അനിൽ അംബാനിയുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്: ബിസ്വാൾ ട്രേഡ്‌ ലിങ്ക് എം.ഡി എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിൽ

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയും അദ്ദേഹത്തിന്റെ കമ്പനികളും ഉൾപ്പെട്ട 3,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യ അറസ്റ്റ്. ബിസ്വാൾ ട്രേഡ്‌ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബി.ടി.പി.എൽ) മാനേജിങ് ഡയറക്ടർ പാർത്ഥ സാരഥി ബിസ്വാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  കസ്റ്റഡിയിലെടുത്തതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) ബിസ്വാളിനെ അറസ്റ്റ് ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥർ ഉ​ൾപ്പെട്ട കേസിൽ ഏജൻസി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് ആഗസ്റ്റ് 5ന് ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണിത്.  വ്യാജ ബാങ്ക് ഗ്യാരണ്ടിക്കായി സൗകര്യം ഒരുക്കി നൽകിക്കൊണ്ട് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ലിമിറ്റഡിൽ നിന്ന് ബി.ടി.പി.എൽ 5.4 കോടി രൂപ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.  ബി.ടി.പി.എല്ലിന്റെ വഞ്ചനാപരമായ പ്രവർത്തനങ്ങളെ അംബാനിയുടെ കോർപ്പറേറ്റ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് ഈ സാമ്പത്തിക പാത​യെന്ന് ഒരു ഇ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഒഡിഷ ആസ്ഥാനമായുള്ള ബിസ്വാൾ ട്രേഡ്‌ ലിങ്ക് എന്ന കമ്പനി കുറഞ്ഞത് ഏഴ് വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളെങ്കിലും പ്രവർത്തിപ്പിച്ചിരുന്നുവെന്ന് ഏജൻസി കണ്ടെത്തിയതായും കമ്പനി നിർബന്ധിത രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും രേഖകളിൽ ഒപ്പിടാൻ ഡമ്മി ഡയറക്ടർമാരെ ഉപയോഗിച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. 

‘ബി.ടി.പി.എൽ ബിസിനസ് ഗ്രൂപ്പുകൾക്കായി വ്യാജ ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ റാക്കറ്റ് നടത്തിയിരുന്നു.  കമീഷനായി വ്യാജ ബില്ലുകൾ നൽകി സഹായിച്ചു. വെളിപ്പെടുത്താത്ത ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചു. കോടിക്കണക്കിന് രൂപയുടെ സംശയാസ്പദമായ ഇടപാടുകൾ ഈ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഓഫിസ് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയായതിനാൽ കമ്പനി വെറും ഒരു കടലാസ് സ്ഥാപനമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കമ്പനിയുടെ ഭുവനേശ്വറിലെ മൂന്ന് സ്ഥലങ്ങളിലും കൊൽക്കത്തയിലെ ഒരു ‘അസോസിയേറ്റ്’ സ്ഥാപനത്തിലും വെള്ളിയാഴ്ച ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. 8 ശതമാനം കമീഷനു വേണ്ടി വ്യാജ ബാങ്ക് ഗ്യാരണ്ടി നൽകുന്ന പ്രവർത്തനത്തിൽ കമ്പനി ഏർപ്പെട്ടിരുന്നുവെന്ന് ഏജൻസി വൃത്തങ്ങൾ ആരോപിച്ചു. 

അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതിയില്ലാതെ അനിൽ അംബാനി ഇന്ത്യ വിടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു വെള്ളിയാഴ്ച അനിൽ അംബാനിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ആഗസ്റ്റ് 5ന് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജറാകാനും മൊഴി രേഖപ്പെടുത്താനും വ്യവസായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - First arrest in loan case linked to Anil Ambani: Biswal Tradelink MD in ED custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.