അഫ്ഗാൻ ഭക്ഷ്യ ക്ഷാമം
കാബൂൾ: ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ സുരക്ഷയില്ലാത്ത രാജ്യം അഫ്ഗാനിസ്ഥാനെന്ന് എഫ്.എ.ഒ റിപ്പോർട്ട്. രാജ്യത്ത് ഭക്ഷ്യ സഹായം ആവശ്യമുള്ള 12 മില്യൺ ആളുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 75 ശതമാനം വരുമിത്. എഫ്.എ.ഒ പുറത്തു വിട്ട വിശപ്പ് സൂചികയിലാണ് കണക്കുകളുളളത്.
53 രാജ്യങ്ങളിലായി 295 മില്യൺ ആളുകൾ കടുത്ത പട്ടിണിയിലാണെന്ന് റിപ്പോർട്ട് പറയുന്നു. 2023നെ അപേക്ഷിച്ച് 13 മില്യൺ ആളുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ കഴിഞ്ഞാൽ പട്ടിണി ഏറ്റവും കൂടുതൽ ഭക്ഷ്യ പ്രതിസന്ധി ബാധിച്ച രാജ്യങ്ങൾ എത്യോപ്യയും, നൈജീരിയയും കോങ്കോയും സിറിയയും യെമനുമാണ്.
രാഷ്ട്രീയ അട്ടിമറിയും മാനുഷിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും ഒക്കെ കാരണം പ്രതിസന്ധി അനുഭവിക്കുന്ന അഫ്ഗാൻ 2016 മുതൽ വിശപ്പ് സൂചികയിൽ മുൻ നിരയിലാണ്. കടുത്ത ദാരിദ്ര്യമാണ് അഫ്ഗാനെ ഗുരുതര ഭക്ഷ്യ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ കാരണം. ഇറാനിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള 10 ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനത രാജ്യത്തേക്ക് തിരികെ വന്നതും വിദേശ സഹായങ്ങൾ കുറഞ്ഞതും സാമ്പത്തിക നിയന്ത്രണങ്ങളും ലക്ഷക്കണക്കിന് ആളുകളെ ദാരരിദ്യ രേഖക്ക് താഴേക്ക് തള്ളി വിട്ടു.
യു.എൻ റിപ്പോർട്ടു പ്രകാരം 75 ശതമാനം വരുന്ന അഫ്ഗാൻ ജനത ദൈനംദിന ജീവിതാവശ്യങ്ങൾക്കുപോലും കടുത്ത പ്രതിസന്ധി നേരിടുകയാണ്. അതിൽ തന്നെ അടിയന്തിരമായി ഭക്ഷ്യ സഹായം ആവശ്യമുള്ള 12 മില്യൺ ജനതയാണുള്ളത്.
അടിക്കടിയുള്ള വരൾച്ചയും വ്യാപകമായ തൊഴിലില്ലായ്മയും വിള നാശവും അഫ്ഗാന്‍റെ ആഭ്യന്തര ഭക്ഷ്യ ഉൽപ്പാദനത്തെ തകിടം മറിച്ചിട്ടുണ്ട്. ഗോർ, ബദക്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വരൾച്ച മൂലം കൃഷിയും കന്നുകാലി സമ്പത്തുമെല്ലാം നശിച്ചു. ഗ്രാമീണ ജനതയുടെ പ്രധാന വരുമാന സ്രോതസ്സായിരുന്നു ഇവ.
തൊഴിലിലും വിദ്യാഭ്യാസത്തിലും സ്ത്രീകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും രാജ്യത്തെ പിറകോട്ടടിച്ചു. അടിയന്തിരമായി സഹായങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ രാജ്യത്ത് പട്ടിണി മരണങ്ങൾ വർധിക്കുമെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.