പാലക്കാട്: നിർബന്ധിത വകുപ്പുതല പരീക്ഷകൾ ജയിക്കാത്ത 1404 ജീവനക്കാരെ സംരക്ഷിച്ച് അസാധാരണ ഉത്തരവിറക്കി വനം വന്യജീവി വകുപ്പ്. സ്ഥാനക്കയറ്റത്തിന് വകുപ്പ് തല പരീക്ഷകൾ പാസാകേണ്ട എന്ന വ്യാഖ്യാനത്തിൽ സ്ഥാനക്കയറ്റം നൽകിയതായതിനാൽ ‘പൊതുതാൽപര്യം’ മുൻനിർത്തി, അവരുടെ സ്ഥാനക്കയറ്റം ക്രമപ്പെടുത്തുന്നു എന്നാണ് വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവിലുള്ളത്.
സ്പെഷൽ റൂൾ നടപ്പാക്കിയ 2010 മുതൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ഉത്തരവു വരുന്ന 2023 വരെ 1476 പേർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായി പ്രമോഷൻ നേടിയിട്ടുണ്ടെന്നും ഇതിൽ 72 പേർ മാത്രമാണ് ‘പരീക്ഷാ നിബന്ധന’ പാസായിട്ടുള്ളതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ തന്നെ പലരും ഡപ്യൂട്ടി റേഞ്ചറും റേഞ്ചറുമായി ഗസറ്റഡ് തസ്തികയിൽ വരെ എത്തിയിട്ടുണ്ട്. പരീക്ഷകൾ ജയിക്കാത്തത് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയല്ലെന്നു വിലയിരുത്തിയാണ് സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചു പരീക്ഷകൾ പാസാവണമെന്ന വ്യവസ്ഥ ഇളവു ചെയ്തതെന്ന് ഉത്തരവിലുണ്ട്.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ നിന്ന് സെക്‌ഷൻ ഫോറസ്റ്ററാവുന്നവർ മൂന്നു വകുപ്പുതല പരീക്ഷകളും പരിശീലനവും പൂർത്തിയാക്കിയരിക്കണമെന്ന് കെ.എ.ടി ( കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ) ഉത്തരവുണ്ടായിരുന്നു. ഇത് ഹൈക്കോടതിയും അംഗീകരിച്ചു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കെ.എ.ടി വനം ഭരണവിഭാഗം മേധാവിക്ക് കോടതിയലക്ഷ്യ നോട്ടിസ് നൽകിയത് കഴിഞ്ഞ 29നാണ്. ഇതിനു തൊട്ടു പിന്നാലെയാണ് ഈ ക്രമപ്പെടുത്തൽ ഉത്തരവിറങ്ങിയത്.
ഫോറസ്റ്റ് വിശേഷാൽ ചട്ടം നിലവിൽ വന്ന് 15 വർഷത്തിനു ശേഷം അനധികൃത പ്രൊമോഷനുകൾ ക്രമപ്പെടുത്താനായി റൂൾ 39 നെ കൂട്ടുപിടിച്ചാണ് വിചിത്ര ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ഉത്തരവ് വനം വകുപ്പിൽ വ്യാപക പ്രതിഷേധത്തിനാണ് വഴിവച്ചത്. അനധികൃതമായി പ്രമോഷൻ നേടി തസ്തികയിൽ തുടരുന്നവർക്കു വേണ്ടി ഇതുവരെ സർക്കാർ 350 കോടി അധികമായി ചെലവഴിച്ചിട്ടുണ്ടെന്നും പൊതു പണം ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുന്നതല്ലേ യഥാർഥ ‘പൊതുതാൽപര്യം’ എന്നും ജീവനക്കാർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.