മുംബൈ: മുംബൈ-കൊൽക്കത്ത വിമാനത്തിൽ സഹയാത്രികനെ മർദിച്ച സംഭവത്തിൽ യാത്രക്കാരന് വിലക്കുമായി ഇൻഡിഗോ എയർലൈൻസ്. കഴിഞ്ഞ ദിവസം ആകാശ മധ്യേ നടന്ന സംഭവ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെയാണ് മർദിച്ച യാത്രക്കാരന് ആജീവനാന്ത യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്തിൽ മോശം പെരുമാറ്റങ്ങൾ തടയുന്നതിനും വേണ്ടിയാണ് നടപടിയെന്ന് ഇൻഡിഗോ എയർലൈൻ അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ചയായിരുന്നു മുംബൈയിൽ നിന്നും കൊൽക്കത്തയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ ഹുസൈൻ അഹമ്മദ് മജുംദാർ സഹയാത്രികന്റെ മർദനത്തിനിരയായത്. കൊൽക്കത്ത സ്വദേശിയായ ഹാഫിസുൽ റഹ്മാൻ എന്നയാളാണ് ആക്രമിച്ചത്. ഇയാളെ കൊൽക്കത്തയിൽ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൊലീസിന് കൈമാറി.
മുംബൈയിലെ ജോലി ചെയ്തിരുന്ന ഹുസൈൻ സിൽച്ചാറിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. ആകാശമധ്യേ ആദ്യ വിമാനയാത്രയുടെ പരിഭ്രാന്തി പ്രകടിപ്പിച്ച ഹുസൈൻ അഹമ്മദിനെ ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈ ദേഹത്ത് തട്ടിയത് സഹയാത്രികനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മർദിച്ചു. സഹയാത്രികരും എയർലൈൻ ക്രൂ അംഗങ്ങളും ഉടൻ തന്നെ ആക്രമണത്തിൽ പ്രതിഷേധിക്കുകയും ശബ്ദം വെക്കുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.
ശനിയാഴ്ച രാവിലെയായിട്ടും ഹുസൈനെ കാണാനില്ലെന്ന പരാതിയുമായി കൂടുംബവും രംഗത്തെത്തിയതോടെ വലിയ വിവാദമായി മാറി. വിമാനത്തിലെ അനിഷ്ട സംഭവത്തോടെ പരിഭ്രാന്തിയിലായ ഹുസൈന് കൊൽക്കത്തയിൽ നിന്ന് സിൽചാറിലേക്കുള്ള കണക്ടിങ് വിമാനവും നഷ്ടമായിരുന്നു. ഫോൻ നഷ്ടമായ ഇയാളുമായി കുടുംബത്തിന് ബന്ധപ്പെടാനും കഴിഞ്ഞില്ലെന്ന് വാർത്തയുണ്ട്.
സിൽച്ചാർ വിമാനത്താവളത്തിൽ അദ്ദേഹത്തെ കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും പൊലീസിൽ പരാതി നൽകിയതായും അറിയിച്ചു.
അതേസമയം, കണക്ഷൻ വിമാനം വിമാനം നഷ്ടമായതോടെ ആശങ്കയിലായ ഹുസൈൻ കൊൽക്കത്ത വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് കസ്റ്റഡിയിലുള്ളതായി അസ്സാമിലെ കച്ചാർ പൊലീസ് സ്ഥിരീകരിച്ചതായി അസ്സാം ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. അതേസമയം, ഹുസൈനുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടിലെന്നും, കുടുംബാംഗങ്ങളും അർബുദബാധിതനായ പിതാവും ഉൾപ്പെടുന്നവർ ആശങ്കയിലാണെന്നും ബന്ധുക്കൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.