ധനുഷ്

ഒരു ചിത്രത്തിന് 20 മുതൽ 35 കോടി വരെ; ധനുഷിന്‍റെ ആസ്തി എത്രയെന്നറിയാം...

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് തമിഴ് നടൻ ധനുഷ്. ദി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം തമിഴ് നടൻ ധനുഷിന്‍റെ ആസ്തി 230 കോടിയാണ്. എന്നാൽ സിനിമ പ്രതിഫലത്തിൽ നിന്ന് മാത്രമല്ല ധനുഷിന്‍റെ സമ്പാദ്യം. ഒ.എൽ.എക്സ്, സെവൻ അപ്പ് പോലുള്ള കമ്പനികളുമായുള്ള മുൻ സഹകരണങ്ങളിൽ നിന്നും കൂടിയാണിത്.

20 വർഷത്തിലധികം സിനിമ രംഗത്തുള്ള ധനുഷ് ഓരോ ചിത്രത്തിനും 20 മുതൽ 35 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ഇന്ത്യ ടി.വി റിപ്പോർട്ട് ചെയ്യുന്നു. റുസ്സോ ബ്രദേഴ്‌സിന്റെ ദി ഗ്രേ മാൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് താരം നാല് കോടി പ്രതിഫലം വാങ്ങിയതായി പറയപ്പെടുന്നു. റയാൻ ഗോസ്ലിങ്, അന ഡി അർമാസ്, ക്രിസ് ഇവാൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ ചെറിയ വേഷമാണ് ധനുഷ് ചെയ്തത്.

ധനുഷിന് ചെന്നൈയിലെ പോയസ് ഗാർഡനിൽ ഒരു വലിയ വീട് സ്വന്തമായുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, താരത്തിന്റെ വീടിന് 150 കോടി രൂപ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഡംബര വാഹനങ്ങളോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമുണ്ട്. ജാഗ്വാർ, ഓഡി, റോൾസ് റോയ്‌സ് ഗോസ്റ്റ്, ബെന്റ്ലി തുടങ്ങിയ കാറുകൾ ധനുഷിന് സ്വന്തമായുണ്ടെന്ന് റിപ്പോർട്ടുണ്ട്.

വെങ്കിടേഷ് പ്രഭു കസ്തൂരി രാജ എന്നാണ് ധനുഷിന്‍റെ യഥാർഥ പേര്. സംവിധായകനും നിർമാതാവുമായ കസ്തൂരി രാജയുടെയും ഭാര്യ വിജയലക്ഷ്മിയുടെയും മകനാണ്. സംവിധായകനും നടനുമായ സെൽവരാഘവൻ മൂത്ത സഹോദരനാണ്. അദ്ദേഹത്തെ കൂടാതെ ധനുഷിന് രണ്ട് സഹോദരിമാരുമുണ്ട്.

രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്തിനെ ധനുഷ് വിവാഹം കഴിച്ചിരുന്നു. 20 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 നവംബർ 27 ന് ദമ്പതികൾ വിവാഹമോചനം നേടി. ഇവർക്ക് യാത്ര, ലിംഗ എന്നീ രണ്ട് കുട്ടികളുണ്ട്. അഭിനയത്തിൽ മാത്രം ഒതുങ്ങാതെ ഗാനരചയിതാവ്, ഗായകൻ, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Dhanushs net worth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.