സാർ, നിലവാരമില്ലായ്​മയാണ്​ ഇവിടെ മെയിൻ; എൻജി. കോളജുകളിൽ പാസായത് 46.3 ശതമാനം, തൊഴിൽരഹിതർ 28.6 ശതമാനം

പാലക്കാട്: കേരളത്തിലെ പ്രഫഷനൽ വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ച തുറന്നുകാട്ടി പഠനറിപ്പോർട്ട്​. എൻജിനീയറിങ് കോളജുകളിൽ കഴിഞ്ഞ 10 വർഷം പാസായത് 46.3 ശതമാനം മാത്രമാണ്. 19.5 ശതമാനം പേർ കോഴ്സ് പൂർത്തിയാക്കിയില്ല. 34.1 ശതമാനം പേർ കോഴ്സ് കഴിഞ്ഞെങ്കിലും എല്ലാ പരീക്ഷകളും വിജയിച്ചില്ല.

പാസായവരിൽ 28.6 ശതമാനം തൊഴിൽരഹിതർ. ഇവരിൽ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ 35.7 ശതമാനം മാത്രം. ‘കേരള പഠനം 2.0: ഒന്നര ദശാബ്ദത്തിലെ ജനജീവിത മാറ്റങ്ങൾ’ എന്ന ​തലക്കെട്ടിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലാണ്​ ഈ വിവരങ്ങളുള്ളത്​.

2004 മുതൽ 2019 വരെ ഒന്നര പതിറ്റാണ്ടുകാലത്തെ ജനജീവിതമാറ്റങ്ങൾ സംബന്ധിച്ച് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട് തയാറാക്കിയത്. കഴിഞ്ഞ ദിവസമാണ് ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.പി. അരവിന്ദന്റെ നേതൃത്വത്തിൽ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ചെയർപേഴ്സനായ പഠനസമിതി തയാറാക്കിയ റിപ്പോർട്ട് പുറത്തുവിട്ടത്.

എണ്ണം കൂടി, ഗുണം കുറഞ്ഞു

പ്രഫഷനൽ കോഴ്സുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം പഠനനിലവാരത്തിലോ പഠിച്ചിറങ്ങുന്നവരുടെ അക്കാദമിക ഗുണനിലവാരത്തിലോ പ്രതിഫലിക്കുന്നില്ലെന്ന് പഠനസമിതി വിലയിരുത്തുന്നു.

​പ്രഫഷനൽ കോഴ്​സിൽ 8.4 ശതമാനം

  • 18-30 വയസ്സുകാരിൽ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നത് 8.4 ശതമാനം. സാമ്പത്തികശ്രേണിക്കനുസരിച്ച് ശതമാനത്തിൽ വ്യത്യാസം വരും. ഇവരിൽ 62.7 ശതമാനം സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നു.
  • 81.4 ശതമാനവും സംസ്ഥാനത്ത് പഠിക്കുന്നു. 17 ശതമാനം മറ്റു സംസ്ഥാനങ്ങളിലും 1.6 ശതമാനം പുറംരാജ്യങ്ങളിലും.
  • കൂടുതൽ പേർ ചേരുന്നത് എൻജിനീയറിങ് കോഴ്സുകൾക്ക്​- 25.9 ശതമാനം.
  • 64 ശതമാനം പഠനത്തിന് സ്വന്തം പണം ഉപയോഗിക്കുമ്പോൾ കടമെടുക്കുന്നവർ- 24.7 ശതമാനം.
  • (2019 വരെയുള്ള കണക്കാണിത്. അതിനുശേഷം വിദേശ സർവകലാശാലയിലേക്കുള്ള വൻ ഒഴുക്കുണ്ടായത്​ കണക്കിലെടുക്കണം)

പകുതിയിലധികവും ഇംഗ്ലീഷ് മീഡിയത്തിൽ

  • കേരളത്തിലെ പകുതിയിലേറെ വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. ഗവ. സ്കൂളുകളിൽ ഉൾപ്പെ​ടെയുള്ള ഈ മാറ്റം ആശങ്കജനകം
  • 2004ലെ ‘കേരള പഠന’ത്തിൽ ഇംഗ്ലീഷ് മീഡിയത്തി​െൻറ ശതമാനം 29.2 ആയിരുന്നത് ഇപ്പോൾ 54.5 ശതമാനമായി.
  • എല്ലാ സാമ്പത്തിക വിഭാഗങ്ങളിലെ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലുണ്ട്​. സാമ്പത്തിക ഗ്രൂപ്പുകളിൽ താഴെ നിൽക്കുന്നവരിലാണ് കാര്യമായ മാറ്റം പ്രകടം.
  • മുന്നാക്ക ക്രിസ്ത്യാനികൾ, മധ്യകേരളം എന്നീ ഗ്രൂപ്പുകളിൽ 70 ശതമാനത്തിലേറെ ഇംഗ്ലീഷ് മീഡിയത്തെ ആശ്രയിക്കുന്നു.
  • ഗവ. എയ്ഡഡ് സ്കൂളുകളിൽ 35.8 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 44.1 ശതമാനവും ഇംഗ്ലീഷ് മീഡിയമാണ്. 

മംഗ്ലീഷ്​ മീഡിയവും

പൊതുവിദ്യാലയങ്ങളിലെ 54.5 ശതമാനം വിദ്യാർഥികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള വൈദഗ്ധ്യം നേടിയ അധ്യാപകരോ വിഭവങ്ങളോ പല സ്കൂളുകളിലുമില്ല. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ പലതും മലയാളത്തിലാണ് വിശദീകരിക്കുന്നത്.

ഈ മാറ്റങ്ങളുടെ ഭാഗമായി മാതൃഭാഷ അധ്യയന ക്ലാസുകൾ അവഗണിക്കപ്പെടുന്നുവോ എന്നത്​ പരിശോധിക്കപ്പെടണം. പൊതുവിദ്യാലയങ്ങളിൽ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന സമ്പ്രദായം വളരുന്നോ എന്നതും പരിശോധിക്കണം. 

Tags:    
News Summary - 46.3 percent passed in Eng. colleges, 28.6 percent unemployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.