കലകപ്പ നിഡഗുണ്ടി
ബംഗളൂരു: കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡിലെ (കെ.ആർ.ഐ.ഡി.എൽ) മുൻ ക്ലർക്കിന്റെ വസതിയിൽ ലോകായുക്ത ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 30 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തി. കൊപ്പലിൽ ജോലി ചെയ്തിരുന്ന കലകപ്പ നിഡഗുണ്ടിക്ക് 15,000 രൂപ മാത്രമായിരുന്നു മാസ ശമ്പളമുണ്ടായിരുന്നത്. എന്നാൽ റെയ്‌ഡിൽ അദ്ദേഹത്തിന് 24 വീടുകളും 40 ഏക്കർ കൃഷിഭൂമിയും സ്വന്തമായിട്ടുണ്ടെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ നാല് വാഹനങ്ങൾ, 350 ഗ്രാം സ്വർണം, 1.5 കിലോ വെള്ളി എന്നിവയും ലോകായുക്ത കണ്ടെടുത്തു.
വീട്ടിൽ നിന്നും പിടിച്ചെടുത്ത ആഭരങ്ങൾ
സ്വത്തുക്കൾ പ്രതിയുടെ ഭാര്യയുടെയും സഹോദരന്റെയും പേരിലായിരുന്നു. പൂർത്തിയാകാത്ത 96 പദ്ധതികളുടെ വ്യാജ രേഖകൾ നിർമിച്ച് നിഡഗുണ്ടിയും കെ.ആർ.ഐ.ഡി.എൽ മുൻ എഞ്ചിനീയറും ചേർന്ന് 72 കോടിയിലധികം രൂപ തട്ടിയെടുത്തതായി നേരത്തെ ആരോപണമുയർന്നിരുന്നു.
വരുമാന സ്രോതസ്സുകൾക്ക് വിരുദ്ധമായി പണം സമ്പാദിച്ചതായി ആരോപിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ ലോകായുക്ത ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഹാസൻ, ചിക്കബലാപുര, ചിത്രദുർഗ, ബംഗളൂരു എന്നിവിടങ്ങളിലെ അഞ്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വസതിയിൽ ലോകായുക്ത ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.
ജൂലൈ 23ന് നടന്ന പരിശോധനയിൽ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരുടെ വസതിയിൽ നിന്നും ഓഫീസിൽ നിന്നുമായി 37.42 കോടി രൂപയുടെ സ്വത്ത് ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു അർബൻ, മൈസൂരു, തുമകുരു, കലബുറഗി, കൊപ്പൽ, കുടക് ജില്ലകളിലെ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 41 സ്ഥലങ്ങളിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്.
റെയ്ഡ് ചെയ്യപ്പെട്ടവരിൽ കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയിൽ (കെ-റൈഡ്) സ്‌പെഷ്യൽ ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ഠിക്കുന്ന ഐ.എ.എസ് ഓഫീസർ വാസന്തി അമർ ബിവിയും ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു സബ്-അർബൻ റെയിൽവേ പ്രൊജക്ടിന്റെ (ബി.എസ്.ആർ.പി) ഭാഗമായി ഭൂമി ഏറ്റെടുക്കലിന്റെ ഉത്തരവാദിത്തം ഇവർക്കായിരുന്നു.
അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് വീടുകളിൽ നിന്ന് 7.4 കോടി രൂപയും മൂന്ന് ഏക്കർ കൃഷിഭൂമിയുടെ രേഖകളും 12 ലക്ഷം രൂപയുടെ ആഭരണങ്ങളും 90 ലക്ഷം രൂപയുടെ വാഹനങ്ങളും കണ്ടെത്തി. ഈ പരിശോധനയിൽ മാത്രമായി 9.03 കോടി രൂപയുടെ സ്വത്തുക്കൾ ലോകായുക്ത കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.