ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധ മതപരിവർത്തനവും ആരോപിച്ച് ഛത്തിസ്ഗഢിലെ ബി.ജെ.പി സർക്കാർ ജയിലിലടച്ച മലയാളി കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുടെ മോചനം നീളുന്നതിനിടെ, മൂന്നാമത്തെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ബിലാസ്പുർ എൻ.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയിൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജാമ്യം കിട്ടുമെന്ന് ഉറപ്പുനൽകിയതിനാൽ പ്രത്യേക കോടതി വിധി പുറപ്പെടുവിക്കുമ്പോൾ അത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീകളും വൈദികരും.
കേസിൽ വാദം പൂർത്തിയാക്കിയതിനാൽ ശനിയാഴ്ച വിധി പറയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച വിധി വന്നില്ലെങ്കിൽ ഞായറാഴ്ച അവധിയായതിനാൽ ജയിൽ വാസം വീണ്ടും നീളും. വിധി പ്രതികൂലമായാൽ നാലാമതൊരു ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിക്കേണ്ടി വരും. സാധാരണ ഗതിയിൽ 14 ദിവസത്തെ റിമാൻഡ് കഴിഞ്ഞാൽ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. എന്നാൽ, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ് എന്ന വാദം ഉയര്‍ത്തിയാണ് പ്രോസിക്യൂഷന് കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ക്രിസ്ത്യൻ സമുദായത്തിന്റെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം കനക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹിയിലുള്ള ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പാർലമെൻറ് മന്ദിരത്തിലെത്തിയായിരുന്നു ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഇരുവരെയും കണ്ടത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കൂടിക്കാഴ്ചക്കുമുമ്പ് പ്രതികരിച്ച മുഖ്യമന്ത്രി, കേസ് ഹൈകോടതിയിലാണെന്നും കോടതിയാണ് ഇനി തീരുമാനിക്കേണ്ടതെന്നും കൂടിക്കാഴ്ചക്കുശേഷം പ്രതികരിച്ചു. മോദിയെയും അമിത് ഷായെയും കാണും മുമ്പ് ഛത്തിസ്ഗഢ് മുഖ്യമന്ത്രി, കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ നാടായ അബൂജുമാഡ് ഉൾക്കൊള്ളുന്ന ബസ്തർ ലോക്സഭ എം.പി മഹേഷ് കശ്യപിനെ പാർലമെന്റിൽ കണ്ടിരുന്നു. കന്യാസ്ത്രീകൾ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചുവെന്ന് അപ്പോഴും മാധ്യമപ്രവർത്തകർക്ക് മുമ്പാകെ കശ്യപ് ആരോപിച്ചു.
ഛത്തിസ്ഗഢ് സർക്കാറും ബി.ജെ.പി നേതാക്കളും കോടതിയിൽ പ്രോസിക്യൂഷനും കന്യാസ്ത്രീകൾക്കെതിരായ നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുമ്പോഴും അമിത് ഷാ നൽകിയ ഉറപ്പു വിശ്വസിച്ച് ജയിൽമോചനം പ്രതീക്ഷിച്ച് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ രണ്ടു സംഘങ്ങളായി വെവ്വേറെ വെള്ളിയാഴ്ച ഛത്തിസ്ഗഢിലെത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവരാണ് ദുർഗിലെത്തിയത്.
ന്യൂഡൽഹി: മനുഷ്യക്കടത്തിനും നിർബന്ധ മതപരിവർത്തനത്തിനും മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിന് രാഷ്ട്രീയ നിറം നൽകുകയാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് വിമർശിച്ചു. നഴ്സിങ് പരിശീലനവും തുടർന്ന് ജോലിയും വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് നാരായൺപുരിൽനിന്നുള്ള ഒരാൾ മൂന്ന് പെൺകുട്ടികളെയും കന്യാസ്ത്രീകൾക്ക് കൈമാറിയതെന്നും ഇത് മനുഷ്യക്കടത്തും മതപരിവർത്തന ശ്രമവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണിത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിഷയം കോടതിയിലാണ്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.