ആകസ്മിക വിയോഗത്തിൽ ഞെട്ടി, ആശുപത്രിയിലേക്ക് ഓടിയെത്തി സിനിമ ലോകം

കൊച്ചി: നടൻ കലാഭവൻ നവാസിന്‍റെ ആകസ്മിക വിയോഗത്തിൽ ഞെട്ടി, ആശുപത്രിയിലേക്ക് ഓടിയെത്തി സിനിമ ലോകവും സുഹൃത്തുക്കളും. അൽപംമുമ്പ് കണ്ടുപിരിഞ്ഞവരടക്കം ആളുകൾക്ക് വാർത്ത വിശ്വസിക്കാനായില്ല. സഹോദരനും നടനുമായ നിയാസ് ഉൾപ്പെടെയുള്ളവർക്ക് താങ്ങാനാകുന്നതായിരുന്നില്ല വേർപാടിന്‍റെ വാർത്ത. വാർത്തയറിഞ്ഞ് മിമിക്രി കലാകാരന്മാരടക്കം ഓടിയെത്തി.

കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, കെ.എസ്. പ്രസാദ്, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ആശുപത്രിയിലെത്തി. കൈലാഷ്, മണികണ്ഠൻ ആചാരി, പി.പി. കുഞ്ഞികൃഷ്ണൻ, അസീസ്, നടിമാരായ സരയു, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു തുടങ്ങിയവരും ആശുപത്രിയിലെത്തി. നവാസിന്‍റെ കുടുംബാംഗങ്ങളും സ്ഥലത്തെത്തി. നവാസിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് നടനും മിമിക്രി താരവുമായ കെ.എസ്. പ്രസാദ് പറഞ്ഞു. സംഭവമറിഞ്ഞയുടനെ നവാസിന്റെ സഹോദരന്‍ നിയാസിനെ ഫോണില്‍ ബന്ധപ്പെട്ടു. മരണം സ്ഥിരീകരിച്ച കാര്യം നിയാസ് പറഞ്ഞു. ആരോഗ്യം സൂക്ഷിച്ചിരുന്നയാളാണ്. കലാഭവനിലെത്തിയ കാലംമുതൽ ഇന്നോളം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.

തങ്ങളോടൊപ്പം രാവിലെമുതൽ ചിരിച്ചുകളിച്ച് ഇടപഴകി വൈകീട്ട് ആറുമണിയോടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങിയ നവാസ് മരണപ്പെട്ടെന്നറിഞ്ഞ് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പാഞ്ഞെത്തി. ഇത്രയുംദിവസം സിനിമ അനുഭവങ്ങളും വീട്ടുകാര്യങ്ങളുമൊക്കെ പറഞ്ഞ് സന്തോഷത്തോടെ ഒപ്പമുണ്ടായിരുന്ന നവാസ് ഒപ്പമില്ലെന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് നടൻ കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.

ആശുപത്രിയിലെത്തിയ അദ്ദേഹം വിതുമ്പലോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ 25ന് ചിത്രീകരണത്തിനായി സെറ്റിലെത്തിയതായിരുന്നു നവാസ്. രണ്ടുദിവസം ഷൂട്ടിങ്ങില്ലാത്തതിനാൽ വീട്ടിലേക്ക് പോകാനായി മുറിയിലെത്തിയതായിരുന്നു.

Tags:    
News Summary - Shocked by the sudden death of kalabhavan Navas, the film world rushed to the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT