തീരുവ ഭീതിയിൽ ഇന്ത്യ

ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് വെള്ളിയാഴ്ച മുതൽ 25 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപി​െന്റ പ്രഖ്യാപനം രാജ്യത്തെ വ്യവസായങ്ങൾക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. വിവിധ ഉൽപാദന മേഖലകളെ തീരുമാനം പ്രതികൂലമായി ബാധിക്കും. രാജ്യത്തി​െന്റ കയറ്റുമതി വരുമാനത്തിനും തീരുമാനം തിരിച്ചടിയാകും. തീരുവ സംബന്ധിച്ച പ്രധാന വസ്തുതകൾ:

എന്താണ് തീരുവ?

ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടിയാണിത്. ഇറക്കുമതി ചെയ്യുന്നവരാണ് ഈ തീരുവ സർക്കാറിന് നൽകേണ്ടത്. സാധാരണഗതിയിൽ, കമ്പനികൾ അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നു. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കും. കൂടുതൽ പേർ തൊഴിലെടുക്കുന്ന മേഖലകളായ വസ്ത്രങ്ങൾ, ​പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, പരവതാനികൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയെ തീരുവ പ്രതികൂലമായി ബാധിക്കും.

ഇന്ത്യക്കുള്ള തീരുവ:

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനുപുറമേ, റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് എത്രയായിരിക്കുമെന്നും ഏത് രീതിയിൽ നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. വൈറ്റ്ഹൗസ് പുറത്തിറക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുമെന്നാണ് കരുതുന്നത്. കൂടാതെ, ഉരുക്കിനും അലൂമിനിയത്തിനും ഏർപ്പെടുത്തിയ 50 ശതമാനം തീരുവയും വാഹനങ്ങൾക്കും വാഹന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയ 25 ശതമാനം തീരുവയും നിലവിലുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിലുള്ള തീരുവക്ക് പുറമേയായിരിക്കും പുതിയ തീരുവ ഈടാക്കുന്നത്. ഉദാഹരണത്തിന്, വസ്ത്രങ്ങൾക്ക് 6-9 ശതമാനമാണ് നിലവിലെ തീരുവ. പുതുതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ചേരുന്നതോടെ ഇത് 31-34 ശതമാനമായി ഉയരും. ഇതിന് പുറമെ പിഴയും ഉണ്ടാകും.

എന്തുകൊണ്ട് യു.എസ് തീരുവ?

ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ഗണ്യമായ കമ്മിയുണ്ടെന്നാണ് യു.എസ് പറയുന്നത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവയാണ് ഇതിന് കാരണമെന്നും അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും അമേരിക്ക ആരോപിക്കുന്നു.

ഉഭയകക്ഷി വ്യാപാരം

2021-25 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു അമേരിക്ക. ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 18 ശതമാനവും അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ ഇറക്കുമതിയിൽ 6.22 ശതമാനമാണ് അമേരിക്കയിൽനിന്നുള്ളത്. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 18600 കോടി ഡോളറായിരുന്നു. (8650 കോടി ഡോളറി​െന്റ കയറ്റുമതിയും 4530 കോടി ഡോളറി​െന്റ ഇറക്കുമതിയും). കഴിഞ്ഞ വർഷം 4100 കോടി ഡോളറി​െന്റ വ്യാപാരമിച്ചമാണ് ഇന്ത്യക്കുണ്ടായത്. (ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ വ്യത്യാസം). അതേസമയം, വിദ്യാഭ്യാസം, ഡിജിറ്റൽ സേവനങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, റോയൽറ്റി, ആയുധ വ്യാപാരം തുടങ്ങിയവ പരിഗണിക്കുമ്പോൾ അമേരിക്കക്ക് 3500-4000 കോടി ഡോളറി​െന്റ വ്യാപാര മിച്ചമാണുള്ളത്.

ഇന്ത്യ-യു.എസ് പ്രധാന വ്യാപാര ഉൽപന്നങ്ങൾ (കോടി ഡോളറിൽ)

● കഴിഞ്ഞ വർഷം ഇന്ത്യ ഏറ്റവുമധികം കയറ്റുമതി നടത്തിയത് മരുന്ന് ഉൽപന്നങ്ങൾ: 810

● ടെലികോം ഉപകരണങ്ങൾ: 650

● രത്നങ്ങൾ : 530

● പെട്രോളിയം ഉൽപന്നങ്ങൾ: 410

● വാഹനങ്ങളും വാഹനഭാഗങ്ങളും: 280

● സ്വർണം ഉൾപ്പെടെ ആഭരണങ്ങൾ:320

● കോട്ടൺ റെഡിമെയ്ഡ് വസ്ത്രങ്ങൾ: 280

● ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങൾ :270

യു.എസും ചുമത്തുന്നു

പാലുൽപന്നങ്ങൾ (188 ശതമാനം), പഴങ്ങളും പച്ചക്കറികളും (132 ശതമാനം), കാപ്പി, ചായ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ (53 ശതമാനം), ധാന്യങ്ങൾ (193 ശതമാനം), എണ്ണക്കുരുക്കൾ, കൊഴുപ്പുകൾ, എണ്ണകൾ (164 ശതമാനം), പാനീയങ്ങൾ, പുകയില (150 ശതമാനം), ധാതുക്കൾ, ലോഹങ്ങൾ (187 ശതമാനം), രാസവസ്തുക്കൾ (56 ശതമാനം) തുടങ്ങിയ ഇനങ്ങൾക്ക് യു.എസും ഉയർന്ന തീരുവ ചുമത്തുന്നുണ്ട്.

തീരുവ ഭീതിയിൽടെലികോം -25 ശതമാനം, ആഭരണങ്ങൾ, രത്നങ്ങൾ - 30-38.5 ശതമാനം (നിലവിൽ 5-13.5 ശതമാനം); ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ - 29-30 ശതമാനം (നിലവിൽ 14-15 ശതമാനം); വസ്ത്രങ്ങൾ 37 ശതമാനം (നിലവിൽ 12 ശതമാനം). ഇതിനുപുറമെ പിഴയും ഈടാക്കിയേക്കാം.

Tags:    
News Summary - americas tarrif impose over india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.