പൊലീസ് പ്രജ്വൽ രേവണ്ണയെ കുരുക്കിയത് അതിവിദഗ്ധമായി; അഴിയെണ്ണുന്നത് 47കാരിയായ കർഷകത്തൊഴിലാളിയെ ബലാത്സംഗം ചെയ്ത കേസിൽ

ബംഗളൂരു: ലൈംഗിക പീഡന​ക്കേസിൽ ജെ.ഡി.യു മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് ബംഗളൂരുവിലെ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടെതാണ് വിധി. പ്രജ്വൽ രേവണ്ണ അഴിയെണ്ണുക 47 വയസുള്ള കർഷക ​തൊഴിലാളിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ്. മൂന്നു തവണ തന്നെ പ്രജ്വൽ രേവണ്ണ ബലാത്സംഗത്തിനിരയാക്കിയെന്നായിരുന്നു ഇവരുടെ പരാതി. ഹാസനിലെ ഗാനിക്കടയിലുള്ള ഒരു ഫാംഹൗസിൽ വെച്ച് രണ്ടുതവണയും ബംഗളൂരുവിലെ രേവണ്ണയുടെ കുടുംബ വസതിയിൽ വെച്ച് ഒരു തവണയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2021ലാണ് ബലാത്സംഗം നടന്നത്. ഇതിന്റെ ആയിരക്കണക്കിന് വിഡിയോ ക്ലിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സ്‍ത്രീ പരാതിയുമായി രംഗത്തുവന്നത്. തുടർന്ന് ഐ.പി.എസ് ഓഫിസർ ബി.കെ.സിങിന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചു. പ്രജ്വലിനെതിരെ നാലു ബലാത്സംഗ പരാതികളാണ് ഉയർന്നത്.

അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രജ്വൽ രേവണ്ണ പകർത്തിയാണെന്ന് തെളിയിക്കുകയായിരുന്നു കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട പ്രധാന വെല്ലുവിളി. കാരണം ഒരു ക്ലിപ്പിലും പ്രജ്വലിന്റെ മുഖം വ്യക്തമായിരുന്നില്ല. വിഡിയോ പകർത്തിയയാളുടെ കൈകളും സ്വകാര്യഭാഗങ്ങളും കാണാൻ സാധിക്കുന്നുമുണ്ട്. അതിജീവിതയുടെ മുഖം കാണാനും കഴിയും. രണ്ട് പഠനങ്ങളാണ് പ്രധാനമായും പൊലീസ് കേസ് തെളിയിക്കുന്നതിന് ആശ്രയിച്ചത്.

പ്രതിയുടെ ആളുടെ സ്വകാര്യ ഭാഗങ്ങൾ അയാളുടെ മറ്റ് ശാരീരിക ഭാഗങ്ങളുമായി താരതമ്യപ്പെടുത്തി എങ്ങനെ തിരിച്ചറിയാമെന്ന് ഈ രണ്ട് പഠനങ്ങളിലും പ്രത്യേകം പറയുന്നുണ്ട്. കൈകളുടെയും ജനനേന്ദ്രിയങ്ങളുടെയും ശാരീരിക സവിശേഷതകളെ തിരിച്ചറിയുന്നതിനും താരതമ്യം ചെയ്യുന്നതിനും സാധാരണയായി പല രാജ്യങ്ങളിലും പ്രത്യേകിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഡിയോകളിൽ നടപടി സ്വീകരിക്കാറുണ്ട്. ഈ വിഡിയോകളിൽ സാധാരണയായി കുട്ടിയുടെ ചിത്രങ്ങൾ ഉണ്ടാകും. അതേസമയം ദുരുപയോഗം ചെയ്യുന്നയാളെ ഭാഗികമായി മാത്രമേ കാണാനാകൂ. കൈകളും സ്വകാര്യ ഭാഗങ്ങളും മാത്രമേ വ്യക്തമായി കാണാൻ കഴിയുകയുള്ളൂ.

