തിരുവനന്തപുരം: സിനിമ കോൺക്ലേവ് വിവാദത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് ഗാനരചയിതാവും നിർമാതാവുമായ ശ്രീകുമാരൻ തമ്പി. അടൂർ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമൊക്കെ നേടിയ വ്യക്തിയാണ്. സിനിമയെടുക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഒന്നരക്കോടി അര്‍ഹര്‍ക്ക് ലഭിക്കണമെന്നാണ് അടൂര്‍ പറഞ്ഞത്. അതില്‍ തെറ്റില്ല. പണം മോഷ്ടിച്ചെന്നോ തിരിമറി നടത്തിയെന്നോ അല്ല ഉദ്ദേശിച്ചത്. അദ്ദേഹം ദലിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടൂരിന്‍റെ ‘ചാല’ പരാമര്‍ശത്തെയും ശ്രീകുമാരന്‍ തമ്പി അനുകൂലിച്ചു. സെക്സ് സീനുകൾ കാണാൻ ഒരുപാടുപേർ ചലച്ചിത്ര മേളകളിൽ വരുന്നുവെന്നത് സത്യമാണ്. ഗായിക പുഷ്‌പവതി പൊയ്‌പ്പാടത്തിന്റെ പ്രതിഷേധത്തെ അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു. ആ സ്‌ത്രീ ആരായാലും പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേടാണ്. ഇടയിൽ കയറി സംസാരിച്ചത് അറിവില്ലായ്മയാണ്. ആളാകാൻ ചെയ്തതാണ്. അവരാരാണെന്ന് അറിയില്ലായിരുന്നു. റെയിൽവേ സ്റ്റേഷനിൽവെച്ച് ഫോട്ടോയെടുക്കാൻ അവർ വന്നപ്പോഴുള്ള പരിചയം മാത്രമാണുള്ളത്. അവരുടെ പാട്ടൊന്നും കേട്ടിട്ടില്ലെന്നും തമ്പി പറഞ്ഞു.
കോട്ടയം: സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം അദ്ദേഹത്തിന്‍റെ ഫ്യൂഡൽ വരേണ്യ മനോഭാവം വെളിപ്പെടുത്തുന്നതാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക മേഖലയിൽ നടക്കുന്ന ജനാധിപത്യവത്കരണത്തിലും അതിന്‍റെ പ്രതിഫലനങ്ങളിലുമുള്ള അസഹിഷ്ണുതയും വിഭ്രാന്തിയുമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം: സിനിമ കോൺക്ലേവിനിടെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ ജാതി അധിക്ഷേപത്തെ തള്ളി ആനി രാജ. താന്‍ ജാതി പറഞ്ഞില്ലെന്നാണ് അടൂരിന്‍റെ വാദം. ജാതിപ്പേര് പറഞ്ഞ് ജാതി പറയണമെന്നില്ല. അതുസംബന്ധിച്ച സൂചനകൾ നൽകുന്ന വർത്തമാനങ്ങള്‍പോലും അംഗീകരിക്കാൻ ആവില്ല. പരിഷ്കൃതസമൂഹം അല്ലേ ഇതെന്നും ആനി രാജ ചോദിച്ചു.
സംസ്ഥാന സര്‍ക്കാറിന്‍റെ കരുതലിന്‍റെ ഭാഗമാണ് സിനിമ മേഖലയിലെ നടപടികളും സാമ്പത്തികസഹായവും. പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരാൻ അവസരം ഒരുക്കുകയാണ് ഇതിലൂടെ. അവസരങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടാകരുതെന്ന നിശ്ചയദാര്‍ഢ്യം തന്നെയാണ് അതിനുപിന്നില്‍.
ചാതുർവർണ്യ വ്യവസ്ഥയില്‍ മുകൾത്തട്ടിലുള്ളവര്‍ മറ്റുള്ളവരെ നോക്കിക്കാണുന്നത് എങ്ങനെയെന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വെളിവാക്കുന്നു. ചിലരുടെ മനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.