ഹരിവംശ് സിങ്, രാജ്നാഥ് സിങ്, നിതീഷ് കുമാർ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി മത്സരിക്കും; എൻ.ഡി.എ പട്ടികയിൽ രാജ്നാഥും നിതീഷും ഹരിവംശ് സിങ്ങും

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി മത്സരിപ്പിക്കുമെന്ന് റിപ്പോർട്ട്. സ്ഥാനാർഥി ആരാകണമെന്നും സഖ്യത്തിലെ ഏത് പാർട്ടിക്കാണ് സ്ഥാനാർഥിത്വം നൽകേണ്ടതെന്നും അന്തിമ തീരുമാനം ആയിട്ടില്ല. എൻ.ഡി.എ സഖ്യത്തിന്‍റെ സ്ഥാനാർഥിക്ക് വിജയിക്കാൻ സാധിക്കുമെങ്കിലും ഏകപക്ഷീയ വിജയം നൽകേണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയെ നിർത്താനുള്ള ആലോചന നടക്കുന്നത്.

കഴിഞ്ഞ തവണത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖറിനെതിരെ ഇൻഡ്യ മുന്നണി സ്ഥാനാർഥിയെ മത്സരിപ്പിച്ചിരുന്നു. കോൺഗ്രസിലെ മാർഗരറ്റ് ആൽവയാണ് സ്ഥാനാർഥിയായത്. പോൾ ചെയ്ത 725 വോട്ടിൽ 182 വോട്ട് മാർഗരറ്റ് ആൽവ നേടി. മാർഗരറ്റ് ആൽവ പരാജയപ്പെട്ടെങ്കിലും എൻ.ഡി.എ സഖ്യത്തിനെതിരെ ശക്തമായ മൽസരം കാഴ്ചവെക്കാൻ ഇൻഡ്യ മുന്നണിക്ക് സാധിച്ചു.

അതേസമയം, എൻ.ഡി.എയുടെ സ്ഥാനാർഥിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി സ്ഥാനാർഥിയെ മൽസരിപ്പിക്കണോ എന്ന ആലോചനലിയാണ് ബി.ജെ.പി നേതൃത്വം. ഭരണഘടന പദവിയായതിനാൽ ബി.ജെ.പിയുടെ മൽസരിക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, ജെ.പി. നദ്ദ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജെ.ഡി.യു നേതാവും രാജ്യസഭ ഉപാധ്യക്ഷനുമായ ഹരിവംശ് നാരായൺ സിങ് അടക്കമുള്ള പേരുകൾ പരിഗണനയിലുണ്ട്. കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന ശശി തരൂർ, ​മുൻ ഗോവ ഗവർണറും കേരളത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമായ ​പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരുടെ പേരുകൾ മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു.

അതിനിടെ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ ഒമ്പതിനാണ് നടക്കുക. നി​ല​വി​ലെ ക​ക്ഷി​നി​ല പ്ര​കാ​രം എ​ൻ.​ഡി.​എ​ക്ക് ലോ​ക്സ​ഭ​യി​ൽ 293ഉം ​രാ​ജ്യ​സ​ഭ​യി​ൽ 133ഉം ​എം.​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്. മ​റു​ഭാ​ഗ​ത്ത് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് യ​ഥാ​ക്ര​മം 234ഉം 78​ഉം എം.​പി​മാ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്. മ​റ്റു​ള്ള​വ​ർ ഇ​രു​സ​ഭ​ക​ളി​ലു​മാ​യി ആ​കെ 44 പേ​രാ​ണു​ള്ള​ത്. അ​തി​നാ​ൽ സ്വ​ന്തം നി​ല​ക്കു​ത​ന്നെ ഉ​പ​രാ​ഷ്ട്ര​പ​തി​യെ തെ​ര​​ഞ്ഞെ​ടു​ക്കാ​ൻ എ​ൻ.​ഡി.​എ​ക്ക് ക​ഴി​യും.

ലോക്സഭയിലെയും രാജ്യസഭകളിലെയും അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുന്നത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്.

വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 2022 ആഗസ്റ്റിൽ ഇന്ത്യയുടെ 16-ാമത് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റ ജഗ്ദീപ് ധൻകർ ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടി ജൂലൈ 21നാണ് സ്ഥാനം രാജിവെച്ചത്. ധൻകറിന്‍റെ രാജിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണം കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നുണ്ട്.

Tags:    
News Summary - India Aligns move to field candidate in Vice Presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.