ക്ലിപ്പുകൾ പ്രചരിച്ചതോടെ പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് രക്ഷപ്പെട്ടു. ​എന്നാൽ മേയ് 31ന് തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. എന്നാൽ ആ സമയത്ത് തന്റെ ചിത്രം പകർത്താൻ പ്രജ്വൽ ആരെയും അനുവദിച്ചില്ല. വൈദ്യപരിശോധനക്കിടെ ​ഇയാളുടെ ചിത്രങ്ങൾ പകർത്താൻ ഡോക്ടർമാരും തയാറായില്ല. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ക്രിമിനൽ നടപടിക്രമ നിയമത്തിലെ (സി.ആർ.പി.സി) സെക്ഷൻ 53 എ പ്രകാരം ജുഡീഷ്യൽ അനുമതി തേടിയതിനെ തുടർന്ന് ഡോക്ടർമാർ വിഡിയോയിൽ കാണുന്ന പ്രജ്വലിന്റെ ശരീരഭാഗങ്ങളുടെ ഫോട്ടോകളെടുത്തു. വിഡിയോയിലും ഈ ഫോട്ടോകളിലും കൈകൾക്കും ജനനേന്ദ്രിയത്തിനും 10 സാമ്യതകൾ പൊലീസ് കണ്ടെത്തി. മാത്രമല്ല, വിഡിയോയിലെ ശബ്ദ സാംപിളിന് പ്രജ്വലിന്റെ ശബ്ദവുമായുള്ള സാമ്യവും കണ്ടെത്തി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രജ്വലിന്റെ ഫാംഹൗസിലും ബംഗളൂരുവിലെ വസതിയി​ലും എത്തി. വിഡിയോയിൽ കണ്ട ദൃശ്യങ്ങൾ ഈ രണ്ട് സ്ഥലങ്ങളിലും വെച്ച് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. മാത്രമല്ല, അതിജീവിതയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഡി.എൻ.എ സാംപിളിന് പ്രജ്വലിന്റെ ഡി.എൻ.എ സാംപിളുമായി സാമ്യമുള്ളതായിരുന്നു.

വിഡിയോ റെക്കോഡ് ചെയ്ത ഫോൺ പ്രജ്വൽ തന്റെ ഡ്രൈവർക്ക് കൈമാറിയിരുന്നു. അതും പൊലീസ് കണ്ടെടുത്തതോടെ വിഡിയോ ചിത്രീകരിച്ചത് പ്രജ്വൽ തന്നെയാണെന്ന് തെളിഞ്ഞു. കേസിൽ ഫോറൻസിക് തെളിവുകൾ ശക്തമായിരുന്നു. അതോടൊപ്പം നിർണായകമായിരുന്നു അതിജീവിതയുടെ മൊഴിയും. ​വിസ്താരത്തിനിടെ പലതവണ പൊട്ടിക്കരഞ്ഞുവെങ്കിലും അതിജീവിത തന്റെ മൊഴിയിൽ ഉറച്ചുനിന്നത് അന്വേഷണസംഘത്തിന് നിർണായക തെളിവായി.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനാണ് പ്രജ്വൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവ് വഴി പ്രചരിച്ചത്. പ്രജ്വല്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഹാസനിൽ പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ പേരിലുള്ള ഫാമിൽ ജോലിക്കാരിയായ 48കാരി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ തെളിവായി നൽകിയത് കോടതി പരിശോധിച്ചിരുന്നു. ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ ജെ.ഡി.എസ് സ്ഥാനാര്‍ഥിയായിരുന്നു പ്രജ്വല്‍. പെൻഡ്രൈവിലൂടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വോട്ടെടുപ്പ് ദിവസം രാത്രി പ്രജ്വല്‍ വിദേശത്തേക്ക് കടന്നു.

Tags:    
News Summary - How did the SIT prove Prajwal Revanna’s guilt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.