പത്മജ വേണുഗോപാൽ
തൃശ്ശൂർ: തൃശ്ശൂരിലുള്ള മുഴുവന്‍ കോണ്‍ഗ്രസുകാരെയും താന്‍ ഊറ്റികൊണ്ട് പോകുമെന്ന് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. അടുത്ത മാസം കൂടുതൽ ആളുകൾ ബി.ജെ.പിയിലേക്ക് വരും. ഓരോ മാസമായിട്ട് കൊണ്ടുവരാമന്ന് വിചാരിച്ചെന്നും എല്ലാം കൂടിയാവുമ്പോൾ ബുദ്ധിമുട്ടാകുമെന്നും പത്മ വ്യക്തമാക്കി.
തൃശ്ശൂർ കോർപറേഷനിൽ വിവിധ പാർട്ടികളിലായി പ്രവർത്തിച്ചിരുന്ന നേതാക്കൾക്ക് ബി.ജെ.പി അംഗത്വം നൽകുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്മജ വീണ്ടും രംഗത്തെത്തിയത്.
'ഞാൻ ബി.ജെ.പിയിലേക്ക് പോയപ്പോൾ ആരും കൂടെ വന്നില്ലല്ലോ എന്ന് പലരും ചോദിച്ചു. ഞാൻ വിളിച്ച രണ്ട്, മൂന്ന് പേർ കൂടെ വന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ തുടക്കം കുറിച്ചിരിക്കുകയാണ്. ഈ തൃശ്ശൂരിലെ കോൺഗ്രസുകാരെ ഞാൻ മൊത്തമായി ഊറ്റികൊണ്ട് പോകും' -പത്മജ വ്യക്തമാക്കി.
കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുന്ന സ്വഭാവം അച്ഛനിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താൻ പലപ്പോഴും പുറത്ത് പോകേണ്ടി വന്നത്. പ്രവർത്തകരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ തനിക്കുണ്ട്. ധൈര്യമായി ബി.ജെ.പിയിലേക്ക് കടന്നുവരാം. നമ്മുടെ വിഷമം കേൾക്കാനായി പുതിയ പ്രസിഡന്‍റ് ഉണ്ടെന്നും പത്മ വ്യക്തമാക്കി.
പത്ത് കൊല്ലം ചവിട്ടും കുത്തും സഹിച്ചവരാണ്. ഇനി ഈ പീഡനം സഹിക്കേണ്ട. ഏതെങ്കിലും മീറ്റിങ് വിളിച്ചാൽ അവിടെ കോൺഗ്രസ് കൗൺസിലർമാരെ കണ്ടിട്ടുണ്ടോ?. അവർ കാര്യം കഴിഞ്ഞ് പോകും, പിന്നെ അഞ്ച് കൊല്ലം കഴിഞ്ഞേ വരൂ. സ്വന്തം മണ്ഡലത്തിലും ഇതാണ് അവസ്ഥ. കാരണം, മൽസരിക്കുക അടുത്ത പ്രാവശ്യം വേറെ സ്ഥലത്തായിരിക്കും.
ബി.ജെ.പിയിൽ വന്നിട്ട് സ്ഥാനം കിട്ടിയോ എന്നാണ് പലരും ചോദിക്കുന്നത്. താൻ ഇരിക്കാത്ത സ്ഥാനങ്ങളൊന്നുമില്ല. അതിനെക്കാൾ വലുത് കിട്ടാൻ വേണ്ടിയല്ല. മനഃസമാധാനത്തിന് വേണ്ടിയാണ് ബി.ജെ.പിയിൽ ചേർന്നത്. ഇപ്പോൾ മനഃസമാധാനം നല്ല പോലെ ഉണ്ടെന്നും രാതിയിൽ ഉറക്കമുണ്ടെന്നും ടെൻഷനില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.