നിമിഷപ്രിയ: കാന്തപുരത്തിന്‍റേത് അടക്കമുള്ള പ്രതിനിധികളെ യമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകൾക്കായി പുതിയ പ്രതിനിധി സംഘത്തെ അയക്കണമെന്ന നിമിഷപ്രിയ ഇന്‍റർനാഷനൽ ആക്ഷൻ കൗൺസിലിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാരുടെ  അടക്കം ആറ് പ്രതിനിധികളെ അയക്കണമെന്ന ആവശ്യമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തള്ളിയത്.

നിമിഷപ്രിയയുടെ വധശിക്ഷ താൽകാലികമായി നിർത്തിവെക്കുകയും എന്ന് നടപ്പാക്കുമെന്ന് തീയതി പ്രഖ്യാപിക്കാത്തതുമായ സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്കായി പ്രത്യേക പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തിൽ ആറു പേർ ഉണ്ടായിരിക്കണമെന്നും ഇതിൽ കാന്തപുരം, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ എന്നിവയുടെ രണ്ടു വീതം പ്രതിനിധികൾ ഉണ്ടാകണമെന്നുമായിരുന്നു ആവശ്യം.

തുടർന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാൻ കോടതി നിർദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകൾ ഉൾപ്പെട്ട അപേക്ഷ ആക്ഷൻ കൗൺസിൽ കൈമാറുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം തള്ളിയത്.

രണ്ട് കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ആക്ഷൻ കൗൺസിലിന് അയച്ച കത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതിനാൽ പുതിയ മധ്യസ്ഥ സംഘത്തെ സൻഅയിലേക്ക് പോകേണ്ടതില്ല. നിലവിൽ സൻഅയിൽ ഭരണം നടത്തുന്ന വിഭാഗവുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. സൻഅയിലെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ, വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കില്ല.

യമനിലെ സുരക്ഷ കണക്കിലെടുത്താൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആക്ഷൻ കൗൺസിലിന് നൽകിയ കത്തിൽ കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ചർച്ചകൾ അവരുടെ കുടുംബം മാത്രമേ നടത്താവുവെന്ന് കേ​ന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ജൂലൈ 18ന് വ്യക്തമാക്കിയിരുന്നു. പുറത്തുനിന്നുള്ള സംഘടനകളെ ചർച്ചകളിൽ ഉൾപ്പെടുത്തിയാൽ അത് നിമിഷ പ്രിയയുടെ മോചനത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. പുറത്ത് നിന്നുള്ള ഒരാളും നല്ല ഉദ്ദേശത്തോട് കൂടിയാണെങ്കിലും ഈ ചർച്ചകളിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിഅറിയിച്ചു.

കുടുംബത്തിനാണ് നിമിഷപ്രിയയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളത്. അവർ ചർച്ചകൾക്കായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ പുറത്ത് നിന്നുള്ള ആരേയും ചർച്ചകളുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Tags:    
News Summary - Nimisha Priya: The Union Government rejected the request to send representatives including Kanthapuram to Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT