ സജീവമായി. സ്വന്തമായി സിനിമ ഒരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനവാസ് മടങ്ങിയത്.
തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) ഇനി ഓർമ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അന്ത്യോപചാരത്തിനുശേഷം ഷാനവാസിന്റെ ഭൗതികദേഹം പാളയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ 10.30ഓടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ജനപ്രതിനിധികളും സിനിമ, സീരിയൽ താരങ്ങളും ഉൾപ്പെടെ അനേകർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
മലയാളത്തിലും തമിഴിലുമായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഷാനവാസ് സീരിയലുകളിലും സജീവമായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
നീണ്ട ഇടവേളക്കുശേഷം 2011ൽ പുറത്തിറങ്ങിയ ‘ചൈനാ ടൗൺ’ എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ തിരിച്ചെത്തി. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘ജനഗണമന’യിലാണ് ഒടുവിൽ അഭിനയിച്ചത്. പ്രേംനസീറിന്റെ സഹോദരീ പുത്രി ആയിഷ ബീവിയാണ് ഭാര്യ. മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ. മരുമകൾ: ഹന.
തിരുവനന്തപുരം: അനുഗ്രഹീത നടൻ പ്രേംനസീറിന്റെ മകനും അനേകം ചലച്ചിത്രങ്ങളിൽ നായക കഥാപാത്രങ്ങൾ അവതരിപ്പിച്ച് ജനപ്രീതി നേടിയ കലാകാരനുമായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, സി.പി.എം നേതാവ് ഇ.പി. ജയരാജൻ, എം.എൽ.എമാരായ വി. ശശി, അഡ്വ. വി.കെ. പ്രശാന്ത്, എം. വിൻസെന്റ്, വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥ്, എം. വിജയകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി വി. ജോയ് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, നടനും എം.എൽ.എയുമായ മുകേഷ്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർപേഴ്സൻ മധുപാൽ, താരങ്ങളായ മണിയൻപിള്ള രാജു, കാർത്തിക, ദേവൻ, ജോസ്, കുക്കു പരമേശ്വരൻ, നന്ദു, ജലജ, ഭാഗ്യലക്ഷ്മി, ഭീമൻ രഘു, അപ്പഹാജ, അരിസ്റ്റോ സുരേഷ്, പ്രഫ. അലിയാർ, ഷോബി തിലകൻ, സംവിധായകൻ രാജസേനൻ തുടങ്ങിയവർ ഷാനവാസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.