പിണറായി വിജയൻ

ചലച്ചിത്ര രംഗത്തുള്ളവർ ഈഗോ മാറ്റിവെച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം -പിണറായി വിജയൻ

ചലച്ചിത്ര രംഗത്തുള്ളവർ ഈഗോ മാറ്റിവെച്ച് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചലച്ചിത്ര നയം കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലയാള സിനിമയുടെ വളര്‍ച്ചക്കും വികസനത്തിനുമായി സമഗ്രമായ ചലച്ചിത്ര നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെയും, മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെപ്പാണ് ചലച്ചിത്ര നയ രൂപീകരണവും അതിനായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന കോണ്‍ക്ലേവുമെന്ന് അദ്ദേഹം പറഞ്ഞു.

'ചലച്ചിത്ര രംഗത്തു ധാരാളം സംഘടനകള്‍ ഇപ്പോഴുണ്ട്. സ്വാഭാവികമായും നേതൃതല മത്സരങ്ങളുമുണ്ടാവും. ഈ ഇന്‍ഡസ്ട്രി നിലനിന്നാലേ തങ്ങള്‍ ഉള്ളു എന്ന ബോധത്തോടെ ഈഗോ മാറ്റിവെച്ച് പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നു കൂടി ഓര്‍മിപ്പിക്കട്ടെ' -എന്ന് അദ്ദേഹം പറഞ്ഞു.

സിനിമകളില്‍ ഒരു നിയന്ത്രണവുമില്ലാത്ത നിലയില്‍ വയലന്‍സ് കടന്നുവരുന്നു. പ്രതീകാത്മകമായി അവതരിപ്പിക്കുമ്പോഴാണ് എന്തും കലാത്മകമാവുക. ഇക്കാര്യം ചലച്ചിത്ര സംവിധായകര്‍ ഓര്‍മവെക്കണമെന്നും അതിഭീകര വയലന്‍സിന്റെ ദൃശ്യങ്ങള്‍ കുഞ്ഞുങ്ങളുടെ മനോഘടനയെപ്പോലും വികലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നുപയോഗം പ്രചരിപ്പിക്കുന്നതിനു തുല്യമായ കുറ്റകൃത്യമാണ് അതിനെ മഹത്വവത്ക്കരിച്ച് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങളില്‍ നിന്നു മാത്രമല്ല, ചലച്ചിത്ര രംഗത്തു നിന്നാകെത്തന്നെ മയക്കുമരുന്നുപയോഗം തുടച്ചു നീക്കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദൃഢചിത്തതയോടെ ഇടപെടുന്നുണ്ട്. ചലച്ചിത്ര കലാരംഗത്തുള്ളവര്‍ മാതൃക സൃഷ്ടിക്കുംവിധം ഈ രംഗത്തു പൂർണമായും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 

Tags:    
News Summary - Kerala Film Policy Conclave-Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.