‘പൂക്കാലം’ സിനിമയുടെ പോസ്റ്റർ

പുരസ്കാരത്തിന്‍റെ ‘പൂക്കാല’ത്തിൽ വിജയരാഘവൻ

കൊച്ചി: ‘പൂക്കാല’ത്തിലെ ഇട്ടൂപ്പിന്‍റെ വേഷത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്​ പിന്നാലെ ദേശീയതലത്തിലും അതേ പുരസ്കാരം വിജയരാഘവനെ തേടിയെത്തിയിരിക്കുന്നു. നൂറ്​ വയസ്സുള്ള ഇട്ടൂപ്പ്​ എന്ന പടുവൃദ്ധന്‍റെ സൂക്ഷ്മഭാവങ്ങൾ പകർത്തിയ അഭിനയമികവാണ്​ മലയാള സിനിമയിൽ അരനൂറ്റാണ്ടിന്‍റെ അനുഭവസമ്പത്തുള്ള വിജയരാഘവന്​ ദേശീയ പുരസ്കാരത്തിന്‍റെ തിളക്കം സമ്മാനിച്ചത്​.

എട്ട്​ പതിറ്റാണ്ടിന്‍റെ ദാമ്പത്യജീവിതം പിന്നിടുന്ന ഇട്ടൂപ്പ്​-കൊച്ചുത്രേസ്യ വയോധികരുടെ ആത്മസംഘർഷവും വൈകാരിക അടുപ്പവുമായിരുന്നു ഗണേശ്​ രാജ്​ സംവിധാനംചെയ്​ത സിനിമയുടെ പ്രമേയം. ‘ഇട്ടൂപ്പ്’​ എന്ന കഥാപാത്രമായി മാറാൻ വിജയരാഘവന്​ ഏറെ മുന്നൊരുക്കം വേണ്ടിവന്നു.

ആറുമാസം പൂർണമായി സിനിമക്കായി മാറ്റിവെച്ചു. അരിയാഹാരത്തിൽ മാറ്റംവരുത്തി ശരീരഭാരം ഒന്നരമാസംകൊണ്ട്​ പത്ത്​ കിലോയോളം കുറച്ചു. 100​ വയസ്സുള്ള വയോധികനായി തോന്നിപ്പിക്കാൻ അത്തരമൊരു കഠിനയത്നം അനിവാര്യമായിരുന്നെന്ന്​ വിജയരാഘവൻ പറയുന്നു. റോണക്​സ്​ സേവ്യറുടെ മേക്കപ്​ മികവിൽ നോട്ടത്തിലും ചലനങ്ങളിലും രൂപഭാവങ്ങളിലും അദ്ദേഹം പടുവൃദ്ധനായി മാറി. സിനിമയോടൊപ്പം വിജയരാഘവന്‍റെ വേഷവും നടനമികവും ശ്രദ്ധിക്കപ്പെട്ടു.

‘‘ഇട്ടൂപ്പ്​ എന്ന കഥാപാത്രത്തെ ഏറെ സന്തോഷത്തോടെയാണ്​ സ്വീകരിച്ചത്​. കഥാപാത്രത്തോട്​ നൂറുശതമാനവും നീതി പുലർത്തണമെന്നുണ്ടായിരുന്നു. ‘പൂക്കാലം’ സംവിധായകനോടും നിർമാതാവിനോടും നന്ദി പറയുന്നു. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു എന്നതാണ്​ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്​. അഭിനയിച്ചുകഴിയുമ്പോഴാണല്ലോ​ അവാർഡിന്​ പരിഗണിക്കപ്പെടുന്നത്​. നടൻ എന്ന നിലയിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യുക എന്നത്​ എന്നും സന്തോഷമുള്ള കാര്യമാണ്​.

അത്തരം കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതി അഭിനേതാക്കൾക്ക്​ മാത്രമേ മനസ്സിലാകൂ. പുരസ്കാരങ്ങൾ പ്രതീക്ഷിച്ച കാലമുണ്ടായിരുന്നു. അന്ന്​​ കിട്ടിയിട്ടില്ല. ദേശീയ പുരസ്കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ സന്തോഷത്തോടെ ​നെഞ്ചോട്​ ചേർക്കുന്നു’’ -വിജയരാഘവൻ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്​ പുരസ്കാര വാർത്തയെത്തുമ്പോൾ അദ്ദേഹം ഡബ്ബിങ്ങിനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. 

Tags:    
News Summary - national film awards vijayaraghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.