മുംബൈ: അഭിനവ് ഭാരത് നിരോധിത സംഘടനയല്ലെന്നും യു.എ.പി.എ പ്രകാരം കേന്ദ്ര സർക്കാർ നിരോധിച്ചിട്ടില്ലെന്നും എൻ.ഐ.എ കോടതി. 2008ലെ മാലേഗാവ് സ്ഫോടന കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിയിലാണ് ഇത് പറഞ്ഞത്. അഭിനവ് ഭാരത് നിരോധിത സംഘടനയല്ലെന്ന് പറയേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞാണ് പരാമർശം.
പുണെ ചാരിറ്റി കമീഷനിൽ രജിസ്റ്റർ ചെയ്തത് പ്രകാരം രാജ്യസ്നേഹവും മതകാര്യങ്ങളും വളർത്തുകയാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറഞ്ഞ കോടതി പ്രജ്ഞ സിങ് ഠാക്കൂർ, സമീർ കുൽകർണി, സുധാകർ ചതുർവേദി എന്നിവർ അതിൽ അംഗങ്ങളല്ലെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ 2007ൽ പ്രസാദ് പുരോഹിത് രൂപംനൽകിയതാണ് അഭിനവ് ഭാരത് എന്നും മറ്റു പ്രതികൾ അതിൽ അംഗങ്ങളാണെന്നുമായിരുന്നു കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസിന്റെ വാദം.
സ്ഫോടന കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സ്വാമി അസിമാനന്ദ, ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ തുടങ്ങിയവരുടെ പേരുപറയാൻ നിർബന്ധിച്ച് എ.ടി.എസ് പീഡിപ്പിച്ചെന്ന സാക്ഷി മിലിന്ദ് ജോഷി റാവു ഉന്നയിച്ച ആരോപണം കോടതി തള്ളി. സ്വമേധയാ അല്ല മൊഴി നൽകിയതെന്നും വിശ്വാസത്തിലെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ മേലുദ്യോഗസ്ഥർ നിർദേശം നൽകിയെന്ന മുൻ എ.ടി.എസ് ഉദ്യോഗസ്ഥൻ മെഹബൂബ് മുസവറിന്റെ ആരോപണവും കോടതി തള്ളി. പിടികിട്ടാപ്പുള്ളികളായ രണ്ടുപേരെ അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്ന എ.ടി.എസിലെ അന്വേഷണ ഉദ്യോഗസ്ഥൻ മോഹൻ കുൽകർണിയുടെ മൊഴി കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.