തിരുവനന്തപുരം: എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 24 മണിക്കൂർ ബാക്കിനിൽക്കെ ഒഴിവുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്ത് വകുപ്പുകൾ. റാങ്ക് പട്ടിക അവസാനിക്കുന്ന ജൂലൈ 31ന് 14 ജില്ലകളിലായി 1054 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി പി.എസ്.സി അറിയിച്ചു.
റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവുകളിലേക്കും നിലവിലെ റാങ്ക് പട്ടികയിൽനിന്ന് നിയമന ശിപാർശ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. 14 ജില്ലകളിലുമായി 2022 ആഗസ്റ്റ് ഒന്നിന് നിലവിൽവന്ന റാങ്ക് ലിസ്റ്റുകളിൽ ജൂലൈ 30 വരെ 49 ശതമാനം നിയമന ശിപാർശ മാത്രമാണ് നൽകിയിരുന്നത്.
ഇതുസംബന്ധിച്ച ‘മാധ്യമം’ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ഇടപെടലാണ് റെക്കോഡ് വേഗത്തിൽ ഒഴിവുകൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യിപ്പിച്ചത്. വിവിധ ജില്ലകളിലായി 23,518 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ 11,562 പേർക്കായിരുന്നു ജൂലൈ 30 വരെ നിയമന ശിപാർശ ലഭിച്ചത്. പുതിയ ഒഴിവുകൾ കൂടി വന്നതോടെ 2019ലെ റാങ്ക് ലിസ്റ്റിനേക്കാൾ കൂടുതൽ നിയമന ശിപാർശ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നുണ്ടാകും.
2019ലെ റാങ്ക്പട്ടികയില്‍നിന്ന് 12,069 പേര്‍ക്കാണ് നിയമന ശിപാര്‍ശ നൽകിയത്. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് പട്ടിക കാലാവധി തികയുന്ന സമയത്തും പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഭരണപരിഷ്കാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി റാങ്ക് പട്ടിക അവസാനിക്കുന്ന ജൂലൈ 17ന് 14 ജില്ലകളിലായി എണ്ണൂറിൽപരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ ആഗസ്റ്റ് ഒന്നിന് 14 ജില്ലകളിലുമായി പുതിയ റാങ്ക് ലിസ്റ്റ് നിലവിൽവന്നു. ഇത്തവണ 20,728 പേരാണ് ലിസ്റ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.